Tuesday, March 12, 2019

പ്രളയദുരന്തവും സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചും

നിയമങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെടുന്നതല്ലാതെ, ജീവനക്കാർ മാനവീകതയും സാമൂഹ്യബോധവും പുലർത്തണമെന്ന് സർവീസ് ചട്ടങ്ങൾ പറയുന്നില്ല. ഭരണഘടനയിലും അത്തരം നിബന്ധനകളില്ല. 

നാട്ടുകാരെ പോലെ തന്നെ ഗവണ്മെന്റ് ജീവനക്കാരും പല സ്വഭാവവും കാഴ്ച്ചപ്പാടുകളുമുള്ളവരാണ്.. കൈക്കൂലി ചോദിച്ചു വാങ്ങിക്കുന്നവരും കിട്ടിയാൽ വാങ്ങിക്കുന്നവരും വാങ്ങിക്കാത്തവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഉയർന്ന ശമ്പളം വാങ്ങിക്കുന്നവരും മണിമാളികകൾ പണിതുയർത്തിയവരും ചെറിയ ശമ്പളക്കാരായ, ചെറുവീടുകളിൽ താമസിക്കുന്നവരും ഉണ്ട്. ശമ്പളത്തിലെ ചിലവുകൾ കഴിച്ച് ധാരാളം മിച്ചം വെക്കുന്നവരും ഒരു രൂപ പോലും മാറ്റി വെക്കാൻ കഴിയാത്തവരും ഉണ്ട്. ദയാലുക്കളും പിശുക്കന്മാരുമുണ്ട്.

കഴിഞ്ഞ മാസം ഉണ്ടായ പ്രളയത്തിൽ, ദുരന്തമുഖത്ത് ജനങ്ങളോടൊപ്പം നിന്ന് കൈമെയ്യ് മറന്ന് പണിയെടുത്തവർ ഉണ്ട്. അവധി ദിവസങ്ങളിൽ ചെയ്ത ജോലിക്ക് കോമ്പൻസേറ്ററി ഓഫ് എടുക്കേണ്ടതില്ല എന്നു തീരുമാനിച്ചവർ ഉണ്ട്. ദുരന്തദിവസങ്ങളിലെ രക്ഷാപ്രവർത്തങ്ങൾക്ക് കൈയ്യയച്ച് പൈസ ചിലവഴിച്ചവർ ഉണ്ട്, ഗവണ്മെന്റ് തിരിച്ചു തരാമെന്ന് അറിയിച്ചിട്ടും അതൊന്നും വേണ്ടെന്നു വച്ചവർ ഉണ്ട്.

ഇവർക്കൊപ്പം തന്നെ, ജോലി കഴിഞ്ഞ് വാർത്തകളിൽ പ്രളയത്തിൽ വിറങ്ങലിച്ച നാടിന്റെ ദുരന്തമുഖങ്ങൾ കണ്ട് കോട്ടുവായിട്ട് കാലിനിടയിൽ കൈയ്യ് വെച്ച് സുഖമായി കിടന്നുറങ്ങിയവരുണ്ട്. പുനർനിർമ്മാണത്തിനായി അനുവദിക്കപ്പെടുന്ന ഫണ്ടുകളിൽ നിന്ന് എങ്ങനെ അടിച്ചുമാറ്റാം എന്ന് കണക്കുകൂട്ടലുകളും പഠനങ്ങളും നടത്തിത്തുടങ്ങിയവർ ഉണ്ട്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി കേരളപുനർനിർമ്മാണത്തിനായി ജനങ്ങളോട് ഒരു മാസത്തെ ശമ്പളം അഭ്യർത്ഥിച്ച ഉടനേ തന്നെ ഒരു മാസത്തെ ശമ്പളം അതിനായി നീക്കിവെച്ചവർ ഉണ്ട്. ഇതിനായുള്ള ഗവണ്മെന്റ് ഉത്തരവ് ഇറങ്ങിയ ശേഷം മനസ്സില്ലാമനസ്സോടെ ശമ്പളം സംഭാവന നൽകിയവരുണ്ട്. നൽകാൻ തയ്യാറുണ്ടെങ്കിലും പ്രളയദുരന്തം ഉൾപ്പെടെ മറ്റു പല ജീവിതപ്രശ്നങ്ങൾ നേരിടുന്നതു കൊണ്ട് ഇപ്പോൾ പൈസ നീക്കി വെക്കാൻ കഴിയാത്തവർ ഉണ്ട്. ഗവണ്മെന്റ് നിർബന്ധം പിടിച്ചില്ലെങ്കിൽ ( എങ്ങനെയാണ് നിർബന്ധം എന്നറിയില്ല ) മുപ്പത് ദിവസത്തെ ശമ്പളം തരാമായിരുന്നു എന്ന് പറയുന്നവർ ഉണ്ട്. അഞ്ചോ പത്തൊ ദിവസത്തെ ശമ്പളം പോരേ എന്നു ചോദിക്കുന്നവർ ഉണ്ട്. എന്തിന്, എല്ലാ ജീവനക്കാരും അഴിമതിരഹിതരായി തീർന്നാൽ വേണമെങ്കിൽ ഒരു വർഷത്തെ ശമ്പളം തന്നെ തരാം എന്ന നിലപാടുള്ള വിശാലഹൃദയർ പോലുമുണ്ട്.

