Tuesday, March 12, 2019

ദേവസ്വം ബെഞ്ച്, ഭരണഘടനാ ബെഞ്ച് പിന്നെ രഹ്ന ഫാത്തിമയും

1. ഹൈക്കോടതിയിൽ ദേവസം ബഞ്ചുണ്ട്; സുപ്രീം കോടതിയിൽ ഭരണഘടനാ ബഞ്ചും.

ഹിന്ദു ദൈവങ്ങളെ മൈനറായി പരിഗണിക്കുന്നതു കൊണ്ടാണ് സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വങ്ങളുമായി നിയമപ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കോടതിയിൽ ദേവസ്വം ബഞ്ച് രൂപീകരിക്കപ്പെട്ടതെന്ന് കരുതുന്നു. മൈനറിന്റെ സ്വാസ്ഥ്യത്തിനും നന്മയ്ക്കും പരിഗണന നൽകാത്ത രക്ഷിതാക്കൾ ഉണ്ടാകാനിടയുള്ള സാധ്യത പരിഗണിച്ചായിരിക്കണം ഇങ്ങനെയൊരു ജാഗ്രത രാജ്യത്തെ നിയമസംവിധാനം മുന്നോട്ടു വെച്ചത്. മൈനറായ ദൈവത്തെ ചൊല്ലി, അതേ ദൈവത്തെ സംരക്ഷിക്കാൻ നിയമപരമായി അവകാശമില്ലാത്ത, എന്നാൽ ആ ദൈവത്തിന്റെ സ്വാസ്ഥ്യത്തിൽ താല്പര്യമുള്ള വിശ്വാസികൾ നൽകുന്ന പരാതികൾ
കേരളത്തിലെ ഹൈക്കോടതി ബെഞ്ചുകൾ പ്രാധാന്യത്തോടെയാണ് പരിഗണിച്ചു വരുന്നത് എന്നു കാണാം.

ശബരിമലയിൽ ഒരു പടി കൂടി കടന്ന്, ദൈവത്തിന്റെ ( വിശ്വാസികളുടെ ?) സ്ഥിതിവിവരങ്ങൾ പരിശോധിക്കാൻ ഹൈക്കോടതി തന്നെ പ്രത്യേക കമ്മീഷണറെ നിയമിച്ചിട്ടുണ്ട്. ഇപ്പോഴാണെങ്കിൽ ആ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിപാലനം പരിശോധിക്കുന്നതിന് മറ്റൊരു ഏജൻസിയെ കൂടി നിയോഗിച്ചിട്ടുണ്ട്.അവർക്ക് ധാരാളം അധികാരങ്ങളും നൽകിയിട്ടുണ്ട്. രക്ഷാകർത്താവ്, രക്ഷാകർതൃത്വം കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനേക്കാളുപരി, രക്ഷാകർതൃത്വത്തിലേക്ക് സ്വയം പ്രവേശിക്കുന്ന അനഭലഷണീയമായ പ്രവണത ഈ നടപടികളിൽ നിഴലിക്കുന്നുണ്ട്.

ഈ രക്ഷാകർതൃത്വ മനോഭാവം, നിഷ്പക്ഷമായി നീതി നിർവഹിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുള്ളതിന് 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്ന വിധി തൊട്ട് ഉദാഹരണങ്ങളുണ്ട്. ആധാരമായ വിശ്വാസപ്രമാണങ്ങളിലൊന്നും കാണാത്ത, യുവതി എന്നാൽ 10 മുതൽ 50 വയസ്സുവരെയുള്ള സ്ത്രീകളാണ് എന്ന് വിശ്വാസികൾക്കു വേണ്ടി നിർവചനം നൽകിക്കൊണ്ടാണ് ആ വിധി പ്രസ്താവിക്കപ്പെട്ടത്. വിശ്വാസികൾക്കിടയിൽ തന്നെ തീർച്ചയില്ലാത്ത ഒരു വിശ്വാസത്തിന് ( ആചാരത്തിന് ?) മൂർത്തതയും കൃത്യതയും നൽകി സ്ത്രീവിശ്വാസികളോട് പക്ഷപാതിത്വം കാണിച്ചു ആ വിധി.

