Monday, March 18, 2019

ആദ്യസർക്കാർ ജോലി @ കോടതിയിലെ പ്യൂൺ

ആദ്യസർക്കാർ ജോലി @ കോടതിയിലെ പ്യൂൺ

--------------

2003 ലാണ് പ്യൂൺ ആയി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. അതിനു മുമ്പ് ഒരു വർഷത്തിനടുത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഇൻസ്ട്രക്ടറായി ജോലി ചെയ്തിരുന്നെങ്കിലും അത് എ,പ്ലോയ്മെന്റ് എക്സേഞ്ച് വഴി താൽക്കാലീകമായി കിട്ടിയ ജോലിയായിരുന്നു. സിവിൽ ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിലേക്കാണ് നിയമനമെന്ന് അഡ്വൈസ് മെമ്മോ ലഭിച്ചപ്പോൾ അറിഞ്ഞതു മുതൽ കോടതിയിലെ ജോലിയെ കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കിയിരുന്നു. നിയമനം കോടതിയിലേക്കായിരിക്കുമെങ്കിലും, നിയമനം സബോഡിനേറ്റ് സർവീസ് റൂൾ അനുസരിച്ചായിരിക്കുമെങ്കിലും കോടതിയിലെ പ്യൂൺ ജോലി ജഡ്ജിയുടെ വീട്ടുപണിയായിരിക്കുമെന്ന് അറിഞ്ഞത് അങ്ങനെയാണ്. നീതിപതികളുടെ സവിധത്തിൽ തന്നെ നിയമത്തിലില്ലാത്ത ജോലി !

ആ പോട്ട് പുല്ല് ! എന്തായാലും സർക്കാർ ജോലിയല്ലേ ? വേലക്കാർ ചെയ്യുന്നതും ജോലി തന്നെയല്ലേ ? ഒന്നൊന്നര വർഷം കൊണ്ട് പ്രമോഷൻ കിട്ടുമെന്നല്ലേ കേൾക്കുന്നത് എന്നെല്ലാം ആശ്വസിച്ച് ജോലിക്കു പോകുക തന്നെ എന്നു തീരുമാനിച്ചു. അതിനു മുമ്പ് പലപ്പോഴായി സ്വകാര്യമേഖലയിൽ ജോലി ചെയ്തപ്പോൾ ലഭിച്ചിരുന്ന ശമ്പളവും വിദ്യാഭ്യാസയോഗ്യതയനുസരിച്ച് സർക്കാർ ജോലി കിട്ടാൻ പോകുന്നില്ലായെന്ന തിരിച്ചറിവും സർവ്വോപരി സ്ഥിരം ജോലിയുടെ ആവശ്യകതയും ആ തീരുമാനത്തിനു പിൻബലം നൽകിയിരുന്നു.

നിയമന ഉത്തരവ് പ്രകാരം, സബ് കോടതിയിലേക്ക് നിയോഗിക്കുമ്പോൾ ജില്ലാജഡ്ജി തന്നെ 'പേഴ്സണൽ ഡ്യൂട്ടികൾ ചെയ്യേണ്ടി വരും' എന്ന് ഓർമ്മിപ്പിക്കുകയും ( അതോ മുന്നറിയിപ്പോ ?) ചെയ്തിരുന്നു.

ജീവിതത്തിലാദ്യമായാണ് കോടതി കയറുന്നത്. ജഡ്ജിമാരെ കാണുമ്പോൾ കീഴ്ജീവനക്കാർ എഴുന്നേറ്റ് നിന്ന് തൊഴണം ! ജഡ്ജിമാർ പുറത്തേക്കിറങ്ങുമ്പോൾ അവരുടെ മുൻപേ നടക്കണം ( ഭാഗ്യം - 'ഹൊയ് ഹോയ്' എന്നു കൂവേണ്ട ആചാരം എന്നോ പിൻവലിച്ചിരുന്നെന്ന് തോന്നുന്നു ) എന്നു ദൈവമേ !! എത്ര മനോഹരമായ ആചാരങ്ങൾ !! ജഡ്ജിമാർ പറയുന്ന വീട്ടുജോലികൾ ചെയ്യലാണ് 'പേഴ്സണൽ ഡ്യൂട്ടി' എന്ന ഓമനപ്പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടിയെ കുളിപ്പിക്കാൻ പറഞ്ഞാൽ കുട്ടിയെ കുളിപ്പിക്കണം. പട്ടിയെ കുളിപ്പിക്കാൻ പറഞ്ഞാൽ പട്ടിയെ. !! ഒരോ ജഡ്ജിമാർക്കും രണ്ട് പ്യൂൺമാരെ വീതം ഇതിനായി അനുവദിച്ചിട്ടുണ്ട്.

