Tuesday, March 12, 2019

അനന്തരം ശാസ്ത്രം പറഞ്ഞു : ദീർഘായുഷ്മാൻ ഭവ

******അനന്തരം ശാസ്ത്രം പറഞ്ഞു : ദീർഘായുഷ്മാൻ ഭവ : ********


കൗതുകമുണർത്തുന്ന ഒരു ഗ്രാഫാണ് താഴെ കൊടുത്തിരിക്കുന്നത്..
ലോക ജന സംഖ്യ Y – ആക്സിസിലും (1 Billion = 100 crore) ബി സി മുതൽ എ ഡി വരെ നീണ്ടു നിൽക്കുന്ന വർഷങ്ങൾ X - ആക്സിസിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഗ്രാഫ്.

ഇതൊന്നു പഠിക്കാൻ ശ്രമിക്കാം.
1. 7000 ബി സി ക്കു മുതൽ 1000 എ ഡി വരെ ലോക ജനസംഖ്യ വളരെ നേരിയ നിരക്കിലാണ് ഉയർന്നു കൊണ്ടിരുന്നത്. ഏതാനും ദശലക്ഷങ്ങളിൽ തുടങ്ങി 1000 എ ഡി യിൽ അത് 3000 ലക്ഷത്തിന്റെ ( 300 ദശലക്ഷം )അടുത്തെത്തുന്നു. ( ഇത് ഫോസിൽ പഠനങ്ങളേയും ഉദ്ഖനനങ്ങളേയും ആസ്പദമാക്കി നരവംശശാസ്ത്രം ഉണ്ടാക്കിയ അനുമാനിത സംഖ്യയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ).

2. 1500 എ ഡി എത്തുന്നതിന് മുമ്പ് ഗ്രാഫിൽ താഴേക്ക് ഒരു ചെറിയ കുനിപ്പ് കാണാം. ആ കാലഘട്ടത്തിൽ പ്ലേഗ് എന്ന മഹാമാരി മൂലം ലോകമെമ്പാടും ജനങ്ങൾ മരിച്ചൊടുങ്ങിയപ്പോൾ ജനസംഖ്യയിലുണ്ടായ കുറവാണത് കാണിക്കുന്നത്.

3. 1800 – 1900 എ ഡി യോടെ ഗ്രാഫ് കുത്തനെ മുകളിലേക്ക് ഉയരാൻ തുടങ്ങുകയും ജനസംഖ്യ 1000 ദശലക്ഷത്തിനടുത്ത് ( നൂറു കോടി = 1 ബില്ല്യൺ) എത്തുന്നതായും കാണാം. അതായത് ലോകജനസംഖ്യ 300 ദശലക്ഷമെത്താൻ എണ്ണായിരം വർഷങ്ങളോളമെടുത്തപ്പോൾ ( ബി സി 7000 മുതൽ എ ഡി 1000 വരെ ), എ ഡി 1800 നും 1900 നും ഇടയിലുള്ള വെറും 100 വർഷങ്ങൾ കൊണ്ട് ജനസംഖ്യ മൂന്ന് ഇരട്ടി കണ്ട് വർദ്ധിച്ചു.

4. 1900 എ ഡി - 2000 എ ഡി വരെയുള്ള കാലയളവിൽ ഗ്രാഫ് ലംബമായി കുത്തനെ മേല്പോട്ടുയരുകയും ലോകജനസംഖ്യ ഒരു ബില്ല്യണിൽ നിന്ന് നിന്ന് ആറ് ബില്ല്യണായി വർദ്ധിക്കുകയും ചെയ്യുന്നു. വെറും 100 വർഷങ്ങൾ കൊണ്ട് ആറിരട്ടിയോളം വർദ്ധന !!! ( രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മിക്കവാറും എല്ലാ രാജ്യങ്ങളും സെൻസസ് എടുക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് 1950 – 2000 വരെയുള്ള കണക്കുകൾ കൃത്യത്തോട് വളരെ അടുത്തു നിൽക്കുന്നവയാണ്. ).

5. മൊത്തത്തിൽ നോക്കുകയാണെങ്കിൽ , 1000 എ ഡി വരെ ഏകദേശം തിരശ്ചീനമായി കാണപ്പെടുന്ന ഗ്രാഫ്, 1000- 2000 നുള്ളിൽ ലംബമായി മാറുന്ന അത്ഭുതം സംഭവിച്ചിരിക്കുന്നു !!

എന്താണിതിനു പിന്നിൽ ?

