Tuesday, March 12, 2019

ശാസ്ത്രവും മതവും എം പി പരമേശ്വരന്റെ നിലപാടുകളും ചില ചോദ്യങ്ങളും.

-------------------------------

ശാസ്ത്രവും മതവും - 1.

ജീവിതായോധനത്തിനു വേണ്ടി പ്രകൃതിയുമായി പ്രതിപ്രവർത്തിക്കുന്നതിലൂടെ മനുഷർക്ക് ലഭിച്ച അനുഭവങ്ങളിൽ നിന്നാണ് ശാസ്ത്രം രൂപപ്പെടുന്നത്. 

ജീവിതായോധനത്തിനു വേണ്ടി സമൂഹവുമായി പ്രതിപ്രവർത്തിക്കുന്നതിലൂടെയാണ് മതങ്ങൾ രൂപപ്പെടുന്നത്. 

ശാസ്ത്രം ഇഹേലാകത്തിലെ, ജനജീവിതപ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കാണാൻ ശ്രമിക്കുന്നു. അതിൽ പരാജയപ്പെടുമ്പോൾ മതത്തിന്റെ രൂപത്തിൽ പരലോകത്ത്, മറ്റാരുതരത്തിൽ പരിഹാരം കാണാൻ ശ്രമിക്കുന്നു. അത് ഇഹേലാകജീവിതത്തിലെ പ്രയാസങ്ങൾ സഹിക്കാനുള്ള മനക്കരുത്ത് നൽകുന്നു.

ശാസ്ത്രം പ്രകൃതിയിലെ പരസ്പരപ്രവർത്തനനിയമങ്ങൾ പഠിക്കുന്നു; ഉപയോഗിക്കുന്നു. മതം സമൂഹത്തിലെ പരസ്പരപ്രവർത്തനങ്ങൾക്ക് നിയമങ്ങൾ നിർദേശിക്കുന്നു. രണ്ടും ജനസാമാന്യത്തിന്റെ മോചനത്തിനായാണ് രൂപപ്പെട്ടത്.

സമൂഹം ഉള്ളവരും ഇല്ലാത്തവരും ആയി വേർപിരിയാൻ തുടങ്ങുന്നതോടെ ഉള്ളവർ രണ്ടിനെയും - ശാസ്ത്രത്തെയും മതത്തെയും, സ്വന്തമാക്കുന്നു. തങ്ങളുടെ ഉയർച്ചയ്ക്കായി ഉപയോഗിക്കുന്നു.

ശാസ്ത്രത്തെ ധനികവത്കരിക്കപ്പെടുന്ന ന്യൂനപക്ഷത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെടുത്തുന്നതുപോലെ, മതത്തയും അവരിൽ നിന്ന് മോചിപ്പിക്കണം. രണ്ടിനെയും ദരിദ്രവത്കരിക്കപ്പെടുന്ന ഭൂരിപക്ഷത്തിന്റെ മോചനത്തിനായി ഉപയോഗിക്കണം.

ശാസ്ത്രത്തെ എങ്ങനെ ഉപയോഗിക്കാമെന്നതിനെപ്പറ്റി ഏകദേശധാരണകളുണ്ട്. എങ്ങനെയാണ് മതത്തെ ഭൂരിപക്ഷത്തിന്റെ മോചനത്തിനായി ഉപയോഗിക്കുക?

ഓരോ മതവും ആരംഭകാലത്ത് ഉയർത്തിക്കൊണ്ടുവന്ന മൂല്യങ്ങൾ വീണ്ടും ഉയർത്താൻ ശ്രമിക്കാം. മിക്കവാറും എല്ലാ മതങ്ങളിലും ഇത് ഒന്നുതന്നെ ആയിരുന്നു. മറ്റു മതങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഹിന്ദുമതം, അതിനെ പ്രത്യേകമായി പരിഗണിക്കണം എന്ന വാദമുണ്ട്. അതിന്റെ ആവശ്യമില്ല.

