Tuesday, March 12, 2019

അധികാരം - 1

കൊളംബസിന് എന്തുകൊണ്ട് അമേരിക്ക ( ?) കണ്ടു പിടിക്കാൻ കഴിഞ്ഞു എന്ന ചോദ്യത്തിന് ഒരു രസകരമായ കാരണം പറഞ്ഞു കേട്ടിട്ടുണ്ട്. 

കുഞ്ഞിന്റെ ജനനത്തോടെ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു. അതിനു ശേഷമാണ് അദ്ദേഹം പ്രധാനപ്പെട്ട എല്ലാ കപ്പൽ യാത്രകളും നടത്തിയിട്ടുള്ളതായി കേട്ടിട്ടുള്ളത്. 

അതു തന്നെയാണ് കാരണം. 

എവിടേയ്ക്ക് പോകുന്നു ? അവിടെ എന്താ കാര്യം ? എപ്പോ തിരിച്ചു വരും ? വരുമ്പോൾ രണ്ടു മെഴുകുതിരീം അഞ്ച് കോഴിമുട്ടേം വാങ്ങിവരണം, തുടങ്ങിയ അന്തവും അവസാനവുമില്ലാത്ത അണ്ഢകടാഹ ചോദ്യശരങ്ങൾ പിന്നിൽ നിന്ന് എയ്തുകൊല്ലാക്കൊല ചെയ്യാൻ ഒരു ഭാര്യയില്ലാതിരുന്നതുകൊണ്ടാണ് അദ്ദേഹത്തിനു നാലുയാത്രകളും സ്വസ്ഥമായി ആരംഭിക്കാൻ കഴിഞ്ഞതാണ് എന്നാണ് കഥ.

ഇത്തരം മാരകചോദ്യശരങ്ങളേറ്റ് തളർന്ന് "പുല്ല്..എന്നാപ്പിന്നെ ഇനി എങ്ങോട്ടും പോകുന്നില്ല &*^*&^ " എന്ന് പ്രാകി ചാരുകസേരയിൽ തന്നെ വീണു പോകുന്നത് നമ്മൾ പല ഭർതൃകേസരികൾക്കും അനുഭവവുമുണ്ടായിരിക്കും.

എന്തുകൊണ്ട് ഭാര്യമാർ ഇങ്ങനെ ചോദിക്കുന്നു ?

'തീരുമാനമെടുക്കൽ' എന്ന പ്രക്രിയ അധികാരത്തിൽ വളരെ പ്രാധാന്യമുള്ളതാണ്.

ഒരു തീരുമാനമെടുക്കാൻ ഒരു അധികാരി നിങ്ങളുടെ സഹായം തേടി എന്നാൽ, അയാളുടെ അധികാരത്തിൽ നിങ്ങൾക്കും ഒരു പങ്കു കിട്ടി എന്നാണർത്ഥം. അധികാരി ആവശ്യപ്പെട്ടിട്ടല്ലെങ്കിൽ പോലും, അയാളെടുക്കുന്ന തീരുമാനത്തിൽ നിങ്ങളുടെ സംഭാവനയും ഉൾചേർന്നിട്ടുണ്ടെങ്കിലും ആ അധികാരത്തിൽ നിങ്ങൾക്കൊരു പങ്കു ലഭിക്കും. അതൊരു സ്വാഭാവീകനീതിയാണെന്ന് അധികാരിക്കും, അധികാരിക്ക് സഹായം നൽകിയ ആൾക്കും അറിയാം.

നേരെ മറിച്ച്, 'താൻ ഇന്ന തീരുമാനമെടുത്തിരിക്കുന്നു. നിങ്ങൾ അതനുസരിക്കുക' എന്ന് ആജ്ഞാപിക്കുന്ന ഒരാളുടെ അധികാരത്തിൽ ഒരു തരിമ്പു പോലും ഇടിവുണ്ടാവുകയില്ല. തന്റെ അധികാരം പൂർവ്വാധികം ശക്തിയായി അയാൾക്ക് എക്കാലവും നിലനിർത്താം.

ഷർട്ടിട്ട് മുടി ചീകി മൂളിപ്പാട്ടും പാടി ഭർത്താവ് വീട്ടിൽ നിന്നിറങ്ങാൻ തുടങ്ങുമ്പോൾ, 'ഭർത്താവെന്ന അധികാരി' തന്നിഷ്ടപ്രകാരം തീരുമാനമെടുത്തിരിക്കുന്നു, അതിനനുസരിച്ച് താൻ പ്രവർത്തിക്കാൻ പോകുന്നു' എന്ന അധികാരപ്രമത്തതയുടെ സൂചനയാണ് ഭാര്യയ്ക്ക് നൽകുന്നത്.

കുടുംബത്തിൽ തുല്യപങ്കാളിത്തം ആഗ്രഹിക്കുന്ന ഒരു ഭാര്യയും അതിഷ്ടപ്പെടില്ല. അതുകൊണ്ട്, നിരന്തരമായ ചോദ്യം ചെയ്യലുകളിലൂടെ അയാളുടെ തീരുമാനത്തെയും അതുവഴി സ്വേച്ചാധികാരത്തെയും ചോദ്യം ചെയ്യാനാണ് അബോധപൂർവ്വമായാലും അവൾ ശ്രമിക്കുക. ഭർത്താവിന്റെ തന്നിഷ്ടപ്രകാരമുള്ള തീരുമാനത്തെ തിരുത്തുകയോ പരിഷ്ക്കരിക്കുകയോ ചെയ്യാൻ കഴിഞ്ഞാൽ അയാളുടെ അധികാരത്തിൽ പങ്കാളിയാവുക എന്ന പ്രക്രിയയാണ് നടക്കുന്നതെന്ന് അവളുടെ ആന്തരബുദ്ധി ഉപദേശിക്കുന്നുണ്ടാവും.

സംശയം വേണ്ട, ഇത്തരം ചോദ്യശരങ്ങളിലൂടെ, നിങ്ങളുടെ ആണധികാരബോധത്തെ, അധിന്റെ സ്വേച്ഛാപ്രയോഗങ്ങളെയാണ് അവൾ നിലംപരിശാക്കാൻ ശ്രമിക്കുന്നത്. തുല്യാവകാശമുള്ള ഏതൊരാൾക്കും അർഹതയുള്ളതാണ് ആ ആക്രമോണുത്സുകത. നിങ്ങൾ അനർഹമായി അധികാരം കൈയ്യിൽ വച്ചിരിക്കുന്നു, അന്യായമായി അതാസ്വദിക്കാൻ ശ്രമിക്കുന്നു എന്നു മാത്രമാണ് അത്തരം ചോദ്യശരങ്ങൾ അസ്വസ്ഥമാക്കുമ്പോൾ തിരിച്ചറിയേണ്ടത്.

ചിന്തകളിൽ, തീരുമാനങ്ങളിൽ, അധികാരങ്ങളിൽ അവളേയും പങ്കാളിയാക്കൂ. കൂടുതൽ സ്വാസ്ഥ്യവും സംതൃപ്തിയുമുള്ള മറ്റൊരു ലോകത്തേക്കുള്ള വാതിൽ നിങ്ങൾക്ക് തുറന്നു കിട്ടും.

@ Viddiman 

No comments:

Post a Comment