Tuesday, March 12, 2019

നവകേരളനിർമ്മാണം - 1

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ലോകമെമ്പാടുമുള്ള മലയാളികൾ നവകേരള നിർമ്മാണത്തിനായി ഒരു മാസത്തെ ശമ്പളം നീക്കി വെക്കാൻ തുടങ്ങുകയാണ്. 
ഒരു രാജ്യത്തോ സംസ്ഥാനത്തോ ഇതിനു മുമ്പ് ഇതുപോലൊരു ധനസമാഹരണം നടന്നിട്ടുണ്ടാവാനിടയില്ല. 

ഇത് സർക്കാരിന്റെ വരുമാനമാർഗ്ഗമായ നികുതിപ്പണമല്ല, സർക്കാരെടുക്കുന്ന ലോണുമല്ല. തങ്ങളുടെ നാട് പുനർനിർമ്മിക്കാൻ ജനങ്ങൾ നടത്തുന്ന നിക്ഷേപമാണ്. അതിനെ അങ്ങനെ തന്നെ കാണണം. മറ്റേതു പണം മുടക്കലുകാരേയും പോലെ, തങ്ങളുടെ പണം എന്തിനാണ്, എങ്ങനെയാണ്, അരാണ് ചിലവഴിക്കുന്നത് എന്ന് പരിശോധിക്കാൻ പണം മുടക്കിയവർക്ക് അധികാരമുണ്ടായിരിക്കണം. പണം മുടക്കുന്നവർക്കും ചിലവഴിക്കുന്നവർക്കും ആ ബോധ്യമുണ്ടായിരിക്കണം. കണക്കുകൾ നിരന്തരം പരിശോധിക്കപ്പെടണം. അനാവശ്യ ചിലവുകൾ ഒഴിവാക്കണം.

എങ്ങനെ എന്നുള്ള വലിയ ചോദ്യമുണ്ട്.

ജനങ്ങൾക്കു വേണ്ടി അഴിമതിയില്ലാതെ പൈസ ചിലവഴിക്കാൻ ആസൂത്രണം ചെയ്യപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പിന്റെ എഞ്ചിനീയറിങ്ങ് വിഭാഗം, ചുരുങ്ങിയ കാലയളവു കൊണ്ട് അഴിമതിയിൽ എങ്ങനെ പൊതുമരാമത്ത് പോലെയുള്ള മറ്റു വകുപ്പുകളോടൊപ്പമെത്തി എന്ന് പഠിക്കണം. എല്ലാ വകുപ്പുകളുടേയും അഴിമതി ഇല്ലാതാക്കാനാനുള്ള ശക്തമായ നടപടികൾ കൈക്കൊള്ളണം.

ചില ചിന്തകൾ പങ്കു വെക്കുന്നു.

1. വിജിലൻസിന് സ്വതന്ത്രപദവി ഉണ്ടായിരിക്കണം. കൂടുതൽ വിജിലൻസ് കോടതികൾ ആരംഭിക്കണം. കേസുകൾ സമയബന്ധിതമായി തീർക്കണം.

2. സംസ്ഥാന തലത്തിലുള്ള ഒരു ഉദ്ഘാടനം മാത്രമായിരിക്കണം ആകെ ഉണ്ടായിരിക്കേണ്ടത്. മറ്റൊരു ഉദ്ഘാടനവും പാടില്ല. എന്തിനാണോ പദ്ധതി, അത് ജനങ്ങൾ ഉപയോഗിച്ചു കൊണ്ടായിരിക്കണം അനൗപചാരികമായി ഉദ്ഘാടനം നടക്കേണ്ടത്. തറക്കല്ലിടലോ മറ്റ് സ്മാരകഫലകങ്ങളോ വേണ്ടതില്ല.