മനുഷ്യർ ജീവിച്ചിരുന്ന കാലം മുതൽ രോഗങ്ങളും അപകടങ്ങളുമെല്ലാം സംഭവിച്ചിട്ടുണ്ടാവണം. അതിനൊക്കെ പിന്നിൽ പ്രകൃതി/പൈശാചിക/ദൈവീക ശക്തിയുണ്ടെന്ന് കരുതിയിരുന്ന, ചിന്താ ശേഷിയില്ലാത്ത പ്രാകൃത വാസികൾ മന്ത്രവാദവും മാട്ടും മാരണവും ബലിയും ജപിച്ചു തുപ്പലും പ്രാർത്ഥനയുമെല്ലാം നടത്തി രോഗങ്ങൾ മാറ്റാൻ ശ്രമിച്ചിട്ടുണ്ടാവണം. അതേ സമയം യുക്തിയോടെ ചിന്തിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നവർക്ക്, പ്രകൃതിയിൽ നിന്ന് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പല രോഗങ്ങളും മാറ്റാൻ കഴിയും എന്ന നിഗമനത്തിലേക്കെത്തുകയും ചെയ്തിട്ടുണ്ടെന്നും ചരിത്രം പരിശോധിച്ചാൽ നമുക്കറിയാം.

നമ്മുടെ ആയുർവേദം തന്നെ ബി സി യിൽ ആരംഭിച്ചതാണ് എന്ന് പറയപ്പെടുന്നുണ്ടല്ലോ.

പക്ഷേ ഇത്തരം ചികിത്സാരീതികൾ ലോകത്ത് ഏകദേശം എല്ലാ മനുഷ്യസമൂഹങ്ങളിലും നിലവിലുണ്ടായിട്ടും, പ്ലേഗ്, പോളിയോ, വസൂരി തുടങ്ങിയ മഹാമാരികൾ ലോകമെമ്പാടും വ്യാപകമായി മനുഷ്യരെ കൊന്നൊടുക്കിയിട്ടുണ്ട്. അന്നു കാലത്തെ ജനനിരക്ക് ( ഒരമ്മയ്ക്ക് ഏകദേശം 20 – 30 കുട്ടികൾ ) വളരെ ഉയർന്നതായിരുന്നെങ്കിലും, ഇത്തരത്തിലുള്ള രോഗങ്ങൾ ബാധിച്ച് മനുഷ്യർ ജനിച്ചു വീഴുന്നതു മുതൽ എപ്പോൾ വേണമെങ്കിലും മരണപ്പെടാം എന്ന ദുരവസ്ഥയിൽ നിന്ന് അന്നത്തെ മനുഷ്യരെ രക്ഷിക്കാൻ അന്നു നിലവിലിരുന്ന ചികിത്സാസമ്പ്രദായങ്ങൾക്കൊന്നും കഴിഞ്ഞിരുന്നില്ല. ഉയർന്ന ജനനനിരക്കിനോടോപ്പം ഉയർന്ന മരണ നിരക്കും നിലവിലുണ്ടായിരുന്നതുകൊണ്ടാണ് അന്നത്തെ ജനസംഖ്യ ഇങ്ങനെ വളരെ നേരിയ തോതിൽ മാത്രം വർദ്ധിച്ചിരുന്നത് എന്ന് ഇതിൽ നിന്ന് അനുമാനിക്കാം.

എന്നാൽ 1700 – 2000 ഇൽ എന്ത് അത്ഭുതമാണ് സംഭവിച്ചത് ?

അതറിയണമെങ്കിൽ കുറച്ച് ‘പിതാക്ക’ന്മാരെ പരിചയപ്പെടണം.

1. ആന്റണി വാൻ ല്യൂവൻ ഹോക്ക്. (1632 – 1723)

ഇദ്ദേഹമാണ് സൂക്ഷ്മദർശനിയുടെ ( മൈക്രോസ്കോപ്പ്) ആദിമരൂപം കണ്ടുപിടിക്കുകയും അതിലൂടെ സൂക്ഷ്മജീവികളെ വീക്ഷിക്കുകയും ചെയ്തത്.
അതിനാൽ അദ്ദേഹത്തെ സൂക്ഷ്മജൈവശാസ്ത്ര( Microbilology) ത്തിന്റെ പിതാവ് എന്നു വിളിക്കുന്നു. പിന്നീട് ലൂയിസ് പാസ്ചർ, റോബർട്ട് കോച്ച്, എഡ്വേഡ് ജന്നർ, ഫ്രാൻസിസ്കോ റെഡി, ജൂലിയസ് റിച്ചാർഡ് പെട്രി, ഫെർഡിനാന്റ് കോൺ തുടങ്ങിയ പ്രതിഭാധനരായ ശാസ്ത്രജ്ഞരും തങ്ങളുടെ പരീക്ഷണനിരീക്ഷണങ്ങളാൽ സൂക്ഷ്മജൈവശാസ്ത്രത്തെ ശക്തിപ്പെടുത്തിയതിനാൽ ഇവരും മൈക്രോബയോളജിയുടെ പിതാക്കന്മാർ/സ്ഥാപകർ എന്നറിയപ്പെടുന്നുണ്ട്.

