Tuesday, March 12, 2019

സാലറി ചലഞ്ച്

********
സാലറി ചാലഞ്ച്
***********

സർക്കാരിനെ പോലെ തന്നെ, കൃത്യമായ ബഡ്ജറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ജീവനക്കാരുടെ ജീവിതം മുന്നോട്ടു പോകുന്നത്. 

ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകുന്നു. ഗൃഹോപകരണങ്ങൾ,വാഹനം, ആഭരണങ്ങൾ തുടങ്ങിയവ വാങ്ങുന്നത്, കുട്ടികളുടെ വിദ്യാഭ്യാസം, 
യാത്ര, ഇതൊക്കെ കൃത്യമായ പ്ലാനിങ്ങിന്റെ അടിസ്ഥാനത്തിലാണ്.
ലോൺ തിരിച്ചടവ്, കുറികൾ, മറ്റ് സമ്പാദ്യപദ്ധതികൾ എന്നിവയിലേക്കും തുക മാറ്റി വെക്കേണ്ടി വരും.

എല്ലാം കഴിഞ്ഞാൽ ഒരു ശരാശരി സർക്കാർ ജീവനക്കാരന്റെ മാസബഡ്ജറ്റിൽ മിച്ചമുണ്ടാവുക നാലക്കത്തിൽ താഴയുള്ള ഒരു തുകയായിരിക്കും. അതുപയോഗിച്ചാണ് അപ്രതീക്ഷിത ചെലവുകൾ കണ്ടെത്തുന്നതും ബാക്കിയുണ്ടെങ്കിൽ 'അടിച്ചു പൊളി'ക്കുന്നതും മറ്റും. ലീവ് സറണ്ടർ, ഓണത്തിന് കിട്ടുന്ന ഫെസ്റ്റിവൽ അഡ്വാൻസ് & അലവൻസ് വരെ എന്തിനുപയോഗിക്കണം എന്ന ആലോചനയുണ്ടായിരിക്കും.

അപ്പോഴാണീ മഹാപ്രളയം.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്.

ശരിയാണ്. ഒരു മാസത്തെ ശമ്പളം വലിയ തുകയാണ്. മാസം മൂന്നു ദിവസത്തെ ശമ്പളം വച്ച് പത്തുമാസം നൽകാനും ബുദ്ധിമുട്ടുണ്ടാവും.

പക്ഷേ ആരാണ് നമുക്ക് ശമ്പളം നൽകുന്നത് ? നമ്മുടെ മുതലാളി ? നമ്മുടെ ഗൃഹനാഥൻ ?

കേരളം. കേരളത്തിലെ ജനങ്ങൾ, അവർ നൽകുന്ന നികുതി.

അനതിസാധാരണമായ ഐക്യത്തോടെ നാം പ്രളയ ദുരന്തത്തെ നേരിട്ടു. ഇന്ത്യയ്ക്കും ലോകത്തിനും പുതിയൊരു മാതൃക സൃഷ്ടിച്ചു കൊണ്ട് നാം കൈകൾ കോർത്തു പിടിച്ചു. ആ ഐക്യത്തിന്റെ മഹാബലം അനേകം മനുഷ്യരെ ജീവനിലേക്ക് തിരികെയുയർത്തി.

അവരിൽ ചിലർക്ക് തങ്ങളുടെ തൊഴിലുപാധികൾ നഷ്ടപ്പെട്ടത്, വെള്ളത്തിൽ മുങ്ങിയ നമ്മെ സുരക്ഷിതസ്ഥാനത്തെത്തിക്കാൻ പാഞ്ഞു നടന്നതുകൊണ്ടാണ്. മുണ്ടു മുറുക്കിയുടുക്കുകയല്ലാതെ അവർ നമ്മോട് അതിന്റെ കണക്കുകൾ പറഞ്ഞില്ല.

കിടപ്പാടം നഷ്ടപ്പെട്ടവർക്ക് വീടു വെക്കാൻ ഭൂമി നൽകുന്ന, തികച്ചും സാധാരണക്കാരായ, അക്കാരണം കൊണ്ട് മാത്രം അസാധരണരായ മനുഷ്യരെയും ഈ സന്ദർഭത്തിൽ നാം കാണുന്നുണ്ട്.

