Tuesday, March 12, 2019

വെള്ളം കയറിയ വീടുകളിൽ വൈദ്യുത ബന്ധം പുന:സ്ഥാപിക്കുന്നതിനു മുമ്പ്

-----------------------------------------
വെള്ളം കയറിയ വീടുകളിൽ വൈദ്യുത ബന്ധം പുന:സ്ഥാപിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കുക.
-----------------------------------------
വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിയാലും ചുമരുകളിൽ ഈർപ്പം തങ്ങിനിൽക്കുന്നുണ്ടാകും. സ്വിച്ച് ബോർഡുകളേക്കാൾ ഉയരത്തിൽ വെള്ളം കയറിയിട്ടുള്ള വീടുകളിൽ വൈദ്യുത ബന്ധം പുന:സ്ഥാപിക്കുന്നതിന് മുമ്പ് പ്രത്യേകമായ പരിശോധനകളും പരിഹാരമാർഗ്ഗങ്ങളും നിർബന്ധമായും നടത്തിയിരിക്കണം. ഈ പരിശോധനകൾ ഒരിക്കലും തനിയെ ചെയ്യരുത്. വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ അർഹതയുള്ളവരുടെ സഹായത്തോടെ മാത്രം ചെയ്യുക.
1. തിരികെ കയറുന്നതിനു മുമ്പ് വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെന്ന് ആദ്യമേ ഉറപ്പു വരുത്തണം. ഇതിനായി മീറ്റർ ബോർഡിനോട് ചേർന്നുള്ള മെയിൻ സ്വിച്ച് ഓഫ് ചെയ്യണം. ഈർപ്പമുള്ള മീറ്റർബോർഡിലേക്ക് വൈദ്യുതി എത്തുന്നുണ്ടെന്ന് സംശയമുണ്ടെങ്കിൽ വിവരം കെ എസ് ഇ ബി അധികൃതരെ അറിയിച്ച് വൈദ്യുതി വിച്ഛേദിക്കണം.
2. വൈദ്യുതബന്ധം വിച്ഛേദിച്ച ശേഷം ഡിസ്ട്രിബ്യൂഷൻ ബോർഡുകളും സ്വിച്ച് ബോർഡുകളും തുറന്ന് ഉള്ളിൽ തങ്ങി നിൽക്കുന്ന വെള്ളം നീക്കം ചെയ്യണം. വെള്ളം കയറിയ സീലിങ്ങ് ഫാനുകൾ, ലൈറ്റ് ഫിറ്റിങ്ങുകൾ, മറ്റ് വൈദ്യുത ഉപകരണങ്ങൾ എന്നിവയെല്ലാം അഴിച്ചു മാറ്റണം. ഉയരത്തിലുള്ള ജങ്ങ്ഷൻ ബോക്സുകൾ, സീലിങ്ങ് റോസ് ഹോൾഡറുകൾ എന്നിവ തുറന്ന് വെള്ളം നീക്കം ചെയ്യണം. എയർ ബ്ലോവർ ( കഴിയുമെങ്കിൽ ഹോട്ട് എയർ ബ്ലോവർ) ഉപയോഗിച്ച് ഇത്തരം ബോക്സുകളിൽ നിന്ന് കോൺഡ്യൂട്ട് പൈപ്പുകളിലൂടെ വായു പ്രവഹിപ്പിച്ചാൽ പൈപ്പുകൾക്കുള്ളിലെ ജലാംശം നീക്കം ചെയ്യാം.
3. സ്വിച്ചുകളും സ്വിച്ച്ബോർഡുകളും എം സി ബി കളും ഉണങ്ങിയ തുണി ഉപയോഗിച്ച് തുടയ്ക്കണം. ഇവയിൽ വെള്ളം നിൽക്കുന്നുണ്ടെങ്കിൽ സ്വിച്ച് പ്ലേറ്റുകൾ അഴിച്ച് വെയിലത്തു വെച്ച് ഉണക്കണം. അഴിക്കുന്നതിനു മുമ്പ് വയറുകളും സ്വിച്ചുകളും പെർമനന്റ് മാർക്കർ ( സി ഡി മാർക്കർ) ഉപയോഗിച്ച് അടയാളപ്പെടുത്തിയില്ലെങ്കിൽ തിരികെ കണക്റ്റ് ചെയ്യുക വളരെ ബുദ്ധിമുട്ടു നിറഞ്ഞ പണിയാകും.