ഇങ്ങനെ മതങ്ങളിൽ നിന്ന് ഉയർത്തിക്കൊണ്ടു വരുന്ന മൂല്യങ്ങൾ ദരിദ്രഭൂരിപക്ഷത്തിന് സ്വീകാര്യമായിരിക്കും. അവയെ മുൻനിർത്തിക്കൊണ്ടാണ് മതത്തെ ദുരുപയോഗിക്കുന്നവരെ നേരിടേണ്ടത് ;
മതനിഷേധത്തിലൂടേയോ ജനമനസ്സിൽ മതങ്ങളുമായി വേർതിരിക്കാനാകാത്തവിധം ബന്ധപ്പെട്ടിരിക്കുന്ന വിശ്വാസങ്ങളുടെ നിഷേധത്തിലൂടെയൊ അല്ല. ജനസാമാന്യത്തെ ശാസ്ത്രത്തിന്റെ ഖഡ്ഗം അണിയിക്കുന്നപോലെ അത്രതന്നെ പ്രധാനമാണ് അവർക്കു മതത്തിന്റേതായ പരിച നൽകുന്നത്.

മതദുരുപയോഗമാകുന്ന ഖഡ്ഗപ്രയോഗത്തെ നേരിടാൻ ഈ പരിച ആവശ്യമാണ്. എല്ലാ മതങ്ങളും തുടക്കത്തിൽ ആർത്തിക്ക് എതിരാണ്; കാപട്യത്തിന്നെതിരാണ്; സ്വാർത്ഥത്തിന്നെതിരാണ്.

എം. പി. പരമേശ്വരൻ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.
പരിഷദ് വാർത്ത 2016 നവംബർ 15- 30
------------------------------------------------

സംശയങ്ങൾ :

1. ശാസ്ത്രം പൂർണ്ണമായും യുക്തിയുടെ ഉത്പന്നമാണ്. മതം പൂർണ്ണമായും യുക്തിയുടെ ഉത്പന്നം തന്നെയാണോ ?

2. സമൂഹത്തിലെ പരസ്പരപ്രവർത്തനങ്ങൾക്ക് നിയമങ്ങൾ നിർദ്ദേശിക്കാൻ തുടങ്ങിയത് യുക്തിയായിരുന്നോ മതമായിരുന്നോ ?

3. മഹാഭൂരിപക്ഷം മതവിശ്വാസികൾക്കും, അവരെ എതിർക്കുന്ന മതനിരാസകർക്കും മതമെന്നാൽ മൂല്യത്തെക്കാളുപരി ആചാരങ്ങളാണ്. മതത്തിന്റെ ആരംഭകാലത്തെ മൂല്യങ്ങൾ വീണ്ടും ഉയർത്താൻ ശ്രമിക്കണം എന്നു പറയുമ്പോൾ അവർ കേൾക്കുന്നത് മതത്തിന്റെ ആരംഭകാലത്തെ ആചാരങ്ങൾ ഉയർത്താൻ ശ്രമിക്കണം എന്നായിരിക്കാനാണിട. ആ കേൾവിത്തകരാറിനെ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ കൂടി മുന്നിൽകാണാതെ അവരെ ഇങ്ങനെയൊരു പരിച ഏല്പിക്കുന്നത് വെളുക്കാൻ തേച്ചത് പാണ്ടാവുന്ന സ്ഥിതിയുണ്ടാക്കില്ലേ ?. അചാരങ്ങളുടെ ആശാന്മാരായ പുരോഹിതവർഗ്ഗം, ആ പരിച അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയും ചെയ്യില്ലേ ?.

4. . ശാസ്ത്രം ഇഹലോകത്തെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തുന്നു. അതിൽ വിജയിക്കുന്നതുകൊണ്ട് പരലോകത്തെ മറ്റൊരുതരം പ്രശ്നപരിഹാരത്തിനായി കാത്തിരിക്കുന്നില്ല. ഈ ജീവിതാവസ്ഥയല്ലേ നോർവേ, സ്വീഡൻ പോലെയുള്ള രാജ്യങ്ങളിലെ സന്തുഷ്ടരായ ജനങ്ങളെ മതമുപേക്ഷിക്കാൻ പ്രാപ്തരാക്കുന്നത് ? അത്തരമൊരു ജീവിതാവസ്ഥയിൽ എത്തിയാൽ ലോകത്തെവിടെയുമുള്ള മനുഷ്യർക്ക് മതം അനാവശ്യമാകില്ലേ ?

@ Viddiman

No comments:

Post a Comment