ജില്ലാ കോടതിയിൽ നിന്ന് നിയമന ഉത്തരവുമായി സബ് കോടതിയിലേക്ക്. അവിടെ നിന്ന് പ്രധാനജഡ്ജി, ജോലിയിൽ കയറുമ്പോഴുള്ള പ്രതിജ്ഞയൊക്കെ എടുപ്പിച്ച് രണ്ടാം ജഡ്ജിയുടെ അടുത്തേയ്ക്കു വിട്ടു. പരിചയപ്പെടുത്തി കൊടുക്കാനായി ശിരസ്തദാർ ( കോടതിയിലെ ഓഫീസ് ജീവനക്കാരുടെ മേധാവി ) ആണ് കൂടെ വന്നത്. കോടതിയിലേക്ക് കയറുന്നതിനു മുമ്പും ശേഷവും ജഡ്ജിമാർ അതിനോടു ചേർന്നുള്ള ചേംബറിലിരുന്നായിരിക്കും വിശ്രമിക്കുകയും മറ്റ് ജോലികൾ നോക്കുകയും ചെയ്യുക.

‘ആരാ ഇയാളെ ഇങ്ങോട്ടയച്ചത് ? എനിക്കിയാളെ കിട്ടിയിട്ട് എന്തുപകാരം ? ആർക്കും വേണ്ടാത്തവരെ തട്ടിയിടാനുള്ള സ്ഥലമാണോ ഇത് ?’ ഇത്രയും കൂടെ വന്ന ശിരസ്തദാറോട്. പിന്നെ തിരിഞ്ഞ് എന്നോട് : ‘ എഴുതാനും വായിക്കാനും അറിയ്യോ ? ആ മൂലയ്ക്കെവിടെയെങ്കിലുമിരുന്നോ’.

ഒരു നിമഷത്തേയ്ക്ക് ഒന്നും മനസ്സിലായില്ല. പിന്നെയാ വാക്കുകൾ കൂരമ്പുകളായി ബുദ്ധിയിൽ തറയ്ക്കാൻ തുടങ്ങിയപ്പോൾ അപമാനം കൊണ്ട് മേലാകെ ഉരുകിയൊലിക്കുന്നതു പോലുള്ള അനുഭവം. പോളിയോബാധ അംഗപരിമിതി സമ്മാനിച്ച ശരീരം അതിനു മുമ്പും വേദനിപ്പിച്ചിട്ടുണ്ട്, നഷ്ടബോധങ്ങളുണ്ടാക്കിയിട്ടുണ്ട്, ആത്മസങ്കോചവും പിൻവലിയലുകളും സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഇരുപത്താറ് വയസ്സിനിടയിൽ അത്രയും കടുത്ത അപമാനം ആദ്യമാണ്.

അപമാനം, സങ്കടം, ദേഷ്യം, അതിലെല്ലാമുപരി ജോലിയിൽ നിന്ന് തിരിച്ചയക്കുമോ എന്ന പേടി - ചില അവസരങ്ങളീൽ രക്തം ആവിയായിപ്പോയി മുഖം കടലാസ്സ് പോലെ വെളുക്കുന്നത് നമുക്ക് തന്നെ അറിയാൻ പറ്റും.

"എനിക്ക് സൈക്കിൾ ചവിട്ടാനറിയാം സാർ.. വീട്ടിൽ നിന്ന് ഞാൻ ഊണു കൊണ്ടു വന്നോളാം.." എങ്ങനെയോ പറഞ്ഞൊപ്പിച്ചു. കോടതിയിൽ നിന്ന് രണ്ടുകിലോമീറ്ററോളം ദൂരെയുള്ള അങ്ങേരുടെ വീട്ടിൽ നിന്ന് ഉച്ചയ്ക്ക് ചോറുകൊണ്ടുവരുന്നതാണ് അവിടത്തെ പ്യൂണിന്റെ പ്രധാനപണികളിലൊന്നെന്ന് മുൻപേ മറ്റുള്ളവരിൽ നിന്ന് മനസ്സിലാക്കിയിരുന്നു.