3. പണം വിനിയോഗിക്കുന്ന പ്രവർത്തികൾക്ക് അതിന്റെ ചിലവ്/എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ ക്ഷണിച്ച് പദ്ധതി പൂർത്തീകരിക്കുന്നതു വരെ പണം മുടക്കിയവർക്ക് പരിശോധിക്കാനും പ്രവർത്തി വിലയിരുത്താനും അവസരമുണ്ടായിരിക്കണം. നിർമ്മാണപ്രവർത്തനങ്ങൾ വീഡിയോ റെക്കോഡ് ചെയ്യപ്പെടണം.( അതിനുള്ള ചിലവ് കൂടി പദ്ധതിയിൽ ഉൾപ്പെടുത്താം. ).

ഉദാഹരണത്തിന്, ഒരു കോടി രൂപ ചിലവിൽ ഒരു പാലം പുനർനിർമ്മിക്കുന്നുവെന്നിരിക്കട്ടെ. ദുരിതാശ്വാസനിധിയിൽ പണം നിക്ഷേപിച്ച 99 പേരെ ( ഒരു സാമ്പിൾ സംഖ്യ പറഞ്ഞെന്നേയുള്ളൂ ) കണ്ടെത്തണം. അവർ നൽകിയ നിക്ഷേപങ്ങൾ കൂട്ടിയാൽ ഒരു കോടി രൂപ കിട്ടണം, അവരിൽ ലക്ഷങ്ങൾ നൽകിയവർ മുതൽ ഒരു രൂപ മുടക്കിയവർ വരെ വേണം. പക്ഷേ അധികാരം എല്ലാവർക്കും തുല്യമായിരിക്കണം 99 പേർ ചേർന്നുള്ള ഒരു വെർച്വൽ കമ്പനി എന്നൊക്കെ പറയാൻ പറ്റ്വോ ?

. അവരായിരിക്കും ഈ പാലം നിർമ്മാണത്തിന്റെ മുതൽ മുടക്കുന്നവർ എന്ന് അവരെ അറിയിക്കണം. തുടർന്നങ്ങോട്ടുള്ള എല്ലാ പ്രവർത്തികളും ചെയ്യുന്നത് സർക്കാർ വകുപ്പുകൾ/ഏജൻസികൾ വഴിയായിരിക്കണമെങ്കിലും അവർ ചെയ്യുന്ന ഓരോ പ്രവർത്തിയും ഉദാ - എസ്റ്റിമേറ്റ് തയ്യാറാക്കൽ, ടെണ്ടർ ക്ഷണീക്കൽ, കരാർ, നിർമ്മാണം, പണം നൽകൽ തുടങ്ങിയ എല്ലാം, പരിശോധിക്കാനും നിർദ്ദേശങ്ങൾ നൽകാനും ഈ കമ്പനിക്ക് അവസരരമുണ്ടാകണം. നാട്ടിലില്ലാത്തവർക്ക് വീഡിയോ/വീഡിയോ കോൺഫറൻസ് വഴി അപ്പപ്പോൾ കാര്യങ്ങൾ അറിയാൻ കഴിയണം. സർക്കാർ നൽകുന്ന അടിസ്ഥാന ശമ്പളത്തിനു പുറമേ, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ബത്ത കൂടി ഉൾപ്പെട്ടാലേ സർക്കാർ ഉദ്യോഗസ്ഥർക്ക് മുഴുവൻ ശമ്പളവും ലഭിക്കൂ എന്ന വ്യവസ്ഥ കൊണ്ടു വരണം.

4. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസനത്തിലും മുന്നോട്ടു പോയിട്ടുള്ള രാജ്യങ്ങളെ ആഴത്തിൽ പഠിച്ച്, സ്വാംശീകരിച്ച് പുതിയൊരു പരിസ്ഥിതി നയം കൊണ്ടു വരണം. എല്ലാ നിർമ്മാണപ്രവർത്തികളും ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം.

ചർച്ചകൾ നടക്കട്ടെ.
പുതിയൊരു കേരളം ഉയരട്ടെ.

.@Viddiman

No comments:

Post a Comment