Tuesday, March 12, 2019

ക്ഷേത്രത്തിലെ കാന്തികമഢലവും അമേരിക്കയിലെ കാർഡിയോളജിസ്റ്റും

ക്ഷേത്രത്തിൽ കാന്തിക മണ്ഢലമുള്ള വിവരം ഇതിനകം അറിഞ്ഞു കാണുമല്ലോ. 

ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്ന മൈക്കിൾ ഫാരഡേ, തന്റെ ഇന്ത്യാസന്ദർശന വേളയിൽ, ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തർ പ്രാർത്ഥനയ്ക്ക് ശേഷം ഏറെ ആഹ്ലാദത്തോടെ തിരിച്ചു പോകുന്നത് നിരീക്ഷിക്കുകയുണ്ടായി. അദ്ദേഹം ഭാരതത്തിലെ പുരാണഗ്രന്ഥങ്ങൾ പഠിക്കുകയും അതിനു പിന്നിൽ, കാന്തികമണ്ഢലവും വൈദ്യുതിയുമുണ്ടെന്ന് കൂപമണ്ഢൂകോപനിഷത്തിൽ രേഖപ്പെടുത്തിയിരുന്നത് കണ്ടെത്തുകയും ചെയ്തു. വൈകാതെ നാട്ടിൽ തിരിച്ചെത്തി നാട്ടുകാരെ ബോധിപ്പിക്കാൻ ചില പരീക്ഷണങ്ങളൊക്കെ തട്ടിക്കൂട്ടി തന്റേതെന്ന പേരിൽ വൈദ്യുത കാന്തീക പ്രേരണ നിയമങ്ങൾ അവതരിപ്പിക്കുകയാണ് പിന്നീട് ടിയാൻ ചെയ്തത്.

എന്നാൽ പുരാണത്തിൽ മയങ്ങിക്കിടന്നിരുന്ന സത്യത്തെ ഭാരതസത്പുത്രി കാർഡിയോളജിസ്റ്റ്, നാടിന്റെ സല്പേര് ലോകമെങ്ങുമുയർത്തിക്കൊണ്ട് രണ്ടു ദിവസം മുമ്പ് വിളിച്ചു പറയുകയുണ്ടായി.

അതുകൊണ്ട്, ഈ പരമസത്യം എന്റെ പേരിൽ അവതരിപ്പിക്കുകയാണ്. ഭാരതത്തിന്റെ സല്പേര് ഇനി മറ്റൊരു വിദേശിയും തട്ടിയെടുക്കരുതെന്ന സദ്ദുദ്ദേശമേ ഇതിനു പുറകിലുള്ളൂ.

ഇതാണ് സത്യം.

എല്ലാ ക്ഷേത്രങ്ങളിലും കാന്തികശക്തിയുണ്ട്. ഭക്തർ ക്ഷേത്രത്തെ പ്രദക്ഷിണം വെയ്ക്കുമ്പോൾ, ഈ കാന്തികമണ്ഡലത്തെ, ചാലകമായ മനുഷ്യശരീരം ഖണ്ഢിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഇങ്ങനെ ഭക്തരുടെ ശരീരത്തിലുണ്ടാകുന്ന വൈദ്യുതി, മസ്തിഷ്ക്ക കോശങ്ങളെ ഉത്തേജിപ്പിക്കുന്നതുകൊണ്ടാണ് ക്ഷേത്രത്തിൽ പോകുന്നവർക്ക് ഉന്മേഷവും ആഹ്ലാദവും അനുഭവപ്പെടുന്നത്.

ആരെയെങ്കിലും കാട്ടിക്കൂട്ടാൻ വെറുതെ ഒന്ന് തൊഴുതു പോകുമ്പോൾ ഇങ്ങനെ വൈദ്യുതി ഉണ്ടാവില്ല. അതുകൊണ്ടാണ് ക്ഷേത്രത്തിൽ എത്തുന്നവർ പ്രദക്ഷിണം വെക്കാതെ പോകരുത് എന്ന് പഴമക്കാർ പറയുന്നത്.

അതേ സമയം, മറ്റെവിടെയെങ്കിലും പോകാനുള്ള തിടുക്കം വെച്ചു കൊണ്ട്, ക്ഷേത്രത്തിനു ചുറ്റും ഓടിക്കൊണ്ട് പ്രദക്ഷിണം നടത്തിയാൽ, ഉല്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അളവ് കൂടുകയും, മസ്തിഷ്ക്ക കോശങ്ങളിൽ വേദന അനുഭവപ്പെടുകയും ചെയ്യും. അതുകൊണ്ടാണ് തിക്കും തിരക്കുമില്ലാതെ പ്രദക്ഷിണം നടത്തണമെന്ന് പറയാറുള്ളത്.

ഏതു ഭാരതീയവിശ്വാസത്തിനു പുറകിലും ഒരു ശാസ്ത്രമുണ്ട്. നാം ഭാരതീയർ അത് അന്വേഷിച്ചു കണ്ടെത്തുകയേ വേണ്ടൂ.

@ Viddiman

No comments:

Post a Comment