Tuesday, March 12, 2019

നവകേരളനിർമ്മാണം - 4

പ്രളയത്തിൽ തകർന്നടിഞ്ഞ വീടുകൾ വീട്ടുടമകൾ പുനർനിർമ്മിക്കാനൊരുങ്ങുകയാണ്. 

പലയിടത്തും, പുനർനിർമ്മാണത്തിന് അവരെ സഹായിക്കാമെന്നേറ്റ നന്മ വറ്റാത്ത മനുഷ്യർ ഇപ്പോഴും കൂടെയുണ്ട്. 

പക്ഷേ. 

1. ചുവപ്പുനാടകൾ ഇപ്പോഴും തനിസ്വഭാവം കാണിക്കുകയാണ്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി ഫണ്ട് വഴിയോ സംഭാവന വഴിയോ സൗജന്യമായി വീടു നിർമ്മിച്ചു നൽകാൻ കമ്പനികളും വ്യക്തികളും മുന്നോട്ടു വരുമ്പോഴും ഈ സന്നദ്ധതയും ഫണ്ടും എങ്ങനെ സ്വീകരിക്കണമെന്നും വിനിയോഗിക്കണമെന്നറിയാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇരുട്ടിൽത്തപ്പുകയാണ്. വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ അടിയന്തിരമായി ലഭിക്കേണ്ടതുണ്ട്.

2. ആശങ്കപ്പെട്ടതുപോലെ തന്നെ, ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതോടെ, നിർമ്മാണസാമഗ്രികളുടെ വില 25 % മുതൽ 50% വരെ കുതിച്ചുയർന്നിരിക്കുന്നു. ഇന്ധനവിലവർദ്ധനവും പ്രധാനകാരണമാണ്. താൽക്കാലീകമായി ഒന്നു ഷെഡു കെട്ടി താമസിക്കണമെന്നാണെങ്കിൽ, റൂഫിങ്ങ് ഷീറ്റിനും അനുബന്ധസാമഗ്രികൾക്കും വില കുതിച്ചുയർന്നിരിക്കുന്നു. ആവശ്യക്കാർ കൂടിയതോടെ വാടകയ്ക്ക് ലഭ്യമായ വീടുകളുടെ വാടകയും കുത്തനെ ഉയർന്നിരിക്കുന്നു.

3. 'പുതിയകേരളത്തിന് പുതിയ നിർമ്മാണം' എന്ന മുദ്യ്രാവാക്യം പ്രളയത്തിന് ശേഷം ഉയർന്നുവന്നിരുന്നു. എന്നാൽ വീടുകൾ ഊർജ്ജിതമായി പുനർനിർമ്മിക്കാനൊരുങ്ങപ്പെടുന്ന ഈ സന്ദർഭത്തിലും പ്രകൃതിക്കിണങ്ങുന്ന, ലാഭകരമായ പുതിയ നിർമ്മാണരീതികൾ എവിടെയുമവതരിക്കപ്പെട്ടു കാണുന്നില്ല. തകർന്നടിഞ്ഞ വീടുകളിൽ നല്ലൊരു ശതമാനം, ചുട്ടെടുക്കാത്ത മണ്ണ്, കളിമണ്ണ് ഇഷ്ടികകൾ കൊണ്ട് നിർമ്മിക്കപ്പെട്ട, പുനർനിർമ്മിക്കാൻ തക്ക സാമ്പത്തീകശേഷി വീട്ടുകാർക്ക് ഇല്ലാത്തതുകൊണ്ടു മാത്രം പ്രളയം വന്ന് തൊടുന്നതുവരെ പിടിച്ചു നിന്ന വീടുകളാണ്. അവരുടെ കണ്ണിൽ, വെള്ളം കയറിയിട്ടും തകരാതെ പിടിച്ചു നിന്നത് കോൺക്രീറ്റ് വീടുകളാണ്.

അത്തരക്കാരോട്, പ്രാദേശീകമായി ലഭ്യമായ വസ്തുക്കളുപയോഗിച്ച് ( പ്രധാനമായും മണ്ണു തന്നെ) പ്രകൃതിസൗഹൃദ വസ്തുക്കളുപയോഗിച്ച് വീട് നിർമ്മിക്കാൻ ആവശ്യപ്പെടുന്നതിന്ന്മുമ്പ് അവരുടേ വിശ്വാസം ആർജ്ജിജ്ജെടുക്കാൻ തക്ക ശേഷിയുള്ള അത്തരം നിർമ്മാണങ്ങൾ അവരെ കാണിച്ചു കൊടുക്കാനുണ്ടാകണം. അതുകൊണ്ട് ബദൽ നിർമ്മാണരീതികളെ കുറിച്ചുള്ള അന്വേഷണങ്ങളും അവലംബിക്കലും അടിയന്തിരമായി നടക്കേണ്ടതുണ്ട്. ആയതിലേക്കായി സർക്കാർ, സർക്കാരിത ഗവേഷണ സ്ഥാപനങ്ങൾ, എഞ്ചിനീയർമാർ തുടങ്ങിയവരെല്ലാം സത്വര ശ്രദ്ധ പതിപ്പിക്കണം. മാതൃകകൾ നിർമ്മിച്ച് ജനങ്ങളുടെ ശ്രദ്ധയും വിശ്വാസവും ആർജ്ജിക്കണം. ബലവും സൗകര്യവും സാമ്പത്തീകലാഭവുമുണ്ടെങ്കിൽ ജനങ്ങൾക്ക് അത് സ്വീകരിക്കാൻ ഒരു മടിയുമുണ്ടാവില്ല.

4. നിർമ്മാണമേഖലയുമായി ബന്ധപ്പെട്ട് മാഫിയകൾ രൂപമെടുക്കുന്നത്, അത്തരത്തിലായും ലഭ്യമായ സാമഗ്രികൾക്ക് ആവശ്യക്കാരുള്ളതുകൊണ്ടാണ്. മണൽ, നിർമ്മാണത്തിന് ആവശ്യമായതുകൊണ്ടും ആവശ്യക്കാരേറേയുണ്ടായിരുന്നതുകൊണ്ടും എന്നാലത് ആവശ്യാനുസാരം ലഭ്യമാകുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നതു കൊണ്ടും മണൽ മാഫിയ രൂപം കൊണ്ടു. അതുമൂലം നദികളുടെ മരണമണി മുഴങ്ങുമെന്നായതോടെ, സർക്കാർ കർശനനടപടികളെടുത്ത് മണൽവാരൽ നിയന്ത്രിച്ചു. ഇഷ്ടികകളങ്ങൾ പാതാളത്തോളം താഴ്ന്ന് ഭൂഗർഭജലവിതാനം വളരെയധികം താണതോടെ കളിമണ്ണെടുപ്പും നിരോധിച്ചു.

പക്ഷേ അപ്പോഴും മണലിനും ഇഷ്ടികയ്ക്കുമുള്ള ആവശ്യം ഇല്ലാതായില്ല. ആവശ്യമുള്ളവർ മറ്റ് മാർഗ്ഗങ്ങൾ തേടി. പാറ പൊടിച്ച് മണലായി ഉപയോഗിക്കാമെന്ന് കണ്ടെത്തി. പാറ മണലും ബേബി മെറ്റലും ഉപയോഗിച്ച് സിമന്റ് ഇഷ്ടികകൾ നിർമ്മിക്കാമെന്ന് കണ്ടെത്തി. ആവശ്യക്കാരുണ്ടെന്നും ലാഭമുണ്ടെന്നും കണ്ടതോടെ പാറ പൊടിച്ച് മണലും മെറ്റലുമാക്കുന്ന ക്വാറികൾ വ്യാപകമായി. എങ്ങനെയായാലും എവിടെ നിന്നായാലും തങ്ങൾക്ക് നിർമ്മാണസാമഗ്രികൾ കിട്ടിയാൽ മതി എന്ന് ചെറുതും വലുതുമായ നിർമ്മാതാക്കൾ ആവശ്യം ഉയർത്തിയതോടെ ക്വാറികൾ, ക്വാറി മാഫിയയായി, കരിങ്കൽ കുന്നുകളും മലകളും നിന്നനിൽപ്പിൽ അപ്രത്യക്ഷമായി.

