Tuesday, March 12, 2019

ആകാശമിഠായികൾ ഒരു സ്വപ്നം

ഞാൻ പ്രണയവിവാഹിതനല്ല.

പ്രണയം ദിവ്യമാണ്, ഈ ലോകത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് എന്നൊന്നും അഭിപ്രായവുമില്ല. ഈ നിഷ്ക്കളങ്ക വികാരത്തെ ഉപയോഗപ്പെടുത്തിയുള്ള ചൂഷണവും വഞ്ചനയും ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവും ധാരാളം കണ്ടിട്ടുമുണ്ട്.

പക്ഷേ പ്രണയം കൂടുതൽ സഹിഷ്ണുത ഉൾക്കൊണ്ട, തുറന്ന മനസ്സുള്ള മനുഷ്യരുള്ള ലോകത്തെ സൃഷ്ടിക്കാൻ സഹായകമാണ് എന്നു കരുതുന്നു.

കൂടുതൽ പ്രണയികളുള്ള ഒരു ലോകം , കൂടുതൽ സ്നേഹപൂർണ്ണവും മാനവീകവുമാകാതെ തരമില്ല.

നോക്കൂ, രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രണയം ആ വ്യക്തികളെ ചുറ്റിപ്പറ്റിയുള്ള അനേകം തുരുത്തുകൾ തമ്മിലുള്ള പാലമാണ്. അത്തരം പാലങ്ങൾ നിർമ്മിക്കാതെ പ്രണയത്തിനു തുടർച്ചയില്ല. അത്തരം പാലങ്ങളിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാതെ അവർ പ്രിയപ്പെട്ടവരായവർക്ക് തങ്ങളുടെ ജീവിതം സ്വതന്ത്രമായി തുടരാനാവില്ല.

തങ്ങളുടെ ജാതി, മതം, പണം, പദവി ഒക്കെ കൊണ്ട് തങ്ങൾക്കും സമാനർക്കും മാത്രം പുലരാനാണെന്നുള്ള ചിന്തയോടെ ഇതേ തുരുത്തുകളിൽ ജനിച്ച് ജീവിച്ച് മരിച്ച് പോകുന്നവരാണ് ഈ സ്നേഹസേതുവിനെ ഭയപ്പെടുന്നത്.

ഭയപ്പെടുക മാത്രമല്ല, തകർത്തുകളയാനും അവർ നിരന്തരം ശ്രമിക്കും. ഒരാളെ പച്ചയ്ക്കു കൊളുത്തി അത് മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുന്നവർ അതാണ് ചെയ്യുന്നത്.

പ്രണയം ഒരു മരുന്നാണ്. മനുഷ്യർ തമ്മിൽ ആരൊക്കെയോ എന്നൊക്കെയോ വിഭജനങ്ങളുടെ ആയുധങ്ങൾ കൊണ്ട് ഏല്പിച്ച മുറിവുകൾ ഉണക്കാനുള്ള ഒരു സ്നേഹലേപനം. പക്ഷേ ആ വിഭജനങ്ങളും അവ സൃഷ്ടിച്ച ചൊറിചിരങ്ങുകളുമാണ് തങ്ങളുടെ അസ്തിത്വം എന്നു കരുതുന്നവർക്ക് പ്രണയം തങ്ങളെ തുടച്ചുനീക്കാനൊരുങ്ങുന്ന അഗ്നിഗോളമായി അനുഭവപ്പെടും.

അതുകൊണ്ട് സ്വന്തം മക്കളെത്തന്നെ വെട്ടിക്കൊല്ലാൻ അവർ ഗുണ്ടകളെ കൂട്ടിനു വിളിക്കും.

