Tuesday, March 12, 2019

കാഡ്ബറീസിൽ എയിഡ്സ് ഉള്ള രക്തം ചേർത്ത ജീവനക്കാരൻ

ഇത്തരം മെസ്സേജുകൾ കാണുമ്പോൾ എന്താണ് ചെയ്യാറുള്ളതെന്ന് പറയാം.
ഇതിലെ കീ വേഡുകൾ - ഇവിടെ Cadbury, Dairymilk, + HIV Virus എന്നീ വാക്കുകൾ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കും. തട്ടിപ്പാണെന്ന് സംശയമുണ്ടെങ്കിൽ ( അത് തോന്നാനുള്ള കാരണം പിന്നെ പറയാം ) Hoax എന്നു കൂടി ചേർത്തായിരിക്കും സെർച്ച് ചെയ്യുക.
സ്വാഭാവീകമായും ഗൂഗിൾ പല ലിങ്കുകളും തരും. അതിൽ വിശ്വാസയോഗ്യമായ ലിങ്കുകൾ - വിക്കിപീഡിയ, പ്രശസ്തമായ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, ശാസ്ത്ര സംഘടനകൾ ഗവണ്മെന്റ് സ്ഥാപനങ്ങൾ (.gov എന്നു കാണുന്നവ) യുടെ പോസ്റ്റുകൾ വായിക്കും. ( വിക്കിപീഡിയയിൽ ആധികാരികമല്ലാത്ത വിവരങ്ങളും ഉണ്ടാവാറുണ്ടെന്ന് പറയുന്നുണ്ട്. എങ്കിലും പ്രാഥമീക വിവരാന്വേഷണത്തിന് വിക്കിപീഡിയ ഉപകരിക്കും) പോരെന്നു തോന്നിയാൽ വിഷയം കൂടുതൽ പഠിക്കും. നെറ്റിൽ അസത്യവും വാസ്തവവിരുദ്ധമായ കാര്യങ്ങളും ഒരുപാട് പ്രചരിപ്പിക്കപ്പെടുന്നുണ്ട് എന്നുള്ളതുകൊണ്ട് നാം വിവരം സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ ആധികാരികതയും അംഗീകാരവും വളരെ പ്രധാനപ്പെട്ടതാണ്. അതുകൂടി തിരിച്ചറിഞ്ഞില്ലെങ്കിൽ നാം തെറ്റായ വിവരങ്ങൾ ചിലപ്പോൾ ശരിയായി സ്വീകരിച്ചെന്നു വരാം.
ഫേസ്ബുക്കിലും വാട്ട്സാപ്പിലുമെല്ലാം ഇത്തരം വ്യാജപ്രചരണങ്ങൾ ഇതിനു മുമ്പേ കറങ്ങി നടന്നിട്ടുണ്ടെന്ന വിവരം മിക്കവാറും ആദ്യ ലിങ്കുകളിൽ നിന്നു തന്നെ കിട്ടാറുണ്ട്. വളരെ അപൂർവ്വമായേ അല്ലാത്ത വിഷയങ്ങൾ കാണാറുള്ളൂ.
Cabdury HIV Hoax എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയ റിസൾട്ട് സ്ക്രീൻ ഷോട്ടായി വെക്കുന്നു.
ചില പോസ്റ്റുകൾ കാണുമ്പോൾ അതിലുള്ളത് വ്യാജമായ വസ്തുതകളാണെന്ന് തോന്നാനുള്ള കാരണം പറയാം. വിഡ്ഡികളാണ് ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യാറുള്ളതെങ്കിലും, അത് പടച്ച് വിടുന്നവർ ബുദ്ധിയുള്ളവരായിരിക്കും. അതുകൊണ്ട്, ഒറ്റ നോട്ടത്തിൽ സത്യമെന്നു/ആധികാരികമെന്ന് തോന്നിക്കുന്ന ചില വിവരങ്ങൾ കൂടി അതിൽ ചേർത്തിട്ടുണ്ടായിരിക്കും. ഇവിടെ നോക്കൂ, BBC News എന്ന വാക്കു ചേർത്തിട്ടുണ്ട്. കുറച്ചു നാൾ മുമ്പ് കണ്ട മറ്റൊരു വ്യാജസന്ദേശത്തിൽ, Dr. Anjali Mathur, Indo American Hospital, South Deccotta, USA എന്ന വിലാസം ചേർത്തിട്ടുണ്ടായിരുന്നു. ആധികാരികമെന്ന് വിശ്വസിപ്പിക്കാനായി ചേർക്കുന്ന ഇത്തരം വാക്കുകൾ ഉപയോഗിച്ച് നെറ്റിൽ ഷെയർ ചെയ്താലും മിക്കപ്പോഴും സത്യം അറിയാൻ കഴിയും. സംശയമുണ്ടെങ്കിൽ BBC News ഇൽ ഇങ്ങനെയൊരു വാർത്ത വന്നിട്ടുണ്ടോയെന്ന് സെർച്ച് ചെയ്തു നോക്കൂ.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51(H) അനുസരിച്ച് മാനവീകയും അന്വേഷണത്വരയും ശാസ്ത്ര ബോധവും വളർത്തേണ്ടത് ഓരോ ഇന്ത്യൻ പൗരന്റേയും കടമയാണ്. രാഷ്ട്രം കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും നൽകുന്നത് ഈ ഒരു ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ്.
ഇന്റർനെറ്റ് ഉപയോഗിക്കുന്ന മിക്കവരും സാമാന്യവിഭ്യാഭ്യാസം നേടിയവരായിരിക്കുമെന്ന് കരുതുന്നു. ദയവായി അസത്യവും വ്യാജവാർത്തകളും പ്രചരിപ്പിച്ച് നമ്മുടെ രാജ്യത്തെ നുണകളുടെ പടുകുഴിയിലേക്ക് തള്ളിയിടാതിരിക്കുക ; നാണം കെടുത്താതിരിക്കുക. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്യാതിരിക്കുക. സെൻസിറ്റീവായ വിഷയങ്ങളെപ്പറ്റി ദുഷ്ടബുദ്ധികൾ പടച്ചുണ്ടാക്കുന്ന വ്യാജവാർത്തകൾ ഷെയർ ചെയ്പ്പെട്ടാൽ അത് കലാപങ്ങൾക്കു വരെ ഇടയാക്കിയേക്കാം. ഇത്തരം നുണകൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന സമയം ശാസ്ത്രവും വസ്തുതകളും പഠിക്കാൻ ഉപയോഗിക്കുക. അത്തരം പഠനങ്ങളിലൂടെ ലഭ്യമാകുന്ന അറിവാണ് ഫേസ്ബുക്കിലും വാട്ട്സാപ്പിലും കാണുന്ന പല വിവരങ്ങളും വ്യാജമാണോയെന്ന ന്യായമായ സംശയം ജനിപ്പിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്.
ഈ വാർത്ത വ്യാജമാണോയെന്ന് ഇനിയും സംശയമുണ്ടെങ്കിൽ, എച്ച് ഐ വൈറസ്, അത് പകരാനുള്ള സാഹചര്യം, ശരീരസ്രവങ്ങളിൽ നിന്ന് പുറത്തെത്തിയാൽ എച്ച് ഐ വി വൈറസിന് എത്ര സമയം ജീവിക്കാനാകും തുടങ്ങിയ വിവരങ്ങൾ അന്വേഷിക്കുക.
സത്യാന്വേഷണം ഒരു ജീവിതചര്യയാക്കൂ.
സത്യം നിങ്ങളെ സ്വതന്ത്രരാക്കുന്നു എന്നാണല്ലോ.
@ Viddiman

No comments:

Post a Comment