Tuesday, March 12, 2019

മീശ വിവാദവും മാതൃഭൂമിയും

മാതൃഭൂമിയാണ് ഈ തീരുമാനത്തിനു പുറകിലെങ്കിൽ, ഒന്നാം പ്രതിയും , മാതൃഭൂമി തന്നെ. പക്ഷേ അതുകൊണ്ട് മറ്റുള്ളവരുടെ കൂട്ടുപങ്കാളിത്തം ഇല്ലാതാവുന്നില്ല. 

കേട്ടറിവും കണ്ടറിവും വച്ച് മാതൃഭൂമി പ്രസിദ്ധീകരണങ്ങൾക്ക് മതേതര ഹിന്ദുവിന്റെ സ്വഭാവം പിറവി മുതലേയുള്ളതായാണ് തോന്നിയിട്ടുള്ളത്. 

ഏത് മാധ്യമവും സവിശേഷമായ ഓരോ രുചിക്കൂട്ട് തയ്യാറാക്കിയാണ് വായനക്കാരെ ആകർഷിക്കുന്നത്. ആ രുചി ശീലമായി കഴിഞ്ഞാൽ പിന്നെയത് കിട്ടാതാവുമ്പോൾ അസ്വസ്ഥത തോന്നുന്നതും മറ്റൊരു രുചിയിലും തൃപ്തി തോന്നാതാകുന്നതും അതുകൊണ്ടാണ്. രുചികൂട്ടുകൾ മാറ്റി കൂടുതൽ ഉപഭോക്താക്കളെ തേടുക എന്നുള്ളത് ഓരോ മാധ്യമവും ശ്രദ്ധാപൂർവ്വം, സമയമെടുത്തു ചെയ്യുന്ന പ്രക്രിയയാണ്. ലക്ഷ്യം വെക്കുന്ന പുതിയ വായനക്കാർക്ക് രുചിക്കുന്ന ഒരു വിഭവം ചെറിയ തോതിൽ വിളമ്പുന്നതോടൊപ്പം നിലവിലുള്ള വായനക്കാരെ പിടിച്ചിരുത്തുന്ന വിഭവങ്ങളും തുടർന്നു കൊണ്ടായിരിക്കും ചുവടു മാറ്റം.

മതേതരഹിന്ദുവിൽ നിന്ന് മതാഭിമാന ഹിന്ദുവിലേക്കുള്ള മാതൃഭൂമി ദിനപത്രത്തിന്റെ ചുവടുമാറ്റവും അത്തരത്തിലുള്ളതായിരുന്നു. തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല സപ്ലിമെന്റ് ആദ്യമായി ആരംഭിച്ചത് മാതൃഭൂമിയാണെന്ന് കേട്ടിട്ടുണ്ട്. രാമായണമാസവും സംഘപരിവാർ പ്രത്യേക ഊന്നൽ കൊടുക്കുന്ന മറ്റ് ഹൈന്ദവ ആചാരങ്ങളും മാതൃഭൂമിക്കും പ്രിയപ്പെട്ടതാവുന്നത് ഈ ചുവടുമാറ്റത്തോടെയാണ്. മതേതര ഹിന്ദുവിൽ നിന്ന് മതാഭിമാന ഹിന്ദുവിലേക്കുള്ള തന്റെ സ്വത്വമാറ്റം വായനക്കാരന് സ്വയം തിരിച്ചറിയാൻ പോലുമാകാത്ത വിധത്തിൽ വളരെ വിദഗ്ദമായാണ് മാതൃഭൂമി പത്രം അവന്റെ വാർത്താ, രാഷ്ട്രീയ പരിസരങ്ങൾ മാറ്റിയെടുത്തത്. അങ്ങനെയൊരു പശ്ചാത്തലം കൂടി സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് കോൺഗ്ഗ്രസ്സിന്റെ മതേതര പരിസരങ്ങളിൽ നിലപാടുകൾ കണ്ടെത്തിയിരുന്ന സവർണ്ണ ഹിന്ദുക്കളിൽ നല്ലൊരു വിഭാഗവും ഇന്ന് സംഘപരിവാർ മതാഭിമാന ഹിന്ദുവിന്റെ രാഷ്ട്രീയ നിലപാടുകളിലേക്ക് ചുവടു വെച്ചത്.

