Tuesday, March 12, 2019

സംവിധായകൻ പ്രിയനന്ദനനു നേരെ സംഘി ആക്രമണം.

"പ്രിയനന്ദനന്റെ ഭാഷ മോശമായിപ്പോയി, അനുചിതമായിപ്പോയി, അതുകൊണ്ടാണ് ഇങ്ങനെയുണ്ടായത്... " എന്നൊക്കെ പലരും പറഞ്ഞു കാണുന്നു. 
പ്രിയനന്ദനൻ പറഞ്ഞത് അനുചിതമായിരുന്നു എന്നു തോന്നുണ്ടെങ്കിൽ, അതപ്പോൾ പറയുകയായിരുന്നു വേണ്ടിയിരുന്നത്, ഇപ്പോൾ അയാൾ ആ അഭിപ്രായത്തിന്റെ പേരിൽ തെരുവിൽ ആക്രമിക്കപ്പെടുമ്പോഴല്ല. 

മതവികാരികളുടെ വ്രണത്തെക്കുറിച്ചും പ്രിയനന്ദനന്റെ വാക്കുകളെ കുറിച്ചും ഖണ്ഡികകൾ നീട്ടിവലിച്ചെഴുതി 'എന്നാലും ഈ
'അക്രമത്തെ പിന്തുണയ്ക്കുന്നില്ല' എന്ന് അവസാനം ഒരു വരി എഴുതി ചേർക്കുന്നതുകൊണ്ട്, ഈ അക്രമം ചെയ്തവരിലും അതിനെ പിന്തുണയ്ക്കുന്നരിലും പുനർചിന്തനമുണ്ടാകില്ല എന്നു മാത്രമല്ല, അതിനു മുൻപു എഴുതിക്കൂട്ടിയ വരികൾ അവർക്ക് ഇനിയും ഇത്തരം ചെയ്തികൾ തുടരാൻ പ്രചോദനമാവുകയും ചെയ്യും.

പറഞ്ഞ ആശയത്തിൽ ഉറച്ചു നിൽക്കുമ്പോഴും തന്റെ ഭാഷ മോശമായിപ്പോയി എന്നു തിരിച്ചറിഞ്ഞു പ്രിയനന്ദൻ തന്നെ അതു പിൻവലിച്ചിരുന്നിട്ടാണ് ഈ അക്രമം നടത്തിയത് എന്നോർക്കുക. പ്രിയനന്ദൻ പിൻവലിച്ച ആ പ്രസ്താവനയാണ് സംഘികൾ ഇപ്പോഴും മറുപടിയായി പോസ്റ്റ് ചെയ്യുന്നതും
.
അങ്ങനെയല്ലെങ്കിൽ തന്നെ, അത് ഇത്തരത്തിൽ പ്രതികരിക്കുന്നതിനുള്ള ന്യായീകരണമാവേണ്ടതില്ല. ഭ്രാന്തന് മുഹമ്മദെന്നു പേരിട്ടതിനു അദ്ധ്യാപകന്റെ കൈവെട്ടിയ മതഭ്രാന്തിന്റെ മറ്റൊരു വെർഷനാണിത്. അത്തരം മതാക്രോശങ്ങൾ നിരന്തരം കേട്ട് ഭ്രാന്തിളകിയായിരിക്കണം ഇന്ന് പ്രിയനന്ദനന്റെ നാട്ടുകാരൻ അയാളുടെ മേൽ ചാണകവെള്ളമൊഴിച്ചത്. അതിനു വെള്ളമൊഴിച്ചു വളർത്തരുത്. പ്രത്യേകിച്ചും ദൈവങ്ങളുടേ കുശുമ്പും കുന്നായ്മയും കാമവും ദാഹവുമെല്ലാം പാട്ടുകളും കഥകളും പുരാണങ്ങളുമായി പാടിനടക്കാൻ സ്വാതന്ത്ര്യമുള്ള ഒരു മതത്തിന്റെ പേരിൽ. നാളെ നമ്മുടെ തന്നെ സ്വാതന്ത്ര്യത്തെ വരിഞ്ഞുമുറുക്കിക്കൊല്ലുമത്.

ആശയത്തെ ആശയം കൊണ്ടും അനൗചിത്യത്തെയും സാമൂഹ്യവിരുദ്ധതയേയുമെല്ലാം ( അങ്ങനെ തോന്നുന്നുണ്ടെങ്കിൽ) ജനാധിപത്യപ്രതിഷേധമാർഗ്ഗങ്ങളിലൂടെയും പ്രതിരോധിക്കാനാണ് ഒരു സാംസ്ക്കാരിക പ്രവർത്തകൻ പഠിപ്പിക്കേണ്ടത്. പ്രിയനന്ദനൻ തന്റെ വാക്കുകൾ പിൻവലിച്ചിട്ടും അയാളോടുള്ള വിദ്വേഷം മാറുന്നില്ലെങ്കിൽ അയാളുടെ ഫോട്ടോയിൽ ചാണകം തളിച്ചും പ്രതിഷേധിക്കാമായിരുന്നല്ലോ. ( അതുപോലും ജനാധിപത്യവിരുദ്ധമായി കാണുന്ന, കൂടുതൽ ജനാധിപത്യബോധമുള്ള ഒരു ജനത ഭാവിയിൽ രൂപപ്പെടേണ്ടതുണ്ട് എന്നും കരുതുന്നു ) രണ്ടിനും ഒരേ അർത്ഥവും വ്യാപ്തിയും വികാരവുമാണ്. സംഘപരിവാറിന് അതറിയാത്തതുമല്ല. അതിനു പകരം വ്യക്തിയെ തന്നെ നേരിടാനൊരുങ്ങുന്നതിൽ വ്യക്തമായ ഒരു ഭീഷണിയുണ്ട്. വ്യക്തിസാതന്ത്ര്യം ആഗ്രഹിക്കുന്ന എല്ലാ പൗരന്മാരും അതിനെതിരേ പ്രതിഷേധിക്കേണ്ടതുണ്ട്.

@Viddiman

No comments:

Post a Comment