Tuesday, March 12, 2019

ശാസ്ത്രം x മതം

ശാസ്ത്രം തെളിവുകളിൽ അടിസ്ഥിതമായാണ് മുന്നോട്ടു പോകുന്നത്. താല്പര്യമില്ലെങ്കിലും ഉണ്ടെങ്കിലും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള തെളിവുകളെ ആസ്പദമാക്കിയേ മനുഷ്യർക്ക് പരസ്പരം ഇടപാടുകൾ സാധ്യമാവൂ. വിശ്വാസത്തിനു ഈ ഇടപാടുകളിൽ വലിയ പരിമിതിയുണ്ട്. 

മനുഷ്യർ തമ്മിലുള്ള തർക്കങ്ങൾ തീർക്കുന്നതിന് മനുഷ്യർ തന്നെ സ്ഥാപിച്ച നിയമവ്യവസ്ഥ തെളിവുകൾ, അവയുടെ ശാസ്ത്രീയമായ വിശ്വാസ്യത എന്നിവയെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്.

ശാസ്ത്രത്തെ മറ്റുള്ളവരെ ചൂഷണം ചെയ്യാൻ ഉപയോഗിക്കുന്നവരുണ്ട്. അത് ചെറുക്കപ്പെടുക തന്നെ വേണം. ശാസ്ത്രത്തിന്റെ നേട്ടങ്ങൾ മനുഷ്യന്റെയും പ്രകൃതിയുടേയും നല്ലതിനായി ഉപയോഗപ്പെടുത്താതെ സ്വന്തം ആർത്തിക്കും സുഖത്തിനും മാത്രമായി ഉപയോഗിച്ചാൽ ചൂഷണം ചെയ്യപ്പെടുന്നവരുടേയും ഭാവി തലമുറയുടേയും ജീവിതം ദുരിതമയമായി തീരും.

മത,ദൈവ വിശ്വാസങ്ങൾ. വിശ്വാസിയുടെ വിശ്വാസത്തിൽ മാത്രം അധിഷ്ടിതമാണ്. വിശ്വാസത്തിനു തെളിവുകൾ ആവശ്യമില്ല & ഇല്ല. 'ഞാൻ ദൈവത്തെ തൊടുന്നു' എന്ന് ഒരു വിശ്വാസി പറഞ്ഞാൽ, വിശ്വാസത്തിന്റെ അതേ തലത്തിൽ നിൽക്കുന്ന മറ്റൊരു വിശ്വാസിക്കേ അത് സ്വീകാര്യമാവൂ. മറ്റുള്ളവർക്ക് അത് അംഗീകരിക്കാനാവില്ല.' തൊടുന്നു' എന്നു പറയുന്നവന് മറ്റുള്ളവർക്കു മുമ്പിൽ ആയതിനുള്ള തെളിവ് ഹാജരാക്കാൻ കഴിയില്ല എന്നതു തന്നെ കാരണം.

അതുകൊണ്ടു തന്നെ മനുഷ്യർ തമ്മിലുള്ള പൊതു ഇടപാടുകളിൽ 'വിശ്വാസം' ഒരു അടിസ്ഥാനപ്രമാണമായി സ്വീകരിക്കാനും കഴിയില്ല. വിശ്വാസികൾക്കിടയിൽ പോലും അതിനു പരിമിതിയുണ്ട്.
'നീയെനിക്ക് അഞ്ചു ലക്ഷം രൂപ വെറുതേ തരും എന്ന് ദൈവം എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പൈസ തരൂ. തരാതിരുന്നാൽ ദൈവനിന്ദയാവും' എന്ന് ഒരു വിശ്വാസി ആവശ്യപ്പെട്ടാൽ മറ്റൊരു വിശ്വാസി ( സാമാന്യബോധമുള്ള) അനുസരിക്കാതിരിക്കുന്നത് അതുകൊണ്ടാണ്.

എന്നാൽ അനുഭവങ്ങൾ,വികാരങ്ങൾ, ഭാവി തുടങ്ങിയ മേഖലകളിലെ പല ചോദ്യങ്ങൾക്കും ശാസ്ത്രത്തിനു മറുപടി പറയാനാവില്ല. അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം എന്ന രീതിയിൽ മത,ദൈവവിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള മറ്റൊരു ലോകം സങ്കല്പിക്കുന്നതിനും അതിൽ ആശ്വാസം കണ്ടെത്തുന്നതിനും മനുഷ്യരെ തെറ്റു പറയാൻ കഴിയില്ല.

പക്ഷേ അവിടെ ആ വിശ്വാസം, അയാൾക്കു തന്നേയോ മറ്റുള്ളവർക്കോ ദ്രോഹം വരുത്തരുത്, ചൂഷണങ്ങൾ ഉണ്ടാവരുത് എന്ന് മനുഷ്യരുടെ പൊതുനന്മയേ കരുതി നിബന്ധനകളുണ്ടാക്കുന്നതും ന്യായമാണ്. അത്തരം ദ്രോഹങ്ങളും ചൂഷണങ്ങളും ദീർഘകാലമായി അനുഭവിച്ചു വരുന്നതുകൊണ്ട് അത് തിരിച്ചറിയപ്പെടാതെ സ്വാഭാവീകമായി സ്വീകരിക്കുന്നത് വിശ്വാസികൾക്കിടയിൽ സാധാരണമാണ്. അതിൽ നിന്നു മുക്തരായവർക്കോ അതിനു വിധേയരാകാത്തവർക്കോ അത് തിരിച്ചറിയാൻ എളുപ്പമായിരിക്കും. അവരത് ചൂണ്ടിക്കാട്ടുമെങ്കിലും വിശ്വാസികൾ ആരംഭത്തിൽ അതിനെ തങ്ങളുടെ വിശ്വാസത്തിലുള്ള കടന്നുകയറ്റമായി കണ്ട് ചെറുക്കാറാണ് പതിവ്. പക്ഷേ പുതിയ കാഴ്ച്ചപ്പാടിന്റെ വെളിച്ചം പതിയെ കടന്നു വരുന്നതോടെ പിന്നീടൊരിക്കൽ അവരത് അനാചാരമായി ഉപേക്ഷിക്കുകയും ചെയ്യും.

@ Viddiman

No comments:

Post a Comment