2. ഹൈക്കോടതിയിൽ ഭരണഘടനാ ബെഞ്ചില്ലാത്തത്, ഹൈക്കോടതിയിലെ ഓരോ ബഞ്ചും ഭരണഘടനയുടെ കാവൽനായയായിരിക്കണം എന്ന ഉദാത്തമായ ലക്ഷ്യം മുൻനിർത്തിയാവണം. തന്റെ മൗലീകാവകാശങ്ങൾ പൗരന് ഏറ്റവും എളുപ്പത്തിലും വേഗത്തിലും സംരക്ഷിച്ചു കിട്ടുക അപ്പോഴായിരിക്കുമല്ലോ. എന്നാൽ ഹൈക്കോടതികൾ പലപ്പോഴും ഈ സ്പിരിറ്റിലേക്ക് ഉയർന്നു ചിന്തിക്കുന്നുണ്ടോ എന്ന സംശയിക്കുന്നു. സ്ത്രീകളുടേയും ട്രാൻസ്ജെന്ററുകളുടേയും അംഗപരിമിതരുമെല്ലാം മൗലീകാവകാശങ്ങൾ സംരക്ഷിച്ചു കിട്ടാനായി സമീപിക്കുമ്പോൾ എതിർപക്ഷത്തു വരുന്ന ഭൂരിപക്ഷത്തിന്റേയോ സമൂഹത്തിലെ ചില കൂട്ടങ്ങളുടേയോ താല്പര്യങ്ങൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നതായി തോന്നുന്നു. സുപ്രീം കോടതി സ്വീകരിക്കാറുള്ള ഭരണഘടനാ ധാർമ്മികതയ്ക്ക് പകരം ഹൈക്കോടതികൾ ഊന്നുവടിയായി സാമൂഹ്യസ്വീകാര്യതയെയാണോ സ്വീകരിക്കുന്നത് എന്ന സംശയം ഉണ്ടാവുന്നു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിക്കുന്നതിന് സംരക്ഷണം നൽകാൻ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ സമീപിക്കുമ്പോൾ ആയതിന് പോലീസിനെ സമീപിക്കുക എന്ന് നിർദേശിക്കുക, അതേസമയം സ്ത്രീകൾ പ്രവേശിക്കുന്നതിനെ തടസ്സപ്പെടുത്തിക്കൊണ്ട് ചിലർ സംഘർഷം സൃഷ്ടിക്കുമ്പോൾ പോലീസ് അവിടെ കൂടുതൽ ക്രമസമാധാനപാലനനിയന്ത്രണങ്ങൾ കൊണ്ടു വന്നാൽ അതിനെ വിമർശിക്കുക എന്നിങ്ങനെ പരസ്പരയോജിപ്പില്ലാത്ത രണ്ടു നിലപാടുകൾ കേരള ഹൈക്കോടതി ഈയിടെ സ്വീകരിച്ചതായി കാണാം.

രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നൽകിക്കൊണ്ടുള്ള വിധിയിൽ പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്ന വ്യവസ്ഥയും മതസൗഹാർദ്ദം തകർക്കുന്നതോ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതോ ആയ പോസ്റ്റുകൾ പ്രസിദ്ധീകരിക്കരുത് എന്ന താക്കീതും കൂടി ഉൾപ്പെടുത്തിയിരിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കറുത്ത മുണ്ടുടുത്ത് മടക്കിക്കുത്തി ഇരിക്കുന്ന ഫോട്ടോ ഫേസ് ബുക്കിൽ പ്രസിദ്ധീകരിച്ചു എന്നുള്ളതാണ് രഹ്നഫാത്തിമ മതവികാരം വ്രണപ്പെടുത്തിയതായി ആരോപിക്കപ്പെടുന്നത്.

നഗ്നത എങ്ങിനെയാണ് ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നായി മാറുന്നത് ? കാശിയിലും ഹരിദ്വാറിലുമെല്ലാം ധാരാളം നഗ്നസന്യാസിമാരെ കാണാം.രണ്ടു വർഷം മുമ്പ് ഹരിയാന നിയമസഭയെ ഒരു നഗ്നസന്യാസി അഭിസംബോധന ചെയ്ത് സംസാരിച്ചത് ഓർക്കുക. പുരുഷന്റെ നഗ്നത ഹിന്ദുമതവികാരത്തെ ഉദ്ബുദ്ധപ്പെടുത്തുമെന്നും സ്ത്രീയുടെ നഗ്നത വ്രണപ്പെടുത്തുമെന്നും ഏത് ഹിന്ദു ഗ്രന്ഥങ്ങളിലാണ് പറയുന്നത് ?

