Tuesday, March 12, 2019

ഉണ്ണി ആറും കിത്താബ് നാടകവിവാദവും

'കിത്താബി'നെതിരെ ഉണ്ണി ആർ പരാതി നൽകിയതുകൊണ്ടാണോ നാടകം അവതരിപ്പിക്കാതിരുന്നത് ?

അല്ലെന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാക്കുന്നത്.

ഉണ്ണി ആർ തനിക്കുള്ള എതിർപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും പരാതിയോ കേസോ കൊടുത്തതായി എവിടേയും കണ്ടില്ല.

നാടകം പിൻവലിക്കാൻ തീരുമാനിച്ചത് മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ മാനേജ്മെന്റാണ്. 

ആ തീരുമാനത്തിന് ഇടയാക്കിയത് മുസ്ലീം സംഘടനകളുടെ പ്രതിഷേധമാണെന്നും മനസ്സിലാക്കുന്നു.

ഉണ്ണി ആർ ന്റെ ബാങ്ക് എന്ന കഥയിൽ നിന്ന് 'ബാങ്ക് വിളിക്കാൻ ആഗ്രഹമുള്ള പെൺകുട്ടി' എന്ന ത്രെഡ് ആണ് സംവിധായകനും നാടകകൃത്തുമായ റഫീഖ് മംഗലശ്ശേരി കിത്താബ് ഒരുക്കാൻ സ്വീകരിച്ചത് എന്നാണ് അറിയുന്നത്.

തന്റെ സൃഷ്ടിയുടെ/ആശയത്തിന്റെ സ്വതന്ത്രാവിഷ്ക്കാരം തന്റെ അനുവാദമില്ലാതെ നടത്തുന്നതിൽ പ്രതിഷേധിക്കാൻ ഉണ്ണി ആർ ന് അവകാശമുണ്ട്. തന്റെ സൃഷ്ടിയിലെ ആശയപ്രപഞ്ചത്തിനു വിരുദ്ധമായ ഒന്ന് അതേ ആശയമുപയോഗിച്ച് ആവിഷ്ക്കരിക്കപ്പെടുമ്പോൾ എഴുത്തുകാരന് അസ്വസ്ഥതയുണ്ടാവാതെ തരമില്ല.

എഴുത്തുകാർ നാട്ടിൽ നടക്കുന്ന പല സംഭവങ്ങളുമാണല്ലോ തങ്ങളുടെ സൃഷ്ടിയുടെ ത്രെഡ് ആയി ഉപയോഗിക്കാറുള്ളത്. പലപ്പോഴും സമൂഹം കാണുന്ന കണ്ണിലൂടെയായിരിക്കില്ല എഴുത്തുകാരൻ ആ ത്രെഡ് കാണുന്നതും തന്റെ സൃഷ്ടിയിൽ ആവിഷ്ക്കരിക്കുന്നതും. വടക്കൻ പാട്ടിലെ ചന്തുവിനേയും ആരോമലിനേയും ഉണ്ണിയാർച്ചയേയും വടക്കൻ വീരഗാഥയിലെ അതേ കഥാപാത്രങ്ങളേയും ഓർക്കുക. വടക്കൻ പാട്ടിന്റെ എഴുത്തുകാരൻ ജീവിച്ചിരുന്നുവെങ്കിൽ വീരഗാഥയോടുള്ള പ്രതികരണം എങ്ങനെയായിരിക്കും എന്നാലോചിക്കുന്നത് കൗതുകകരമായിരിക്കും. അതുകൊണ്ടു തന്നെ കഥയിലെ ഒരാശയത്തിന്റെ സ്വതന്ത്രാവിഷ്ക്കാരം കോപ്പിറൈറ്റിന്റെ പരിധിയിൽ വരുമോ എന്നു സംശയമുണ്ട്. ഇത് ഒരു പകർത്തിയെഴുത്തോ അനുകരണമോ അല്ലല്ലോ. കഥ അനുവാചകനെ സ്വാധീനിച്ചതിൽ നിന്നുണ്ടായ സ്വതന്ത്രാവിഷ്ക്കാരമാണ്, മൗലീകമായ സൃഷ്ടി തന്നെയാണ്.

