Tuesday, March 12, 2019

നവോത്ഥാനത്തിന്റെ തുടർച്ചയും ഇടതുപക്ഷവും

ദൈവവിശ്വാസികളായതുകൊണ്ടോ നടക്കാൻ മറ്റ് വഴികളില്ലാത്തതുകൊണ്ടോ അല്ല 1946-47 ൽ പാലിയത്തു കുന്നത്തളി ക്ഷേത്രത്തിലും ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിയും പുരോഗമന പ്രസ്ഥാനങ്ങളും അവർണ്ണർക്ക് വഴി നടക്കാനും ക്ഷേത്രത്തിൽ പ്രവേശിക്കാനും പ്രക്ഷോഭങ്ങൾ നടത്തിയത്. 

മത, ദൈവവിശ്വാസികളായതുകൊണ്ട് അവരുടേ പ്രശ്നങ്ങളിൽ ഇടപെടേണ്ടതില്ല, അവർ തമ്മിൽ തല്ലി പരിഹരിക്കട്ടെ, അല്ലെങ്കിൽ തന്നെ ഇനിയിപ്പോ കയറിയിട്ടെന്തിനാണ് കുറേയാളുകളെ കൂടി വിശ്വാസികളാക്കാൻ  മെനക്കെടുന്നത് എന്നൊക്കെയുള്ള 'യുക്തിസഹ'മായ നിലപാടുകളാണ് സ്വീകരിക്കേണ്ടത് എന്ന് അന്നത്തെ യുക്തിവാദികളാരെങ്കിലും ഇടതുപക്ഷത്തെ ഉപദേശിച്ചിരുന്നോ എന്നറിയില്ല. പാർട്ടി എന്തായാലും ആ വഴിയല്ല സ്വീകരിച്ചത്. 
നിരന്തരമായ ഇടപെടലുകളിലൂടെ, ആശയസംവേദനങ്ങളിലൂടെ അത് ഭൂരിപക്ഷത്തിനു മേൽ ന്യുനപക്ഷം നടത്തുന്ന ചൂഷണമാണ്, അനീതിയാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയാണ് ക്ഷേത്രപ്രവേശന നിരോധനങ്ങൾക്കെതിരെ പാർട്ടി  പ്രക്ഷോഭങ്ങൾ നയിച്ചത്.  തങ്ങൾക്കു വേണ്ടി സവർണ്ണഗുണ്ടകളുടേയും  പോലീസിന്റേയും നിഷ്ഠൂരമർദ്ധനം ഏറ്റുവാങ്ങിയ നേതാക്കളേയും പ്രവർത്തകരേയും കണ്ടാണ്; അല്ലാതെ  കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അരച്ചു കലക്കികുടിച്ചല്ല  കൂടുതൽ മനുഷ്യർ ഈ പ്രസ്ഥാനങ്ങളിലേക്ക് അണിചേർന്നത്. അതേ സമയം, ഭൗതികവാദത്തിലധിഷ്ഠിതമായ കമ്മ്യൂണിസത്തെ കുറിച്ചുള്ള ആശയദാർഢ്യം കൊണ്ട് കരുത്തരുമായിരുന്നു അന്നത്തെ പാർട്ടിനേത്വത്വം.  മുമ്പേ നടന്ന ക്ഷേത്രപ്രവേശന സമരങ്ങളും അതിനു പിന്തുണ നൽകിയ സാംസ്ക്കാരികാന്തരീക്ഷവും അതിനു തണലായി നിന്നു.  അങ്ങനെ കൂടി രൂപപ്പെട്ട കാതലാണ് കേരളത്തിലെ ഇടതുപക്ഷ പാർട്ടികളുടേത്. അത്തരം പ്രക്ഷോഭങ്ങൾ  കേരളത്തിനും ഇടതുപക്ഷത്തിനും രാഷ്ട്രീയമായും സാമൂഹ്യമായും നേട്ടമല്ലാതെ കോട്ടമൊന്നുമുണ്ടാക്കിയിട്ടില്ല എന്നു കാണാൻ വലിയ ചരിത്രപഠനമൊന്നും ആവശ്യമില്ല.. 

.

പക്ഷേ ഇടയിലെപ്പോഴോ ( ലോകത്തിലെ ആദ്യ ജനാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ  അട്ടിമറിച്ചിട്ട വിമോചനസമരം മുതലാവാം അത് ) ആദ്യം ന്യൂനപക്ഷമതവിശ്വാസികൾക്കിടയിലെ  വിശ്വാസഅനാചാരങ്ങളെ തൊടാതെ മാറ്റി നിർത്താനും പതിയെ ഹിന്ദുക്കളുടെ തന്നെ വിശ്വാസഅനാചാരങ്ങളെ പാവനമായ പൊതിയാതേങ്ങയായി കൊണ്ടു നടക്കാനും അനുവദിച്ചതു വഴി ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നവോത്ഥാനശ്രമങ്ങളിൽ നിന്ന്  അകന്നു നിന്ന്  അതിനെ മുരടിക്കാനിട വരുത്തിയത് കാണാം. ന്യൂനപക്ഷചൂഷണങ്ങളോട് കണ്ണടയ്ക്കുകയും ഹിന്ദു ദുരാചാരങ്ങളെ വിമർശനബുദ്ധ്യാ സമീപിക്കുകയും  ചെയ്യുന്ന പൊതുഇടതുപക്ഷ നിലപാടിനെ ചൂണ്ടിക്കാട്ടി സംഘപരിവാർ  കേരളത്തിൽ വിഷവേര് പടർത്തിയത് ഇതിന് ആക്കം കൂട്ടിയിട്ടുമുണ്ട്.  വിമോചനസമരമസംഘാടകരുമായി ഇഴയടുപ്പം സൃഷ്ടിച്ച് അവരെ ഉൾക്കൊണ്ട കോൺഗ്രസ്സിനാവട്ടെ, നവോത്ഥാനം അന്നു മുതൽ ഓർമ്മയിൽ നിന്നു പോലും നഷ്ടപ്പെട്ടു. ഇന്നത്തെ കോൺഗ്രസ്സ് നേതാക്കൾ പലരും വിമോചനസമരത്തിന് നേതൃത്വം കൊടുത്തവരായിരുന്നു എന്നു കണ്ടാൽ തന്നെ അവരുടെ  'നവോത്ഥാനചതുർത്ഥി'യ്ക്ക് പിന്നിലെ കാരണം മനസ്സിലാവും.