4. വയറിങ്ങും സ്വിച്ച്ഗീയറുകളും പൂർണ്ണമായും ഈർപ്പവിമുക്തമാക്കിയാൽ ഇൻസുലേഷൻ ടെസ്റ്റർ ( സാദാ ലൈൻ ടെസ്റ്റർ അല്ല ) എന്ന ഉപകരണം ഉപയോഗിച്ച് ഇൻസുലേഷൻ പരിശോധന നടത്തണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് ലൈസൻസ് ലഭിച്ചിട്ടുള്ള കരാറുകാരുടെ കൈവശം ഈ ഉപകരണം ഉണ്ടായിരിക്കും. വയറിങ്ങിന്റെ വിദ്യുത്‌രോധം തൃപ്തികരമാണെങ്കിൽ വൈദ്യുതബന്ധം പുന:സ്ഥാപിക്കാവുന്നതാണ്.
5. വെള്ളം കയറിയ ഉപകരണങ്ങൾ അഴിച്ചുമാറ്റി, തുറന്ന് ഉൾഭാഗത്തെ വെള്ളം ഉണങ്ങിയ തുണി കൊണ്ട് തുടച്ച് വെയിലത്തു വച്ച് ഉണക്കണം. ( ഉള്ളിൽ ഹൈവോൾട്ടേജ് ഉണ്ടാവാൻ സാധ്യതയുള്ള പഴയമോഡൽ ടി വി കൾ പോലുള്ള ഉപകരണങ്ങൾ യോഗ്യതയില്ലാത്തവർ അഴിച്ച് റിപ്പയർ ചെയ്യരുത് ) പൂർണ്ണമായും ഈർപ്പവിമുക്തമാക്കിയ ശേഷം താഴെ കൊടുത്തിരിക്കുന്ന രണ്ട് ടെസ്റ്റുകൾ നടത്തി ഉപകരണം പ്രവർത്തനക്ഷമമാണോയെന്ന് പ്രാഥമീകപരിശോധന നടത്താവുന്നതാണ്. പരിശോധന, ഇൻസുലേറ്റ് ചെയ്യപ്പെട്ട പ്രതലത്തിൽ വെച്ചു വേണം നടത്താൻ .( ഉദാ : ഒട്ടും ഈർപ്പമില്ലാത്ത മരമേശയും മരക്കസേരയും) . ഇതിനു വേണ്ടി എടുക്കുന്ന വൈദ്യുതി പ്രവർത്തനക്ഷമമായ ELCB/RCCB വഴിയാണ് എടുത്തിട്ടുള്ളത് എന്ന് ഉറപ്പു വരുത്തണം.
(1) CONTINUITY TEST
ഉപകരണത്തിന്റെ സ്വിച്ച് ഓൺ ചെയ്യുക. സ്വിച്ച് M ഓൺ ചെയ്യുക. X വയർ ഉപകരണത്തിന്റെ 3 / 2 പിൻ പ്ലഗിലെ ഫേസ് PIN ലും Y വയർ ആദ്യം ഫേസ് PIN ലും പിന്നീട് ന്യൂടൽ PIN ലും തൊടുക. Y വയർ രണ്ട് പിന്നിൽ തൊടുമ്പോഴും പൂർണ്ണപ്രകാശത്തോടെ കത്തുകയാണെങ്കിൽ ഉപകരണം പ്രവർത്തനക്ഷമമല്ല. ( ഉപകരണത്തിൽ ഷോർട്ട് സർക്യൂട്ട് ഉണ്ട് ) Y വയർ ന്യൂട്രൽ PIN ൽ തൊടുമ്പോൾ ബൾബ് ഡിം ആയാണ് കത്തുന്നതെങ്കിൽ പ്രവർത്തനക്ഷമാണ്.
(2) EARTH LEAKAGE TEST
സ്വിച്ച് M ഓൺ ചെയ്യുക. Y വയർ ഉപകരണത്തിന്റെ എർത്ത് PIN ലോ പുറത്തുകാണുന്ന ലോഹഭാഗങ്ങളിലോ തൊടുകയും X വയർ ഉപകരണത്തിന്റെ 3 / 2 പിൻ പ്ലഗിലെ ഫേസ്, ന്യൂട്രൽ PIN കളിൽ തൊടുകയും ചെയ്യുമ്പോൾ ബൾബ് കത്തിയാൽ ഉപകരണം പ്രവർത്തനക്ഷമമല്ല. ( ഉപകരണത്തിൽ earth leakage ഉണ്ട്. നേരിട്ട് പ്രവർത്തിപ്പിച്ചാൽ ഷോക്ക് ഏൽക്കും )
@ Viddiman

No comments:

Post a Comment