Tuesday, March 12, 2019

വിവാഹം 27-02-2005

ഏർപ്പെടുന്നത് ഒരു കരാറിലായതു കൊണ്ട്,പരസ്പരം പേശലുകൾ നടത്തിയ ശേഷം മതി ഉറപ്പിക്കൽ എന്നൊരു മെച്ചമുണ്ട് സാമ്പ്രദായിക വിവാഹത്തിന്.

നാലാമത്തെ പെണ്ണുകാണലായിരുന്നു അത്. അതിനിടയിൽ അച്ഛന്റെ മുൻ കൈയ്യിൽ നടന്ന ചില ആലോചനകളൊക്കെ ചീറ്റിപ്പോയത് വീട്ടിൽ എന്റെ 'ഡിമാന്റുകൾ'കൂടുതൽ ശക്തിപ്പെടുത്താൻ സഹായിച്ചു.

നാലാമത്തെ ആലോചന കൊണ്ടുവന്നയാൾ AIYF ലൂടെ പരിചയമുള്ള ഒരാളായിരുന്നു - സെൽവൻ, യുക്തിവാദിയായ ദല്ലാൾ. ഡിമാന്റുകൾ കേട്ടപ്പോൾ സെൽവനും ആവേശം. അങ്ങനെയാണ് നാലാമത്തെ കേസ് എത്തിയത്.

വീട്ടിൽ നിന്ന് ഒന്നര കിലോമീറ്ററേയുള്ളൂ പെൺകുട്ടിയുടെ വീട്ടിലേക്ക്. ഞങ്ങളെ രണ്ടു പേരെയും അറിയുന്നവർ ഉണ്ട് .പക്ഷേ ഞങ്ങൾക്ക് മറ്റു രണ്ടു പേർക്കും കുടുംബങ്ങൾക്കും പരസ്പരം അറിയില്ല.( അതിനും മുമ്പ് ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ഒരു വിനോദയാത്രയിൽ ഇരുവരും പങ്കെടുത്തിരുന്നു എന്ന് പിന്നീടാണറിഞ്ഞത്.)

പെണ്ണുകാണൽ.

' എന്നെ കണ്ടല്ലോ ... നല്ല പോലെ ആലോചിച്ചു തീരുമാനമെടുത്താൽ മതി.' എന്നാണ് ഞാൻ പറഞ്ഞത്.

'ഞങ്ങളുടെ വീടൊക്കെ കണ്ടല്ലോ. അതു തന്നെയാ എനിക്കും പറയാനുള്ളത് ' എന്ന് അവൾ പറഞ്ഞപ്പോൾ അതൊരു തർക്കുത്തരമാണോയെന്ന് ആദ്യം സംശയം തോന്നി. പിന്നെ മനസ്സിലായി ഒരു നേർക്കുനേർ കരാറിനുള്ള സാദ്ധ്യതയാണതെന്ന്.

27-02-2005

പുരോഹിതനുണ്ടായിരുന്നില്ല. പക്ഷേ മറ്റ് ചടങ്ങുകളൊന്നും ഒഴിവാക്കാൻ കഴിഞ്ഞില്ല. കുറേയൊക്കെ ആർഭാടങ്ങൾ ഒഴിവാക്കാൻ സാധിച്ചു.

സെൽവൻ പറഞ്ഞ ആശയം വച്ചുള്ള ഞങ്ങളുടെ പ്രതിജ്ഞയും ഒരു പുതുമയായിരുന്നു. പ്രൊഫ. മീനാക്ഷി തമ്പാനാണ് പ്രതിജ്ഞ ചൊല്ലി തന്നത്.

13 വർഷങ്ങൾ !!!

ഞങ്ങൾ സന്തുഷ്ടരാണ് .....   

No comments:

Post a Comment