ദുരഭിമാനക്കൊലയൊക്കെ വളരെ അസാധാരണമാണെങ്കിലും മലയാളികൾ ഇന്നും പ്രണയബന്ധങ്ങളെ തുറന്ന മനസ്സോടെ കാണുന്നുണ്ടെന്ന് കരുതുന്നില്ല. സ്വന്തം തുരുത്തുകളുടെ സ്വാധീനം മൂലം പ്രണയവിവാഹത്തിൽ നിന്നു പിൻമാറിയ പലരേയും അറിയാം. സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ പിന്തുണയില്ലാതെ പ്രണയവിവാഹം കഴിച്ച് കഷ്ടപ്പെട്ട് ജീവിച്ചവരേയും ജീവിക്കുന്നവരേയും അറിയാം. തങ്ങൾ പ്രണയിച്ച് വിവാഹം കഴിച്ചവരായിട്ടും തങ്ങളുടേ മക്കൾ ഒരിക്കലും പ്രണയിക്കരുത് എന്ന് ശാഠ്യം പിടിക്കുന്ന മാതാപിതാക്കളെ അറിയാം.

അതുകൊണ്ടാണ് പ്രണയവിവാഹിതരായവരുടെ സംഗമം എന്ന ഒരു സ്വപ്നം കാണാൻ തുടങ്ങിയത്. സുഹൃത്തുക്കളായ Vinod Valooparambill നോടും Kiran Kannan നോടും അതു പങ്കു വെച്ചത്. ശാസ്ത്രസാഹിത്യ പരിഷത്ത് ‘ജനോത്സവം’ സംഘടിപ്പിക്കുന്നു എന്നു കേട്ടപ്പോൾ അതൊന്നു കൂടി തിടം വച്ചത്. എനിക്കും വളരെ മുമ്പേ, രാജ്യത്തെ നിയമനിർമ്മാതക്കൾ കണ്ട സ്വപ്നങ്ങളുടെ ഒരു എളിയ തുടർച്ച മാത്രമാണിത്. (ഇവിടത്തെ പുരോഗമന സംഘടനകൾക്കോ യുവജനപ്രസ്ഥാനങ്ങൾക്കോ എന്തുകൊണ്ട് ഇതുവരെ ഇങ്ങനെയൊന്ന് തോന്നിയില്ല എന്ന പരിഭവം ഉണ്ട് )‘ഞങ്ങളും നിങ്ങൾക്കൊപ്പമുണ്ട്’ എന്ന് സമാനമനസ്ക്കർ കൈകൾക്കോർക്കുമ്പോൾ അത് ഓരോ പ്രണയവിവാഹിതർക്കും നൽകുന്ന ഊർജ്ജം അപാരമായിരിക്കും.

 ഓരോ പഞ്ചായത്തിലും ഇത്തരം സംഗമങ്ങൾ നടക്കണം എന്നാണ് ആഗ്രഹം.

 മുന്നോടിയായി താല്പര്യവും സന്നദ്ധതയുമുള്ളവരുടെ സംഘാടക സമിതി രൂപീകരിക്കണം. ബഡ്ജറ്റ് തയ്യാറാക്കണം. വരുമാനം രജിസ്ട്രേഷൻ വഴിയോ സ്പോൺസർഷിപ്പ് വഴിയോ കണ്ടെത്താം.

 ഏറ്റവും പഴയ തലമുറ മുതൽ ഇന്നലെ പ്രണയവിവാഹിതരായവർ വരെ ഈ സംഗമത്തിൽ പങ്കെടുക്കണം. പങ്കാളികൾ ജീവിച്ചിരിപ്പില്ലാത്തവരേയും പങ്കെടുപ്പിക്കണം.

 ‘ആകാശമിഠായികൾ ‘എന്നോ മറ്റോ സംഗമത്തിനു പേരിടാം.

 മനോഹരമായ ഒരു ലോഗോ വേണം.

 ഓരോ പ്രണയജോടിക്കും അവരുടെ ഫോട്ടോയിൽ ലോഗോ ഉൾക്കൊള്ളിച്ച ഒരു മൊമെന്റോ നൽകണം.

 ബഷീറിന്റെ ‘പ്രേമലേഖനം’ ഒരു കോപ്പി നൽകണം.

 ചുരുങ്ങിയത് ഒരു പകൽ മുഴുവൻ പരിപാടിയ്ക്കായി മാറ്റി വെക്കണം.