ഇവിടെ യഥാർത്ഥപ്രതികൾ ഈ 'മാഫിയ'കൾ മാത്രമാണോ ? ഈ നിർമ്മാണസാമഗ്രികളെല്ലാം കേരളത്തിനു പുറത്തേയ്ക്കാണ് പോകുന്നതെങ്കിൽ.'അതേ' യെന്ന് നിസ്സംശയം പറയാമായിരുന്നു. പക്ഷേ അതല്ലല്ലോ യാഥാർത്ഥ്യം.

ഈ മണലിനും മെറ്റലിനും ഇവിടെ ഇത്രയും ആവശ്യക്കാരില്ലായിരുന്നുവെന്ന് കരുതുക. ആവശ്യക്കാരില്ലെങ്കിൽ, വില കുറയും, ലാഭം കുറയും, നിർമ്മാതാക്കളും നിർമ്മാണവും കുറയും. ഇനിയുള്ള മലകളും കുന്നുകളുമെങ്കിലും അതു പോലെ നിലനിൽക്കും.

ഒന്നിനും മാറ്റമുണ്ടായില്ലെങ്കിൽ, നിർമ്മാണം ആവശ്യമായി വരുമ്പോൾ നമ്മൾ തന്നെ തലയിൽ മുണ്ടിട്ട് ഇതേ 'മാഫിയ'യെ ആശ്രയിക്കും.

കേരളത്തിന്റെ പാരിസ്ഥിതിക തകർച്ചയുടെ ഒന്നാം പ്രതി, ഇതേ നിർമ്മാണരീതികൾ നമ്മെ പഠിപ്പിച്ച ഇവിടത്തെ എഞ്ചിനീയറിങ്ങ് ലോകമായി തുടരുകയും ചെയ്യും

ബദൽ നിർമ്മാണരീതികളുടെ പ്രസക്തി ഇതുകൊണ്ടുകൂടിയാണ് ഉയരുന്നത് ; നിർമ്മാണങ്ങൾ പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യവും. എന്തൊക്കെ ആഡംഭരങ്ങളും അനാവശ്യങ്ങളുമാണ് നാം നിർമ്മിച്ചു കൂട്ടുന്നത് ! എത്രയോ വീടുകൾ ഒഴിഞ്ഞു കിടക്കുന്നു ! ആളുകൾ കയറാതെ എത്രയോ മുറികൾ പൊടിപിടിച്ചു കിടക്കുന്നു ! മുറ്റത്ത് ചെളി കെട്ടാതിരിക്കാനെന്ന പേരിൽ കോൺക്രീറ്റ് ടൈലുകൾ വിരിക്കുന്നു. രണ്ടു വർഷത്തെ മഴ കഴിഞ്ഞ് പൂപ്പൽ പിടിക്കുമ്പോൾ അതിൽ ചവിട്ടി വഴുതി വീണ് നടുവൊടിയുന്നു, വേനൽ ക്കാലത്ത് ഇതേ ടൈലുകൾ വെയിലേറ്റ് ചൂടു പിടിച്ച് വീട്ടകത്തേയ്ക്ക് ചൂടടിക്കുമ്പോൾ മുറികളിൽ എ സി വെക്കുന്നു. !

നാം മാറിയേ തീരൂ. കേരളത്തിൽ, ഒരു കുടുംബത്തിന് ഒരു വീടു മതി, അതും ഇത്ര സ്ക്വയർഫീറ്റുള്ള വീടു മതി എന്ന് നാം അടിയന്തിരമായി തീരുമാനമെടുത്തേ പറ്റൂ. വികസനസൂചികയിൽ മുൻപന്തിയിൽ നിൽക്കുന്ന പല രാജ്യങ്ങളും അത്തരം നിബന്ധനകൾ എത്രയോ മുമ്പേ സ്വീകരിച്ചതായി നാം അറിയണം.

@Viddiman

( വിവരങ്ങൾക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടകര മേഖലയോട് കടപ്പാട് )

No comments:

Post a Comment