"അതൊന്നും വേണ്ട. ഓഫീസിലിരുന്നോളൂ." ഒന്ന് അയഞ്ഞെന്ന് തോന്നുന്നു.

" ഇതൊന്നും കാര്യമാക്കണ്ട കെട്ടോ.. നമുക്ക് പറ്റുന്ന പോലെ ജോലി ചെയ്യുക, അത്ര തന്നെ.." തിരികെ പോകുമ്പോൾ ശിരസ്തദാർ ആശ്വസിപ്പിച്ചു. ഇതുപോലെ എത്രയോ മുറിവുകൾ ഏറ്റുവാങ്ങിയായിരിക്കണം അദ്ദേഹം ആ സ്ഥാനത്തെത്തിയത് !

അതെ. അത്രയേ ചെയ്തുള്ളൂ. പറ്റുന്ന പോലെ ജോലി ചെയ്തു. ഒരു വർഷത്തോളം സൈക്കിളിലാണ് ജോലിക്കു പോയത്. (സൈക്കിൾ യാത്ര അന്നുമിന്നും ഇഷ്ടമായതുകൊണ്ട് അതൊരു ഭാരമായി അനുഭവപ്പെട്ടിട്ടില്ല ) പറഞ്ഞ പോലെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഉച്ചസമയത്ത് ഊണ് വാങ്ങിക്കൊണ്ടു വന്നുകൊടുത്തു. അദ്ദേഹത്തിന്റെ ഭാര്യ പറയുന്ന വീട്ടുസാമാനങ്ങൾ വാങ്ങിക്കൊടുത്തു. പിന്നീട് സഹതാപം തോന്നിയതുകൊണ്ടാവാം, പുറത്തിറങ്ങുമ്പോൾ അകമ്പടി സേവിക്കുന്നതിൽ നിന്നും വലിയ ശാരീരികാദ്ധ്വാനം വേണ്ട ജോലികളിൽ നിന്നും അദ്ദേഹം ഒഴിവാക്കിത്തരികയും ചെയ്തു.

പക്ഷേ ആ മുറിവ്... !

. കാലമുണക്കാത്ത മുറിവുകളില്ല എന്നാണല്ലോ. ഏത് മുറിവുകളും വടുക്കളവശേഷിപ്പിച്ച് കരിഞ്ഞുപോവുക തന്നെ ചെയ്യും. അതിജീവിച്ചു കഴിഞ്ഞാൽ ആ വടുക്കളെ തലോടിയിരിക്കുക ഒരു രസമാണ്. സുഖമുള്ള ഒരു നൊമ്പരം. സ്വയമറിയാതെ ചുണ്ടത്തൊരു പുഞ്ചിരി വിരിയും. ആഹ്ലാദം കൊണ്ടല്ല, പ്രതികാരദാഹം കൊണ്ടുമല്ല. 'ഞാനിതിനെ അതിജീവിച്ചല്ലോ, നിങ്ങൾ അതിനെന്നെ പിന്തുണച്ചല്ലോ' എന്ന് അവനവനോടും ലോകത്തോടുമുള്ള, ആ മുറിവേല്പിച്ചവരോടുള്ള സൗമ്യമായ പുഞ്ചിരി. സ്നേഹം നിറഞ്ഞ പുഞ്ചിരി. :)

മറ്റൊരു കാര്യം കൂടി പറയാതെ ഇത് പൂർത്തിയാവില്ല.

