Tuesday, March 12, 2019

വിവാഹേതര ലൈംഗീകബന്ധം കുറ്റമല്ല : സുപ്രീം കോടതി

സദാചാരികൾ ശ്രദ്ധിക്കണം. 

1. വ്യക്തികൾക്ക് ( പണ്ടാണെങ്കിൽ എതിർലിംഗത്തിൽപ്പെട്ട എന്ന് മുൻപ് എഴുതാമായിരുന്നു. IPC 377 ഈ മാസമാദ്യം സുപ്രീം കോടതി റദ്ദാക്കിയതോടെ അത് പാടില്ലാതായി ) ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് എടുക്കേണ്ട ലൈസൻസ് അല്ല വിവാഹം. ഇന്നത്തെ കോടതി‌വിധിക്കു മുമ്പും, വിവാഹം ചെയ്യാത്തവർക്ക് ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിന് നിയമതടസ്സമുണ്ടായിരുന്നില്ല. 

കുട്ടികളെ ലൈംഗീക താല്പര്യങ്ങൾക്ക് വിധേയരാക്കുന്നത്, താല്പര്യമില്ലാത്തയാളെ വേഴ്ച്ചയ്ക്ക് വിധേയമാക്കുന്നത്, പണം വാങ്ങി /& നൽകി ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നത് എല്ലാം നിയമവിരുദ്ധമാണ്. ഇതിലൊന്നും ഈ വിധി മാറ്റം വരുത്തിയിട്ടില്ല.

വിവാഹേതര ലൈംഗീകബന്ധം കുറ്റകരമല്ലാതാക്കുക മാത്രമേ ഈ വിധി ചെയ്തിട്ടുള്ളൂ.

അതേസമയം, ജീവിതപങ്കാളി ഇതരലൈംഗീകബന്ധം പുലർത്തുന്നുണ്ടെങ്കിൽ, അത് വിവാഹമോചനം നേടുന്നതിന് ചൂണ്ടിക്കാട്ടാവുന്ന കാരണമായി നിലനിർത്തിയിട്ടുമുണ്ട്. അതായത്,
A യുടെ വിവേഹതര ലൈംഗീക ബന്ധം, A യുമായി വിവാഹത്തിൽ ഏർപ്പെട്ട B യ്ക്ക് തന്നോടുള്ള വിശ്വാസവഞ്ചനാകുറ്റമായി അവകാശപ്പെടാമെങ്കിലും സമൂഹം അക്കാരണം കൊണ്ട് A യെ കുറ്റവാളിയായി കാണേണ്ടതില്ല.

2. ഈ വിധിയോടെ വിവാഹത്തിന്റെ സാധുതയോ പ്രാധാന്യമല്ലോ ഇല്ലാതായതായി കരുതേണ്ടതില്ല. വിവാഹം പ്രാഥമീകമായി രണ്ട് വ്യക്തികൾ തമ്മിലുള്ള കരാറാണ്. മതവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള വിവാഹത്തിൽ, ആ മതത്തിലെ വിശ്വാസങ്ങളും കരാറിന്റെ ഭാഗമാക്കുന്നതിൽ തെറ്റില്ല. മതത്തിൽ വിശ്വാസമില്ലാത്തവർക്കും, ഇരുവർക്കും നിയമങ്ങൾക്കും സ്വീകാര്യമായ വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ട് വിവാഹത്തിലേർപ്പെടാം. പക്ഷേ അത്തരം വ്യവസ്ഥകളും ഭരണഘടന വ്യക്തികൾക്ക് നൽകുന്ന അവകാശങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടായാൽ ഭരണഘടന നൽകുന്ന അവകാശങ്ങൾക്കായിരിക്കും ‌മുൻഗണന എന്ന് ഈ വിധിയും അടിവരയിടുന്നു.

3. വ്യക്തികൾ തമ്മിലുള്ള ലൈംഗീകബന്ധത്തിനുള്ള സ്വാതന്ത്ര്യം, കുട്ടികളെ ജനിപ്പിച്ച് ഉപേക്ഷിക്കുന്നതിനുള്ള സ്വാതന്ത്ര്യമല്ല. മാതാവോ പിതാവോ കുട്ടിയെ ഉപേക്ഷിക്കുന്നത് IPC 317 അനുസരിച്ച് ശിക്ഷാർഹമാണ്. വിവാഹം കഴിച്ചോ കഴിക്കാതേയോ വിവാഹേതരബന്ധം പുലർത്തിയോ - എങ്ങനെയായാലും കുട്ടി ജനിക്കണമെങ്കിൽ മാതാപിതാക്കൾ വേണം. ഗർഭാവസ്ഥയിൽ തൊട്ട്, കുട്ടി രാഷ്ട്രത്തിന്റെ കൂടി സ്വത്താണ്. ഭ്രൂണഹത്യയോ ജനനസമയത്ത് കൊല്ലാൻ ശ്രമിക്കുകയോ ചെയ്യുന്നത് IPC 315, 316 വകുപ്പുകളനുസരിച്ച് ശിക്ഷാർഹമാണ്. കുട്ടി ജനിച്ചു വളർന്നു പൗരനാകുന്നതു വരേയും മാതാപിതാക്കൾ സംരക്ഷണം തുടരുകയും വേണം. അത് നിയമം മൂലം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. ഈ വിധി, ഇതിലൊന്നും ഒരു മാറ്റവും വരുത്തുന്നില്ല.

ഇനിയെന്താണ് ഈ വിധിയിലെ പ്രശ്നം, പറയൂ.

@ Viddiman

No comments:

Post a Comment