ആഴ്ച്ചപ്പതിപ്പ്, പക്ഷേ ഈ ചുവടുമാറ്റത്തിൽ മാതൃഭൂമി കുടുംബത്തോടൊപ്പം ഉണ്ടായിരുന്നില്ല. ഉമ്മറത്ത് കെട്ടിയിടാനൊരു മതേതരത്വത്തിന്റെ ആനയുണ്ടെങ്കിൽ നല്ലതല്ലേ എന്ന് മാനേജ്മെന്റിനു തോന്നിയിരിക്കാം. പുതിയ പത്രാധിപർമാർ (പത്രാധിപൻ ? വി കെ എൻ ) ഭരണമേറ്റെടുക്കുമ്പോഴുണ്ടാകുന്ന സ്വാഭാവീക മാറ്റങ്ങളല്ലാതെ കൂടുതലൊന്നും ആഴ്ച്ചപ്പതിപ്പിൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

പക്ഷേ മീശ പിഴുതതോടെ കളി മാറുന്നു.

ദിനപത്രത്തിന്റെ ലാഭവും മതാഭിമാന ഹിന്ദുവിന്റെ മാടമ്പിത്തരവും മതേതരത്വത്തിനെ, എഴുത്താളന്റെ സ്വാതന്ത്ര്യത്തെ കണ്ണുരുട്ടുന്നു. കൈ വെക്കുന്നു.

മാതൃഭൂമി കുടുംബമേ, ലാഭം മാത്രമാണ് നിങ്ങളുടെ ഉന്നമെങ്കിൽ നിങ്ങൾക്കിപ്പോൾ നേട്ടമുണ്ടാകും. പക്ഷേ പിന്നീടൊരുകാലത്ത് നിങ്ങൾക്ക് സ്വാതന്ത്ര്യത്തിനു വേണ്ടി വിയർപ്പും രക്തവുമൊഴുക്കേണ്ടി വരും.

നിങ്ങൾ ആർത്തി പൂണ്ടുണ്ടാക്കിയ പണക്കൂമ്പാരത്തിനു മുകളിൽ ചങ്ങലയിട്ടു തളയ്ക്കപ്പെട്ട നിങ്ങളുടെ സ്വാതന്ത്ര്യവാഞ്ച അന്ന് ഇടനെഞ്ചുപൊട്ടി കരയും.

ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ
എന്ന കവിവചനം അന്ന് നിങ്ങൾ ഏറ്റേറ്റു പാടും.

രണ്ടാം പ്രതികൾ, എഴുത്തിനേയും എഴുത്തുകാരനേയും വേർതിരിച്ചു കാണാനാവാത്ത ചില അല്പബുദ്ധികളാണ്. എഴുത്തുകാരനൊപ്പം എഴുത്തും തന്റെ ചൊറി മാന്തി തരേണ്ടതുണ്ടെന്ന് ഇക്കൂട്ടർ ശഠിക്കുന്നു. ചൊറി മാന്തി സമൂഹത്തെ സുഖപ്പെടുത്തേണ്ട വൈദ്യനാണ് എഴുത്തുകാരനെന്നാണ് ഇവരുടെ ധാരണ. ചൊറിയിൽ പുരട്ടേണ്ട മരുന്നുകൾ, മാന്താൻ വളർത്തേണ്ട നഖവളർച്ച, രോഗിക്ക് നീറ്റലുണ്ടാവുമ്പോൾ പകരേണ്ട ആശ്വാസവചനങ്ങൾ - ഇതൊക്കെയാണ് എഴുത്തിലുണ്ടാവേണ്ടത്, അതാണ് എഴുത്തുകാരൻ പകരേണ്ടതെന്ന് ഈ പമ്പരവിഡ്ഡികൾ ധരിച്ചു വശായിരിക്കുന്നു.