'വിശ്വാസങ്ങളിലും ആചാരങ്ങളിലുമൊന്നും ഇടപെടില്ല, അത് വിശ്വാസികളെ വേദനിപ്പിക്കും. അവർക്കിടയിലുള്ള അസമത്വങ്ങളും ചൂഷണങ്ങളും അവർ തന്നെ പരിഹരിക്കട്ടെ' എന്നൊക്കെയുള്ള നിലപാട്, നവോത്ഥാനത്തിൽ നിന്ന് പുറകോട്ടു നടക്കാനും സമൂഹത്തിൽ കൂടുതൽ ഇരുട്ടു പടർത്താനുമേ സഹായിക്കൂ, വെളിച്ചം പടർത്താൻ എതിർദിശയിലാണ് സഞ്ചരിക്കേണ്ടത് എന്ന്  ഇപ്പോഴെങ്കിലും ഇടതുപക്ഷത്തിന് ബോധ്യപ്പെടേണ്ടതുണ്ട്. ( സംഘപരിവാർ പോലും,  (ഏകീകൃത ഹിന്ദുവിനെ സൃഷ്ടിക്കാനുള്ള) ഒരു 'മിനിമം' നവോത്ഥാനത്തെ കുറിച്ച് വാചാലരാവാറൂണ്ട് എന്നോർക്കുക ) .


നവോത്ഥാനം ഒരു തുടർപ്രക്രിയയാണ്. നാനാവിധത്തിലുള്ള അസമത്വത്തിനെതിരെ, അനീതിക്കെതിരെ, ചൂഷണത്തിനെതിരെ അത് തുടർന്ന്  പരക്കേണ്ടതുണ്ട്,  അതിനെയെല്ലാം പൊളിച്ചെഴുതേണ്ടതുണ്ട്.  ആർക്കൊക്കെയാണ്, എവിടെയൊക്കെയാണ്  പിന്തുണ വേണ്ടതെന്ന് അതിന്റെ നിരന്തരമായ ചലനാത്മകതയാണ് കണ്ടെത്തുക.,  ആർത്തവത്തിന്റെ പേരിലുള്ള ക്ഷേത്രപ്രവേശനനിഷേധം സ്ത്രീകൾക്കു നേരെയുള്ള അസമത്വവും  ചൂഷണവുമാണെന്ന് തിരിച്ചറിഞ്ഞ്, പ്രക്ഷോഭങ്ങളിലൂടെയും ആശയസംവേദനങ്ങളിലൂടെയും  അത് കൂടുതൽ ബോധ്യപ്പെട്ടും ദൃഢപ്പെടുത്തിയും നേടിയെടുക്കാൻ പ്രാപ്തിയുള്ള പുരോഗമനേച്ഛയുള്ള, നേതൃത്വത്തിലും സ്ത്രീപങ്കാളിത്തമുള്ള  ഒരു ജനതയെ, ചലനാത്മകതയുള്ള   നവോത്ഥാനം എത്രയോ മുമ്പേ  രൂപപ്പെടുത്തിയേനെ.  അങ്ങനെയൊന്നില്ലാതെ,, ഒരു കോടതി ഉത്തരവ് വഴി  പ്രവേശനാനുമതി കെട്ടിയിറക്കി കൊടുക്കുമ്പോൾ 'അത് ദൈവഹിതത്തിനെതിരാണ്'എന്ന് സ്വയം തങ്ങളുടെ ചങ്ങലകളിലേക്കൊതുങ്ങുന്ന അടിമമനോഭാവമാണ് അവരിൽ വർത്തിക്കുന്നത് എന്നു കാണുക.   .എല്ലാത്തരത്തിലുള്ള അസമത്വങ്ങളും അവസാനിപ്പിക്കുന്നതു വരെ തങ്ങൾക്കു വിശ്രമമില്ല എന്നു പ്രഖാപിച്ചിട്ടുള്ളവർ, ഇങ്ങനെ അസമത്വത്തിന്റെ ഇരകൾ തങ്ങളുടെ മേലുള്ള നാനാവിധ ചങ്ങലകളിൽ സ്വയം ബന്ധിതരാവുന്നത്  കാണാതിരുന്നു കൂടാ. അതിനനുസരിച്ച് ചിന്തയും ആയുധങ്ങളും പുതുക്കിപ്പണിയാതിരുന്നുകൂടാ. ഇല്ലെങ്കിൽ ഏറ്റവും പ്രാകൃതമായ ആയുധങ്ങളാൽ, ഏറ്റവും പ്രാകൃതമായ വിധത്തിൽ ചൂഷകർ ആ ജനതയെ പരസ്പരം  അരിഞ്ഞു വീഴ്ത്തിക്കുക തന്നെ ചെയ്യും. . 

@ Viddiman

No comments:

Post a Comment