ആ ജോലിയിലേക്ക് കയറുന്നതിനു മുമ്പു വരെ ജോലി ചെയ്തത് ഒരു സ്വകാര്യസ്ഥാപനത്തിലാണ്. സി എം ഐ സഭയുടെ മാനേജ്മെന്റിലുള്ള ഒരു ഐ ടി സി. മൂന്നു കൊല്ലത്തോളം അവിടെ ജോലി ചെയ്തു. സർക്കാർ/കോടതി ഉത്തരവുണ്ടായിട്ടും വേണ്ടത്ര ശമ്പളം തരാതെ അച്ചന്മാർ അവിടത്തെ അദ്ധ്യാപകരെ ചൂഷണം ചെയ്യുകയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും നേതൃത്വം നൽകിയവർക്കൊപ്പം നിൽക്കുകയും ചെയ്തിരുന്നു. മാനേജുമെന്റുമായി നിരന്തരസംഘർഷമുണ്ടായിരുന്നപ്പോഴും, പി എസ് സി റാങ്ക് ലിസ്റ്റിൽ പേരു വന്നതായിരുന്നു ധൈര്യം. സർക്കാർ ജോലി കിട്ടാൻ പോകുമ്പോൾ പിന്നാരെ പേടിക്കാൻ ! എന്നിട്ട് കിട്ടിയതോ. നല്ല തമാശ തന്നെ.

പറഞ്ഞു വന്നത് അതല്ല. ധൈര്യം, പ്രതികരണശേഷി തുടങ്ങിയ സംഗതികൾ മറ്റു പലതിനേയും ആശ്രയിച്ചു നിൽക്കുന്നു എന്ന തിരിച്ചറിവാണ്. കൃത്യമായി പ്രതികരിക്കുന്നതിനാൽ നഷ്ടങ്ങളുണ്ടായേക്കാമെങ്കിലും അത് ജീവിതം തന്നെ നഷ്ടപ്പെടുത്തും എന്ന തോന്നലുണ്ടായാൽ പല പ്രതികരണങ്ങളും ഇല്ലാതായേക്കാം. ഒരു സന്ദർഭത്തിൽ ധീരനായി പ്രത്യക്ഷപ്പെടുന്നയാൾ മറ്റൊരു സന്ദർഭത്തിൽ ഭീരുവായി പിന്മാറിയേക്കും.
പ്രായവും പ്രാരാബ്ദങ്ങളുമേറുന്തോറും അത്തരം പിന്മാറ്റങ്ങൾ കൂടാനുമിടയുണ്ട്. ( കൈക്കൂലി വാങ്ങിക്കാനും കള്ളത്തരം ചെയ്യാനുമുള്ള ന്യായീകരണമായി ഇതിനെ കാണരുത് - അത് മറ്റൊന്നാണ് )

ധീരതയും ഭീരുത്വവുമെല്ലാം സന്ദർഭങ്ങളുടെ കൂടി സൃഷ്ടിയാണ്.

വാൽക്കഷണം :

1. പ്യൂൺ ജോലിക്ക് ഇങ്ങനെയൊരു വശമുണ്ടായിരുന്നെങ്കിലും അതിന്റെ മറുവശം നല്ല രസമായിരുന്നു കെട്ടോ. ജഡ്ജി ചേംബറിൽ നിന്ന് കോടതിയിലേക്ക് കയറിക്കഴിഞ്ഞാൽ, പ്യൂണ്മാർ കെട്ടഴിച്ചു വിട്ട പട്ടികളെപ്പോലെയാണ്. ജഡ്ജിയുടെ പട്ടിയായതുകൊണ്ട് എല്ലാവർക്കും പേടിയാണ്. ഒരു പണിയും തരില്ല. മറ്റു പൂണന്മാരുമൊത്ത് സൊറ പറഞ്ഞിരിക്കാം, സുന്ദരിമാരായ വക്കീലിണികളുടെ വായേ നോക്കിയിരിക്കാം . നല്ല രസായിരുന്നു.

2. വർഷങ്ങൾക്കു മുമ്പുള്ള കാര്യമാണ്. കോടതികളിൽ ഇപ്പോൾ ഇങ്ങനെ ജീവനക്കാരെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിക്കുന്ന പരിപാടിയൊക്കെ നിർത്തി എന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോൾ പ്യൂൺ എന്ന തസ്തിക ഓഫീസ് അറ്റൻഡന്റ് ആക്കി മാറ്റി, അവരുടെ ജോലി പൂർണ്ണമായും ഓഫീസിലുമാക്കി. ഇല്ല, ഓഫീസ് വേലക്കാരെ നിയമിക്കാൻ ജഡ്ജിമാർക്ക് പ്രത്യേക അലവൻസ് കൊടുക്കുന്നുണ്ടത്രേ.

@ Viddiman

No comments:

Post a Comment