നിറഞ്ഞ മനുഷ്യത്വത്തിന്റെ ഉദാഹരണങ്ങൾ.

ഒപ്പം ഒന്നു കൂടി കാണണം, ഈ മഹാപ്രളയത്തിൽ, നമ്മുടെ ശമ്പളദാതാവ് കടുത്ത പരിക്കുകളേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സ തേടുകയാണ്.
ഭക്ഷണവും വസ്ത്രവും കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ടിരിക്കുന്നു.

(സംശയമുള്ളവർ, പ്രളയബാധിത പ്രദേശങ്ങൾ ഒന്ന് സന്ദർശിക്കുക, വീട്ടുകാരോടും നാട്ടുകാരോടും വിവരങ്ങൾ ആരായുക. )

തലയുയർത്താൻ ശേഷിയില്ലാത്ത ദരിദ്ര നാരായണമാരായി ജനം മാറിയാൽ, , നാടിന്റെ ഖജനാവ് ശൂന്യമാകും. അരി വാങ്ങിക്കാൻ പോലും വരുമാനമില്ലാത്തവർക്ക് കരമടയ്ക്കാൻ എങ്ങനെ കഴിയും ? വരുമാനമില്ലാതായാൽ, സർക്കാരിന് ജനങ്ങൾ അടിസ്ഥാനാവശ്യങ്ങൾക്ക് കൂടുതൽ പ്രയോരിറ്റി കൊടുക്കേണ്ടി വരും. ജനങ്ങൾക്ക് ഉപകാരമില്ലാതായാൽ, സിവിൽ സർവീസിനെ തീറ്റിപ്പോറ്റുന്നത് അനാവശ്യമാണെന്ന് ജനങ്ങൾക്ക് ന്യായമായും തോന്നും. അത്തരം ആവശ്യങ്ങളുയരും.

ജീവൻ മാത്രമല്ല, ജീവിതവും ജനങ്ങൾക്ക് തിരിച്ചു കിട്ടേണ്ടതുണ്ട്.
വ്യക്തികൾ നൽകുമ്പോൾ അത് ഔദാര്യമാണ്. ഔദ്യാര്യമല്ല, അവകാശമാണ് ജനങ്ങൾക്ക് വേണ്ടത്. അവകാശമാകുന്നത്, അവർ തന്നെ സൃഷ്ടിച്ചു സംരക്ഷിക്കുന്ന സർക്കാർ വഴിയാകുമ്പോഴാണ്. സർക്കാരിന്റെ സാമ്പത്തിക സമാഹരണത്തിൽ പങ്കാളിയാവുമ്പോൾ ആ കൃത്യം നിർവഹിക്കുക എന്ന സാമൂഹ്യധർമ്മമാണ് നാം നിറവേറ്റുന്നത്.

നമുക്ക് കേരളം പുനർനിർമ്മിച്ചേ മതിയാവൂ ;നമ്മുടെ നിലനില്പിനും കേരളത്തിന്റെ നിലനിൽപ്പിനും.

ശരിയാണ്. ഒരു മാസത്തെ ശമ്പളം വലിയ തുകയാണ്. മാസം മൂന്നു ദിവസത്തെ ശമ്പളം വച്ച് പത്തുമാസം നൽകാനും ബുദ്ധിമുട്ടുണ്ടാവും.

പക്ഷേ അത് അസാധ്യമൊന്നുമല്ല.

ബഡ്ജറ്റ് ഒന്ന് പുനക്രമീകരിക്കേണ്ടി വരും. അത്ര തന്നെ. അതിൽ കൂടുതലൊന്നും വേണ്ട.

1. ലീവ് സറണ്ടർ ഒരു മാർഗ്ഗമാണ്

ഓർക്കണം, സർക്കാർ ഇപ്പോഴും ഈ ആനുകൂല്യം പിൻവലിച്ചിട്ടില്ല. പക്ഷേ ഈ ആനുകൂല്യമില്ലാതെയും സറണ്ടർ ചെയ്യാവുന്ന ദിവസങ്ങളുടെ എണ്ണം ഇരുപതായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള കാലങ്ങളിലും നാം ജോലി ചെയ്തിട്ടുണ്ട്.

2. കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ സ്കൂളുകളിലേക്ക് മാറ്റുക. ഫീസ് ഇനത്തിൽ നല്ലൊരു തുക ലാഭിക്കാം. എല്ലാത്തരത്തിലും ഏറ്റവും മികച്ച വിദ്യാഭ്യാസമാണ് ഇപ്പോൾ സർക്കാർ സ്കൂളുകളിൽ നിന്ന് ലഭിക്കുന്നത്. അദ്ധ്യാപകരുടേയും ജീവനക്കാരുടേയും മക്കൾ കൂടി കൂടുതലായി പഠിക്കാനെത്തുമ്പോൾ വിദ്യാലയങ്ങളുടെ അക്കാദമിക, ഭൗതീക അന്തരീക്ഷവും കൂടുതൽ മെച്ചപ്പെടും.

3. വിവാഹം, ഗൃഹപ്രവേശം, വിനോദയാത്ര തുടങ്ങിയവ ലളിതമാക്കി നടത്തുക.

സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീ. അനിൽ കുമാർ പങ്കു വെച്ച ചില ആശയങ്ങൾ കൂടി പകർത്താം.

1) പരമാവധി പൊതുഗതാഗതസംവിധാനങ്ങൾ ഉപയോഗിക്കുക.

2) 3 പേരെങ്കിലും യാത്ര ചെയ്യുന്നുണ്ടെങ്കിൽ മാത്രം കാർ ഉപയോഗിക്കുക. അല്ലാത്തപക്ഷം ടൂവീലർ മതി

3) ഹോട്ടലുകളിൽ നിന്നും ഭക്ഷണങ്ങൾ ഒഴിവാക്കുക. ഒഴിവാക്കുവാനാവില്ലെങ്കിൽ സാധാരണ ഹോട്ടലിൽ നിന്നും സാധാരണ ഭക്ഷണം കഴിക്കുക

4) സിനിമ പോലുള്ള അനാവശ്യ ചിലവുകൾ തൽക്കാലം ഒഴിവാക്കാം - കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ ചാനലുകളിൽ സിനിമകൾ വരുമ്പോൾ നമുക്ക് കാണാമല്ലോ

5) ആഡംബരം ഒഴിവാക്കി ഗാന്ധിയൻ രീതിയിൽ ജീവിതം പരിശീലിക്കാം.

ഒപ്പം, അതിപ്രാധാന്യമുള്ള മറ്റൊന്നു കൂടിയുണ്ട്.

ജനങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന പണം, ഒരു പൈസ കുറവില്ലാതെ കൃത്യമായും സത്യസന്ധമായും ആ ആവശ്യത്തിനു മാത്രം വിനിയോഗിക്കുക. അങ്ങനെയാണ് മറ്റുള്ളവരും വിനിയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. അല്ലെങ്കിൽ ജനങ്ങളോടൊപ്പം നിന്ന് തിരുത്തൽ ശക്തിയായി പ്രവർത്തിക്കുക.

വാൽക്കഷണം :

ഇതുകൊണ്ട് ജനങ്ങൾ സർക്കാർ ജീവനക്കാരെ മടിയിലിരുത്തി താലോലിക്കും എന്ന് പ്രതീക്ഷിക്കരുത്.
ഒന്നാമത്, അധികാരവുമായി ബന്ധപ്പെട്ട ചില മാനസീകനിലപാടുകളുണ്ട്. പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല അത്.

രണ്ടാമത്, അർഹർക്ക് വിതരണം ചെയ്യുക മാത്രമല്ല, അനർഹർക്ക് നൽകാതിരിക്കുക എന്നതും നമ്മുടെ ജോലിയുടെ ഭാഗമാണ്. എല്ലാവരേയും പ്രീതിപ്പെടുത്തുക അതുകൊണ്ടു തന്നെ അസാദ്ധ്യവുമാണ്, ആവശ്യമില്ലാത്തതുമാണ്.

@Viddiman

No comments:

Post a Comment