ചൊറിചിരങ്ങുകാരനായി മറ്റുള്ളവരുടെ മാന്തലിനിരക്കുകയും അതേ സമയം മറ്റൊരുത്തന്റെ ചൊറി മാന്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന് തന്നെ മാന്തുന്നവന്റെ നഖമൂർച്ചയെ കുറിച്ച് വേവലാതി ഉണ്ടാകും. പക്ഷേ നിത്യരോഗികളേ, അതല്ല എഴുത്ത്. അതൊരു സ്വാതന്ത്ര്യമാണ്. ഒരു വൃണത്തിന്റേയും ഭീഷണിയില്ലാതെ സർവ്വതന്ത്ര സ്വതന്ത്രമായി എഴുത്തുകാരൻ സ്വയം ലയിച്ച് നിർവഹിക്കേണ്ട സൃഷ്ടികർമ്മമാണ്. നിങ്ങളുടെ വ്രണങ്ങൾ ചികിത്സിച്ചു മാറ്റൂ. ഇല്ലെങ്കിൽ ഒരിക്കലും നിങ്ങൾക്കീ ആനന്ദം അനുഭവിക്കാനാവില്ല.

ഹരീഷിന്റെ എഴുത്ത് നിങ്ങളുടെ വ്രണത്തിൽ നിന്ന് ചലമൊലിപ്പിച്ചത് ഹൃദയഭേദകമായെങ്കിൽ മതിയാവോളം മോങ്ങിക്കോളൂ.. പക്ഷേ അതിന്റെ ദുർഗന്ധവും ഓരിവായ്ത്താരികളും നിങ്ങളിൽ ഒതുങ്ങി നിൽക്കാൻ ശ്രദ്ധിക്കണം. പൊതു ഇടത്തേയ്ക്ക് കൊണ്ടു വന്ന് മറ്റുള്ളവരുടെ സ്വാസ്ഥ്യം കെടുത്തരുത്.

അതല്ല, ഹരീഷ്, ഇത് താങ്കളുടെ മാത്രം തീരുമാനമാണെങ്കിൽ താങ്കൾ അടിയന്തിരമായി താങ്കളെ ബാധിച്ച വ്രണം ചികിത്സിച്ചു മാറ്റേണ്ടതുണ്ട്; ഭേദപ്പെട്ട് എത്രയും വേഗം താങ്കൾ എഴുത്ത് തുടരേണ്ടതുണ്ട്. വ്യക്തിപരമായ സ്വാതന്ത്ര്യമോ താല്പര്യമോ ആയി കരുതി താങ്കൾ താങ്കളുടെ പരിധിയിലേക്ക് സ്വയം ഒതുങ്ങുമ്പോൾ, എഴുതുന്ന മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ കൂടി അപകടപ്പെടുത്തുകയാണ് താങ്കൾ ചെയ്യുന്നത്. വ്രണപ്രേമികളുടെ ആക്രോശ മാടമ്പിത്തരങ്ങൾക്ക് വളമിട്ട് കൊടുക്കരുത്. എഴുത്താണ് താങ്കളെ നയിക്കുന്നതെങ്കിൽ താങ്കൾക്ക് തിരിച്ചു വരാതിരിക്കാനാവില്ല.

പിന്നെ ചില കൂട്ടരുണ്ട്. താൻ ഇന്ന സ്വത്വം മാത്രമാണെന്ന് സ്വയം പ്രഖ്യാപിച്ച് ആ പരിസരത്തു നിന്നു മാത്രം കാഴ്ച്ച കാണാൻ ശ്രമിക്കുന്നവർ. പെണ്ണിനെ എന്തു പറഞ്ഞു, വിശ്വാസിയെ എന്തു പറഞ്ഞു, ദളിതനെ എന്തു പറഞ്ഞു എന്നൊക്കെ മാത്രമാണ് ഇക്കൂട്ടർ ശ്രദ്ധിക്കുക. ഇത്തരം പരിശോധനകൾ അരുതാത്തതൊന്നുമല്ല. പക്ഷേ ചിലപ്പോഴെങ്കിലും അത് അരോചകമാം വിധം ഏകപക്ഷീയമായ കൂക്കിവിളികൾ മാത്രമാകാറുണ്ട്. എങ്കിൽ പോലും വായനക്കാരന് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നുള്ളത് നിഷേധിക്കുന്നില്ല.