 പഞ്ചായത്തിലെ പ്രശസ്തരായ പ്രണയവിവാഹിതരെ ഉദ്ഘാടകരായി തീരുമാനിക്കാം.

 ഉദ്ഘാടനത്തിനു ശേഷം പ്രണയജോടികൾ അവരുടെ അനുഭവങ്ങൾ പങ്കു വെക്കട്ടെ. എത്ര പേരുണ്ടെന്ന് കണക്കാക്കി ഓരോ ജോഡിയ്ക്കും വേണ്ട സമയം തീരുമാനിക്കാം.

 ഇടയ്ക്ക് ചായയും ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യയും വേണം.
 വൈകീട്ട് കലാ പരിപാടികൾ ആവാം.

 അവസാനം എല്ലാ ജോഡികൾക്കും നൃത്തം വെയ്ക്കാവുന്ന ചില ചുവടുകൾ അവതരിപ്പിച്ചുകൊണ്ട് സമാപനം.

 കൂട്ടിചേർക്കലുകൾ എങ്ങനെ വേണമെങ്കിലും എത്രവേണമെങ്കിലും ആവാം.

 ചുരുക്കത്തിൽ, ഇതിനൊരു തുടർച്ചയുണ്ടാവണം എന്ന് പങ്കെടുക്കുന്ന ഓരോരുത്തർക്കും തോന്നണം.

 അടുത്ത കൊല്ലത്തെ സംഗമത്തിൽ തങ്ങൾക്കും പങ്കാളികളാവണം എന്ന് പുറത്തുള്ള ഫ്രീക്കന്മാർക്കും ഫ്രീക്കത്തികൾക്കും തോന്നണം.

   സ്വപ്നമല്ലേ, നിർത്തുന്നില്ല.

 സർക്കാരും ( സാംസ്ക്കാരിക വകുപ്പോ മറ്റോ ആവാം ) തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഇത്തരം സംഗമങ്ങൾ സംഘടിപ്പിക്കണം. മുനിസിപ്പാലിറ്റികളിലേയോ കോർപ്പറേഷനുകളിലേയോ ഒക്കെ സംഗമങ്ങൾ , ദുരഭിമാന കൊലയ്ക്കെതിരെ പോരാട്ടം തുടരുന്ന ഉദുമൽപ്പേട്ടയിലെ കല്യാണിയെ പോലുള്ളവരെ കൊണ്ടു വന്ന് ഉദ്ഘാടനം നടത്തിക്കണം.

 രാജ്യമെങ്ങും കേരളത്തിന്റെ ഈ പ്രണയപ്രകാശം പരക്കണം.

   ദുരഭിമാന കൊലകളെ ഭയപ്പെടുന്ന പ്രണയികൾക്ക് കേരളം ഒരു അഭയ കേന്ദ്രമാകണം.

എനിക്കു വയ്യ. ഇതു വല്ലോം നടക്ക്വോ ? 😘

പിൻകുറിപ്പ് : സ്വന്തം മക്കളുടെ കാര്യത്തിൽ പ്രണയം അനുവദിക്കുമോ എന്ന ചോദ്യം എന്തായാലും ചിലരെങ്കിലും ഉയർത്തും. ആ ചോദ്യത്തെ ഭയപ്പെടുന്ന പലരും പിന്നോക്കം പോയേക്കും. ( നാളെ വിശ്വാസിയായേക്കും എന്ന സാധ്യത മുന്നിൽ കണ്ട് കണ്മുമ്പിൽ കാണുന്ന അന്ധവിശ്വാസങ്ങളെ പോലും എതിർക്കാത്ത ‘അവിശ്വാസി’കളാണല്ലോ നാം ).

എന്തായാലും ഞാനതിന് മനസ്സിനെ പരുവപ്പെടുത്തിക്കൊണ്ടു തന്നെയാണ് ഇതു പറയുന്നത്. ഒപ്പം, പ്രണയത്തെ ഉപയോഗപ്പെടുത്തി ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള തിരിച്ചറിവ് മക്കളിൽ സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും എന്നു മാത്രം.

No comments:

Post a Comment