പോട്ടെ, കോടതിയുടെ ഉരകല്ലാവേണ്ട ഭരണഘടന അങ്ങനെ പറയുന്നുണ്ടോ ?

ശബരിമലയ്ക്ക് പോകുന്ന എത്രയോ പുരുഷന്മാർ അർദ്ധനഗ്നരായി നിൽക്കുന്ന തങ്ങളുടെ ഫോട്ടോ ഫേസ്ബുക്കിലിടുന്നു. അതിലൊന്നും ആർക്കും മതവികാരം വ്രണപ്പെടാത്തതെന്താണ് ? പുരുഷന്റെ അർദ്ധനഗ്നത കണ്ടു ശിലിച്ചു എന്ന ഒരൊറ്റ മറുപടിയല്ലേ അതിനുള്ളൂ. അല്ലാതെ ഭരണഘടന പുരുഷന് അതാവാമെന്നും സ്ത്രീക്ക് പാടില്ലെന്നും പറയുന്നൊന്നുമില്ലല്ലോ.സ്വന്തം ധാർമ്മീകതയും, സാമൂഹ്യബോധവും ഊന്നുവടിയായി ഉപയോഗിച്ചു കൊണ്ട് വിധി പറയുകയാണെങ്കിൽ പിന്നെ ഭരണഘടനയുടെ പ്രസക്തി എന്താണ് ? 295 A പ്രകാരം
വിവിധ സംസ്ഥാനങ്ങളിലെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ എത്രയെണ്ണം സുപ്രീം കോടതി നാളിതുവരെയായി അംഗീകരിച്ച് പ്രതികൾക്ക് ശിക്ഷ നൽകിയിട്ടുണ്ട് എന്ന പരിശോധനയും ആയതിൽ നിന്ന് ഭരണഘടനയുടേ അന്തസത്തയെ സ്വാംശീകരിച്ച് പൗരന്റെ മൗലീകാവകാശങ്ങളെ സംരക്ഷിക്കുവാനായി ഒപ്പം നിൽക്കുകയുമല്ലേ ഭരണഘടനാകോടതികൾ ചെയ്യേണ്ടത് ? അതോ ഒന്ന് തുമ്മിയാൽ പോലും മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് വ്യാഖ്യാനിക്കാൻ വകുപ്പുള്ള മതവികാരങ്ങളെ സംരക്ഷിക്കുകയോ? അങ്ങനെയാണെങ്കിൽ ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന 'ആചാരലംഘനം' വിധിച്ച സുപ്രീം കോടതിയും മതവികാരം വ്രണപ്പെടുത്തുന്നില്ലേ ?

മറ്റൊരാളെ അധിക്ഷേപിക്കാനായി സ്വന്തം നഗ്നത ഉപയോഗപ്പെടുത്തുന്നത് കുറ്റകരമായി കണക്കാക്കാം.പക്ഷേ അവിടെ അത് മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന ജാമ്യമില്ലാകുറ്റമല്ല, മറ്റൊരു ക്രിമിനൽ കുറ്റകൃത്യം മാത്രമാണ്. മാത്രമല്ല, സ്വന്തം നഗ്നത പ്രദർശിപ്പിക്കുന്നതുകൊണ്ടു മാത്രം അതൊരു ക്രിമിനൽ കുറ്റമായി പരിഗണിക്കുകയാണെങ്കിൽ പുരാണചിത്രങ്ങളിൽ ദേവഗണങ്ങളായി അഭിനയിക്കുന്നവർ തൊട്ട് ടാബ്ലോകളിലെ ദൈവങ്ങൾ വരെ ആ കുറ്റകൃത്യത്തിനു കീഴിൽ വരികയും ചെയ്യും. അത്തരം പരാതികൾ ചവറ്റു കുട്ടയിലെറിയാൻ കോടതികൾ മടി കാണിച്ചിട്ടുമില്ല.