സ്വതന്ത്രമായി എഴുതാനുള്ള സ്വാതന്ത്ര്യത്തിന് ഒപ്പം നിൽക്കുന്നു.

എഴുതുന്നതിൽ സ്ത്രീവിരുദ്ധതയോ സവർണ്ണഘോഷമോ വർണ്ണവെറിയോ ഉണ്ടാവട്ടെ. കലാപകോലാഹലങ്ങളില്ലാതെ അത് തള്ളാനും കൊള്ളാനും പക്വമായ ഒരു സമൂഹമാണ് രൂപപ്പെട്ടു വരേണ്ടത്. എഴുതുന്നതിൽ സാഹിത്യമില്ലെങ്കിൽ, എഴുത്തുകാലത്ത് കോളിളക്കമുണ്ടാക്കിയ സൃഷ്ടികളെ പോലും ചരിത്രമെടുത്ത് ചവറ്റു കുട്ടയിലിടും. എഴുതുന്നതിൽ സാഹിത്യമുണ്ടെങ്കിൽ, അതിലെന്ത് വിരുദ്ധതകളുണ്ടായാലും അത് വാമൊഴിയായോ വരമൊഴിയായോ സാഹിത്യലോകം സംരക്ഷിക്കുകയും ചെയ്യും. ‘ചാപല്യമേ നിന്റെ പേരോ സ്ത്രീ !’ എന്ന സ്ത്രീവിരുദ്ധ വിലാപമുള്ള നാടകം നൂറ്റാണ്ടുകൾക്ക് ശേഷവും തിളങ്ങി നിൽക്കുന്നത് അതിൽ സാഹിത്യ ഗുണമുള്ളതുകൊണ്ടാണ്. തേരാളിയുടെ പുത്രനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീയെ സദസ്സിനു മുമ്പിൽ വസ്ത്രാക്ഷേപം ചെയ്യുകയുമൊക്കെയുണ്ടായിട്ടും മഹാഭാരതം നിലനിൽക്കുന്നതും അതുകൊണ്ടു തന്നെ. എഴുതി തുടങ്ങുമ്പോഴേക്കും ജാതകപരിശോധന നടത്തുന്ന മഹതികൾ അതുകൂടി ഓർക്കുന്നത് നല്ലതാണ്.

അപ്പോൾ മമ്മൂട്ടി, പാർവ്വതി, രൺജിപണിക്കർ എന്നൊന്നും ചോദിച്ച് ഇങ്ങോട്ടു വരേണ്ട. അതൊക്കെ ഓരോ വ്യക്തികളുടെയും കാഴ്ച്ചപ്പാടും സ്വാതന്ത്രവുമാണ്. പണ്ടെഴുതിയ ഡയലോഗ് ഇന്ന് വേദനിപ്പിക്കുന്നുവെങ്കിൽ, തുറന്ന് പറഞ്ഞോട്ടെ, എഴുതാതിരിക്കട്ടെ. ഇല്ലെങ്കിൽ വേണ്ട. എഴുത്തുകാരന് എഴുതാനും വായനക്കാരന് അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം നില നിൽക്കണം.

വേദനിപ്പിക്കാൻ വേണ്ടി, വെറുപ്പ് പടർത്താൻ വേണ്ടി, കൊല്ലാൻ വേണ്ടി ഒക്കെ എഴുതുന്നുണ്ടെങ്കിൽ അതാണ് കാപട്യം. അത് സാഹിത്യമല്ല. കുടിലതയാണ്. എഴുതുന്നവന്റെ സൃഷ്ടിപരതയല്ല, ഒടുക്കുന്നവന്റെ നിഷ്ടൂരതയാണ് എഴുത്തിനെ നയിക്കുന്നതെങ്കിൽ അതിന് എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം ആവശ്യപ്പെടരുത്.

@Manoj V D Viddiman

No comments:

Post a Comment