അതുകൊണ്ടായിരിക്കണം ഉണ്ണി ആർ തന്റെ പ്രതികരണം പ്രതിഷേധത്തിൽ ഒതുക്കിയതും.

നാടകം അവതരിപ്പിക്കപ്പെടാതിരുന്നതിന്റെ യഥാർത്ഥകാരണം മുസ്ലീം സംഘടനകളുടെ പ്രതിഷേധവും അതിനു വഴങ്ങിക്കൊടുത്ത സ്കൂൾ മാനേജ്മെന്റിന്റെ നട്ടെല്ലില്ലായ്മയുമാണ്. തീരുമാനത്തിനെതിരെ നാടകത്തിന്റെ ലീഡർ സമർപ്പിച്ച ഹർജി തള്ളിയതിലൂടെ ഹൈക്കോടതി ആ കുട്ടികൾക്ക് എന്തു നീതിയാണ് നൽകിയതെന്ന് വ്യക്തമല്ല.

നമ്മൾ സിനിമകളിലെ പോലീസിനെപ്പോലെ എല്ലാ ദുരന്തങ്ങളും സംഭവിച്ചു കഴിഞ്ഞ് അവസാനസീനിലാണ് ഇവിടെയും പ്രത്യക്ഷപ്പെടുന്നത്. മുസ്ലീം സംഘടനകൾ പ്രതിഷേധങ്ങൾ നടത്തിയ സമയത്തു തന്നെ അതിനെ മറികടക്കാനുള്ള പിന്തുണയും പിൻബലവും സ്കൂൾ മാനേജ്മെന്റിനു നൽകിയിരുന്നെങ്കിൽ ആ കുട്ടികൾക്ക് നാടകം അവതരിപ്പിക്കാമായിരുന്നു. സംഭവത്തിലെ യഥാർത്ഥ വില്ലനെ അടിച്ചു മൂലയ്ക്കിരുത്താമായിരുന്നു. പക്ഷേ നമ്മളെ ഉണർത്താൻ അവസരം നിഷേധിക്കപ്പെട്ട കുട്ടികളുടെ കണ്ണീർ വേണ്ടി വന്നു.

ഇനി ചെയ്യാവുന്നത് ഇപ്പോൾ ചെയ്യുന്നത് തന്നെയാണ്. ആ കുട്ടികളുടെ കിത്താബിന് പരമാവധി വേദികൾ നൽകുക. അവർക്ക് പ്രോത്സാഹനവും പ്രതിഫലവും നൽകുക. അരങ്ങിലുണരുന്ന കിത്താബുകളാകട്ടെ മതമൗലീകവാദികൾക്കുള്ള മറുപടി.

----------------------

പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എഡിറ്റ് ചെയ്ത് ചേർക്കുന്നത്.

അനുമതിയില്ലാതെ സ്വതന്ത്രാവിഷ്ക്കാരം നടത്തിയതിനാൽ തന്റെ നാടകം അവതരിപ്പിക്കരുതെന്ന് ഉണ്ണി ആർ ഡി പി ഐ യ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

----------------------

ഉണ്ണി ആർ പരാതി നൽകിയിട്ടുണ്ടാവാമെങ്കിലും അക്കാരണം പറഞ്ഞ് ഡി പി ഐ നാടകത്തിന് അവതരണാനുമതി നിഷേധിച്ചതായി അറിവില്ല.

അതിനു മുമ്പേ തന്നെ നാടകം അവതരിപ്പിക്കേണ്ടതില്ല എന്ന് മേമുണ്ട സ്കൂൾ മാനേജ്മെന്റ് തീരുമാനിച്ചിരുന്നതായാണ് മനസ്സിലാക്കുന്നത്.

@ Viddiman

No comments:

Post a Comment