Tuesday, March 12, 2019

പാക് അധിനിവേശ കാശ്മീരിലെ ( ബാലാക്കോട്ട്) ഇന്ത്യൻ വ്യോമാക്രാമണം.

കേന്ദ്ര സർക്കാരിന്റെ തള്ളു കൊണ്ട് സംഭവം ഒരു ഏറുപടക്കം പോലെ ചീറ്റിപ്പോയെങ്കിലും 
എടുത്തത് തെറ്റല്ലാത്ത ഒരു നിലപാടായിരുന്നുവെന്ന് കരുതുന്നു. 

വ്യോമാതിർത്തി ലംഘിച്ച് പാക് അധിനിവേശ കാശ്മീരിലേക്ക് കടന്ന് ബോംബിട്ട് തിരിച്ചു പോരുക. - ജനവാസമേഖലയിലല്ലെങ്കിൽ പോലും അത് കൃത്യമായ ഒരു മുന്നറിയിപ്പാണ്.

അവിടെ ഭീകരവാദികളുടെ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്ന് അറിയാത്തവരാണ് ഇന്ത്യൻ ചാരസംഘടനയിലുള്ളവരെന്ന് കരുതുന്നില്ല. തങ്ങൾ സിവിലിയന്മാരെയോ പാക് സൈനികരെയോ അല്ല, ഭീകരവാദികളുടെ ക്യാമ്പ് മാത്രമാണ് 'ആക്രമിച്ച'തെന്ന് ലോകരാഷ്ട്രങ്ങളുടെ പിന്തുണ എളുപ്പത്തിൽ നേടുകയും ചെയ്യാം. അതേ സമയം, ഭീകരവാദികളെ നിങ്ങൾ സംരക്ഷിക്കുകയാണെങ്കിൽ ഞങ്ങൾ ഇനിയും വ്യോമാതിർത്തി ലംഘിച്ചു വന്ന് ആക്രമണം നടത്തും എന്ന പാകിസ്ഥാനുള്ള കൃത്യമായ മുന്നറിയിപ്പും.( ഒരു രാഷ്ട്രത്തിന്റെ അതിർത്തി കടന്നു ചെന്ന് യുദ്ധവിമാനങ്ങൾ ‌ബോംബിടുന്നത് - അത് കുളത്തിലായാലും മരത്തിലായാലും അതീവ ഗൗരവമുള്ള കാര്യം തന്നെ ). പാകിസ്ഥാൻ എന്ന ഭ്രാന്തൻ രാഷ്ട്രം അതെങ്ങനെ കൈകാര്യം ചെയ്യും എന്ന സന്ദേഹമുണ്ടെങ്കിലും, അവരുടെ അഭിമാനത്തിനല്ലാതെ ആർക്കും ക്ഷതമില്ലാത്ത നടപടി.

അതങ്ങനെ തന്നെയാവുകയും ചെയ്തേനെ. - കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കാനിറങ്ങുകയും 'അനേകം ഭീകരവാദികൾ കൊല്ലപ്പെട്ടു' എന്ന നുണ സർക്കാർ വക്താവിനെ കൊണ്ട് പറയിക്കുകയും ചെയ്തില്ലായിരുന്നുവെങ്കിൽ. ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ സൈനീകോദ്യോഗസ്ഥൻ പറഞ്ഞത് ശ്രദ്ധിച്ചിരുന്നോ ‌-' ഞങ്ങൾ ലക്ഷ്യം നേടി' എന്നു മാത്രം. നയതന്ത്രത്തിൽ താല്പര്യമുള്ള ഏതൊരാളും വാക്കുകൾ കൃത്യമായും അതിലൊതുക്കും.പക്ഷേ കേന്ദ്രസർക്കാരിനിപ്പോൾ വോട്ടാണല്ലോ നോട്ടം.

പാകിസ്ഥാൻ ഒന്നാന്തരം നുണകൾ പറയാറുണ്ടെന്ന് നമുക്കറിയാം. എഫ് - 16 വിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തില്ലെന്ന് അവർ നുണ പറഞ്ഞത്, ഇന്നലത്തെ പത്രസമ്മേളനത്തിൽ കൃത്യമായ തെളിവുകളോടെ നമ്മുടെ സൈനീകവക്താക്കൾ പുറത്തുകൊണ്ടു വരികയുമുണ്ടായി.

പക്ഷേ നമ്മുടെ സർക്കാർ വക്താവ് തലേന്ന് നുണ പറഞ്ഞതോടെ ഈ വിഷയത്തിൽ ഇന്ത്യയുടെ വിശ്വാസ്യത നഷ്ടമായി. "നുണ' എന്ന് പാകിസ്ഥാനു നേരെ വിരൽ ചൂണ്ടുമ്പോൾ, അഭിമാനികളും സത്യസന്ധരുമായ ഇന്ത്യൻ സൈന്യത്തിന് കേന്ദ്രസർക്കാരിന്റെ അതേ നുണ നിറഞ്ഞ വമ്പുപറച്ചിലിന്റെ നിഴലിൽ നിന്ന് അത് ചെയ്യേണ്ടി വന്നു. വാസ്തവവിരുദ്ധമായ ഇത്തരം പൊങ്ങച്ചവർത്തമാനങ്ങൾ സൈന്യത്തിന്റെയും രാജ്യത്തിന്റേയും അന്തസ്സ് തകർക്കുകയാണ് ചെയ്യുന്നതെന്ന് നുണകളുടെ അക്ഷൗഹിണികൾ മാത്രം നയിച്ച് പരിചയമുള്ള ഈ അധികാരമോഹികൾ എന്നാണ് തിരിച്ചറിയുക ?

@ Viddiman

No comments:

Post a Comment