Tuesday, March 12, 2019

നവകേരളനിർമ്മാണം - 2

ആവശ്യമാണ് കണ്ടുപിടിത്തങ്ങളുടെ മാതാവ് എന്ന് ഉറപ്പിക്കാവുന്ന ഒരു കണ്ടുപിടിത്തം വെള്ളപ്പൊക്കത്തോടനുബന്ധിച്ച് ഞങ്ങളുടെ നാട്ടിലുണ്ടായി.
മണിക്കൂറുകൾക്കുള്ളിലാണ് ഇരിങ്ങാലക്കുട - മൂന്നു പീടിക റോഡിൽ എടതിരിഞ്ഞിയ്ക്ക് കിഴക്കും പടിഞ്ഞാറുമായി . ഒരാൾപ്പൊക്കത്തിൽ വെള്ളം ഉയർന്നത് . വെള്ളം കയറാത്ത HDP സ്കൂളിലും RILP സ്കൂളിലും ഉൾക്കൊള്ളാവുന്നതിന്റെ പരമാവധിയിലും കൂടുതൽ പേർ അഭയാർത്ഥികളായി എത്തിക്കൊണ്ടിരിക്കുന്നു. ആളുകൾക്ക് എങ്ങനെയും ഇരിങ്ങാലക്കുടയിലേക്കോ മൂന്നു പീടികയിലേക്കോ പോയേ പറ്റൂ. വഞ്ചികളൊന്നും എത്തിയിട്ടില്ല.
PVC പൈപ്പുകളുപയോഗിച്ച് ചങ്ങാടമുണ്ടാക്കുന്ന ചിന്ത അങ്ങനെയാണ് പിറന്നത്. പഞ്ചായത്ത് അധികാരികൾ അവസരത്തിനൊത്തുയർന്നു. ആറിഞ്ച് PVC പൈപ്പുകളും ഫിറ്റിങ്ങുകളുമെത്തി. രതീഷ്, മണികണ്ഠൻ എന്നീ യുവാക്കൾ തങ്ങളുടെ ആശയം യാഥാർത്ഥ്യമാക്കി.
ദാ, ഒരു പുത്തൻ ചങ്ങാടം.
(ഫോട്ടോയിലുള്ളത് ബേസിക് മോഡലാണ്. അതിനേക്കാൾ മികച്ച മറ്റൊരു മോഡൽ കൂടിയുണ്ടായിരുന്നു. ഫോട്ടോ കിട്ടിയില്ല.).
വെള്ളം താഴുന്നതു വരെ, എടതിരിഞ്ഞിയിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് പോകുന്നവർക്ക് ഈ ചങ്ങാടങ്ങളായിരുന്നു കൂട്ട്.
പറഞ്ഞു വന്നത് ആവശ്യങ്ങളെ കുറിച്ചാണ്.
നമ്മൾ പുതിയൊരു കേരളം നിർമ്മിക്കുകയാണ്.
പുതിയ ആവശ്യങ്ങൾ വേണം, അതിൽ നിന്ന് പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാവണം. പുതിയ തീരുമാനങ്ങൾ ഉണ്ടാവണം.
മതിലുകളും വീടുകളും തകർന്നതിനാൽ പുനർനിർമ്മാണം ആഗ്രഹിക്കുന്നവരും പുതുതായി നിർമ്മിക്കാനാഗ്രഹിക്കുന്നവരും എല്ലാം സാമ്പ്രദായിക നിർമ്മാണരീതികളിലേക്ക് തന്നെ തിരിച്ചു പോയാൽ, നിർമ്മാണസാമഗ്രികൾക്ക് വില കുത്തനെ ഉയരും. കുന്നുകൾ കൂടുതൽ ഇടിക്കേണ്ടി വരും, കരിങ്കൽ ക്വാറികൾ കൂടുതൽ കൂടുതൽ പാറകൾ പൊട്ടിച്ച് മലനിരകൾ ദുർബലമാക്കും. പുഴകളിൽ നിന്ന് ഇനിയുമാഴത്തിൽ മണൽ വാരും. പാടങ്ങൾ നികത്തി കുറഞ്ഞ വിലയ്ക്ക് ഭൂമി സ്വന്തമാക്കാമെന്ന കുറുക്കൻ ബുദ്ധി ഇനിയും നമ്മൾ സ്വീകരിക്കും.
ആവശ്യത്തെ നിയന്ത്രിക്കാതെ, വിതരണം നിയന്ത്രിക്കാനാവില്ല.
അതുകൊണ്ട്
1. നിർമ്മാണങ്ങളിൽ അടിയന്തിരമായി നിയന്ത്രണങ്ങൾ കൊണ്ടു വരണം.
2. ബദൽ നിർമ്മാണരീതികൾ ഒരു ആവശ്യമായി ഭരണകൂടവും ജനങ്ങളും സ്വീകരിക്കണം. ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്ന് വിവരങ്ങൾ തേടണം. കേരളത്തിന് അനുയോജ്യമായി രൂപപ്പെടുത്തണം, സ്വീകരിക്കണം. പൊങ്ങച്ചനിർമ്മിതികളും പ്രകൃതിവിരുദ്ധനിർമ്മിതികളും നിരോധിക്കണം.
2. മതിലുകൾക്ക് പകരം ജൈവവേലി സ്വീകരിക്കണം. വേലിയായി വളർത്താൻ പറ്റിയ, ഉറപ്പും അനുയോജ്യമായ വളർച്ചയുമുള്ള, അതേ സമയം പച്ചക്കറിയായോ മറ്റോ ഉപയോഗിക്കാൻ കഴിയുന്ന സസ്യങ്ങൾ ഉപയോഗിക്കണം. മണ്ണിടിച്ചിൽ തടയാൻ പറ്റുന്ന കയർ ഭൂവസ്ത്രങ്ങളും കൂടുതലായി ഉപയോഗിക്കപ്പെടണം. മറ്റിടങ്ങളിൽ നിന്നുള്ള മാതൃകകളും അന്വേഷിച്ച് കണ്ടെത്തണം.
മലയാളയുവതയുടെ അന്വേഷണം ഈ മാർഗ്ഗങ്ങളിലേക്കും കണ്ടുപിടിത്തങ്ങളിലേക്കും കൂടി വ്യാപരിക്കട്ടെ.
@Viddiman

1 comment:

  1. Best 3rd Party Casinos - Mapyro
    Find the best 세종특별자치 출장마사지 3rd Party casinos 성남 출장샵 in the USA and more! Find the best 전라북도 출장마사지 casinos in USA and more, 양주 출장마사지 get deals and 김포 출장안마 discounts now!

    ReplyDelete