'ഒരു മാസത്തെ ശമ്പളം സംഭാവനയായി പിടിക്കാൻ പോകുന്നു, അതിനായി പല ഓപ്ഷനുകൾ തരാം, സമ്മതമല്ലാത്തവർ വിസമ്മതപത്രം തരണം'എന്ന് ഒരു മുതലാളി ആവശ്യപ്പെടുമ്പോൾ, തൊഴിലാളിപക്ഷത്തു നിന്നു നോക്കിയാൽ അതൊരു പിടിച്ചുപറിയായി തോന്നാം, 'പണിയെടുത്തിട്ടുണ്ട്, അതിനുള്ള കൂലിയാണ് ചോദിക്കുന്നത്' എന്നു കട്ടായം പറയാം, ഈ കൂലിയും അതിനുള്ള വ്യവസ്ഥകളും ആനുകൂല്യങ്ങളും ദീർഘകാലത്തെ സമരത്തിലൂടെ നേടിയെടുത്തതാണ് എന്ന സംഘടിതബോധം പങ്കു വെക്കാം. ഒക്കെ ശരിയാണ്.

ഇത്രയും കാലം കൃത്യമായി ശമ്പളവും ആനുകൂല്യം തന്നിരുന്ന മുതലാളി, ആർക്കൊക്കെ എന്തിനൊക്കെ വേണ്ടിയാണോ പണിയെടുപ്പിച്ചിരുന്നത്, അതെല്ലാം തകർന്നടിഞ്ഞ വിഷമത്തിൽ സകലതും നഷ്ടപ്പെട്ടു നിൽക്കുമ്പോഴും, മുതലാളിയുടെ ശമ്പളം തരുന്ന കൈ മാത്രം കണ്ണുനട്ടിരിക്കുന്നതും കൃത്യമായി കൂലി ചോദിക്കുന്നതും തെറ്റായി കാണാത്തവരുണ്ടാവും. കൂലിയോ തകരാറിലായ തൊഴിലുപാധികളോ ഒരു ചുണ്ടനക്കം കൊണ്ടു പോലും ചോദിക്കാതെ ദിവസങ്ങളോളം രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരുള്ളപ്പോഴു
'ഞങ്ങൾ ജോലിയാണ് ചെയ്തത്, അതിന്റെ കൂലി തരൂ' എന്ന് ആവശ്യപ്പെടുന്നതും തൊഴിലാളിപക്ഷം മാത്രം കാണുന്നവർക്ക് തെറ്റായി തോന്നില്ല.

അങ്ങനെ ആവശ്യപ്പെടുന്നതിൽ എന്തെങ്കിലുമൊക്കെ അനൗചിത്യമുണ്ട് എന്ന് തോന്നണമെങ്കിൽ, മനുഷ്യപക്ഷത്തു നിൽക്കണം.

നടേ പറഞ്ഞതു പോലെ, ആ പക്ഷത്തു നിന്നുള്ള കാഴ്ച്ച പക്ഷേ സർവീസ് ചട്ടങ്ങൾ ആവശ്യപ്പെടുന്നില്ല. ആവശ്യപ്പെട്ടാലും, മനുഷ്യത്വം അളന്ന് തൂക്കി ആളെ ജോലിക്കു നിർത്താനുമാവില്ല.

അതുകൊണ്ട്, 'എല്ലാ തൊഴിലാളികളും മനസ്സറിഞ്ഞ്, നാടറിഞ്ഞ് സംഭാവന നൽകും' എന്ന നല്ല സ്വപ്നം മാറ്റി വെച്ച് മുതലാളി, ഒരു മുതലാളിയെ പോലെ പെരുമാറണം എന്നാണ് എന്റെ ഒരിത്. ദുരന്തങ്ങളേറ്റുവാങ്ങിയ നാടിനേയും നാട്ടാരേയും ഭേദപ്പെടുത്താനുള്ള ചിലവുകൾ കഴിച്ചിട്ടു മതി തൊഴിലാളിയുടെ അവധി പണം കൊടുത്ത് വാങ്ങുന്നതു പോലുള്ള ആനുകൂല്യങ്ങൾ നൽകൽ. മൂന്നു വർഷത്തേയ്ക്ക് ആർജ്ജിതാവധി 22 പ്രവർത്തിദിവസങ്ങൾക്ക് ഒന്നായും ഒരു വർഷം പരമാവധി വിൽക്കാവുന്ന അവധികളുടെ എണ്ണം 20 ആയും ചുരുക്കണം. അങ്ങനെയായാലും മുതലാളി ഉദ്ദേശിക്കുന്ന സംഭാവന പെട്ടിയിൽ കിടക്കുമെന്നാണ് കരുതുന്നത്. അതിലൊന്നും ഒരു വിഷമവും വേണ്ട മുതലാളീ. ജനം കൂടെയുണ്ടാവും.

@Viddiman

No comments:

Post a Comment