3. സ്ത്രീ പുരുഷ സമത്വം, സ്ത്രീസ്വാതന്ത്ര്യം എന്നൊക്കെ നിരന്തരം പറയുമെങ്കിലും ഇടതുപക്ഷ പാർട്ടികൾക്കും അവയുടെ പോഷകസ്ത്രീസംഘടനകൾക്കും ഭരണഘടനാനുസാരം സ്ത്രീകൾക്ക് ലഭ്യമാവേണ്ടുന്ന, ഉപയോഗിക്കേണ്ടുന്ന വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച്, മൗലീകാവകാശങ്ങൾ തങ്ങളുടെ പടച്ചട്ടയായി ഉപയോഗപ്പെടുത്തേണ്ടതിനെ കുറിച്ച് പൊതുബോധത്തേക്കാളുപരിയായ ധാരണകളൊന്നുമില്ല. അതുകൊണ്ടു തന്നെ ചുംബനസമരത്തിലെ സ്ത്രീകളും രഹ്നഫാത്തിമയുമെല്ലാം അവർക്ക് അതിരുകൾ ലംഘിച്ചവർക്കുള്ള ശിക്ഷയ്ക്ക് അർഹരാണെന്ന പൊതുബോധമാണുള്ളത്. കുലസ്ത്രീകൾ റോഡിലിറങ്ങി സ്ത്രീകളെ പരിശോധിച്ചുവെങ്കിൽ പാർട്ടികുലസ്ത്രീകൾ വീട്ടിലും നാട്ടിലും കപ്പലണ്ടി കൊറിച്ചിരുന്ന് രഹ്നഫാത്തിമ നേരിടുന്ന നീതിനിഷേധം തലയാട്ടി അംഗീകരിക്കുന്നു.

എന്നോ ഒരിക്കൽ മാന്യമഹിളകൾ കൂട്ടത്തോടെ ശബരിമലയിൽ കയറിത്തുടങ്ങുമെന്നും അതിന്റെ പിറ്റേദിവസമേ വിശ്വാസത്തെ മാനിക്കുന്നവരായ മഹാമാന്യകളായ തങ്ങൾ ശബരിമല ചവിട്ടേണ്ടതുള്ളൂ എന്നാണ് അവരുടേ മനസ്സിലിരുപ്പ്. ആ ദിവസം വരെ ഒറ്റയ്ക്കും തെറ്റയ്ക്കും തങ്ങളോടും തങ്ങളുടെ പാർട്ടിയോടും ആലോചിക്കാതെയും ശബരിമല കയറാൻ ശ്രമിക്കുന്ന ഏത് സ്ത്രീയുംഅനാവശ്യ തിടുക്കക്കാരികളും സമൂഹത്തെ മാനിക്കാത്തവരും സ്ത്രീത്വത്തെ അപമാനിക്കുന്നവരുമാണ്. അവരുടെ കണ്ണിൽ ലെഗ്ഗിൻസും ലിപ്സ്റ്റിക്കുമെല്ലാം ഉപയോഗിക്കുന്നവർ പോലും രണ്ടാം തരം സ്ത്രീകളാണ്. ഭരണഘടന ഉപയോഗിച്ച് ശബരിമലയിൽ കയറാനുള്ള അവകാശം പുന:സ്ഥാപിച്ചെടുത്ത സ്ത്രീകൾ അതെ ഭരണഘടനയുടെ അടിസ്ഥാനത്തിൽ വ്യക്തിസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ തള്ളിപ്പറയുന്നു, ചവിട്ടിത്തേക്കാൻ സമൂഹത്തോടൊപ്പം നിൽക്കുന്നു. ഒരു തരം അമ്മായിയമ്മ മനോഭാവമല്ലാതെ മറ്റെന്ത് ?

രഹ്ന ഫാത്തിമമാർക്ക് മുണ്ട് മടക്കിക്കുത്തി അണിചേരാൻ അവസരമില്ലാത്ത, അവരെ സർവാത്മനാ സ്വാഗതം ചെയ്ത് കൈകോർക്കാൻ സനദ്ധതതയില്ലാത്ത മതിൽ ആരെ സ്വതന്ത്രരാക്കാനാണ് ? ആർക്കിടയിൽ നവോത്ഥാനം തുടരാനാണ് ?

@ Viddiman

No comments:

Post a Comment