2. എഡ്വേർഡ് ജന്നർ. (1749 – 1823)

ഇദ്ദേഹമാണ് വസൂരിക്കുള്ള വാക്സിൻ കണ്ടുപിടിക്കുന്നത്. ചൈനയിലും ഇംഗ്ലണ്ടിലുമെല്ലാം ഗോവസൂരി( മൃഗങ്ങൾക്കും ബാധിക്കുന്ന, ശക്തി കുറഞ്ഞ ഒരു തരം വസൂരി ) ബാധിച്ചവർക്ക് വസൂരി ബാധയുണ്ടാവുന്നില്ലെന്ന് കണ്ടെത്തി പ്രാകൃത പ്രതിരോധമാർഗ്ഗങ്ങൾ അതിനും വളരെ മുമ്പു തന്നെ മനുഷ്യർ സ്വീകരിച്ചു തുടങ്ങിയിരുന്നെങ്കിലും ശാസ്ത്രീയമായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വസൂരിക്കെതിരായ വാക്സിൻ കണ്ടുപിടിക്കുന്നത് അദ്ദേഹമാണ്. ഗോവസൂരി ബാധിച്ച കറവക്കാരികളുടെ പരുക്കളിലുണ്ടാകുന്ന ചലമാണ് വസൂരിക്കെതിരെ പ്രതിരോധ ശേഷി നൽകുന്നതെന്ന് അദ്ദേഹം ഊഹിച്ചു.

തന്റെ പരികല്പന തെളിയിക്കുന്നതിനായി അദ്ദേഹം 1796 ൽ, ഗോവസൂരി ബാധിച്ച സാറ നെംസ് എന്ന കറവക്കാരിയുടെ പരുവിൽ നിന്നുള്ള ചലം, ജയിംസ് ഫിപ്പ് എന്ന എട്ടുവയസ്സുകാരനിൽ കുത്തിവച്ചു. ജയിംസിന് പനിയും മറ്റു ചില ചെറിയ അസ്വസ്ഥതകളും ഉണ്ടായെങ്കിലും പിന്നീട് വസൂരിബാധ ഉണ്ടായില്ലെന്ന് അദ്ദേഹം കണ്ടു. പിന്നീട് മറ്റു ഇരുപത്തിമൂന്നു പേരിൽ കൂടി അദ്ദേഹം ഇതേ പരീക്ഷണം നടത്തി വിജയം വരിക്കുകയും ചെയ്തു. ഇങ്ങനെ, ഗോവസൂരി ബാധിച്ച മനുഷ്യരിൽ നിന്ന് വസൂരിക്കെതിരെയുള്ള പ്രതിരോധകുത്തിവെയ്പ് കണ്ടെത്തുക വഴി അദ്ദേഹം രോഗപ്രതിരോധ ശാസ്ത്രത്തിന്റെ( Immunology) പിതാവ് എന്ന പദവിക്ക് അർഹനായി.

3. ലൂയി പാസ്ചർ. (1822- 1895 )

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളാണ്‌ പകർച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് 1880 – 1890 കാലഘട്ടത്തിൽ ലൂയി പാസ്ചറാണ്.. പേവിഷബാധ, ആന്തറാക്സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നുകൾ കണ്ടു പിടിച്ചതും,സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷൻ വിദ്യ കണ്ടുപിടിച്ചതും ലൂയി പാസ്ചറിന്റെ പ്രധാന നേട്ടങ്ങളാണ്‌. പേ ബാധിച്ച നായുടെ തലച്ചോറിൽ നിന്നും വേർതിരിച്ചെടുത്ത ദ്രാവകമാണ്‌ പ്രതിരോധമരുന്നായി അദ്ദേഹം ഉപയോഗിച്ചത്. പ്രസവാനന്തരമുള്ള പനി മൂലമുള്ള മരണനിർക്ക് കുറയ്ക്കാനും ഇദ്ദേഹത്തിന്റെ മറ്റു കണ്ടുപിടുത്തങ്ങൾ സഹായകമായി. ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ അസുഖങ്ങൾ സൂക്ഷ്മാണുക്കൾ മൂലമാണുണ്ടാകുന്നത് എന്ന സിദ്ധാന്തത്തെ ശരിവയ്ക്കുന്നവയായിരുന്നു.

4. അലക്സാണ്ടർ ഫ്ലെമിങ്ങ്. ( 1881 – 1955 )

1928 -ൽ മെഡിക്കൽ ഗവേഷണ കൗൺസിലിൻറെ പ്രസിദ്ധീകരണത്തിനുവേണ്ടി ഒരു പ്രബന്ധം തയാറാക്കാനുള്ള പ്രവൃത്തിലായിരുന്നു ശാസ്ത്രജ്ഞനായ ഫ്ലെമിങ്. സ്റ്റെഫലോകോക്കസ് എന്നയിനം ബാക്ടീരിയയെ കുറിച്ചാണ് ലേഖനമെഴുതേണ്ടത്. ധാരാളം രോഗങ്ങൾക്കു കാരണമായ ബാക്റ്റീരിയയാണ് സ്റ്റെഫലോകോക്കസ്.

പരീക്ഷണങ്ങൾക്കായി അദ്ദേഹം അത്തരം ബാക്ടീരിയകളെ വളർത്തിയെടുക്കാൻ തുടങ്ങി.
ഒരു ദിവസം ഈ പാത്രങ്ങളിലൊന്ന് അടച്ചുവെക്കാൻ മറന്നുപോയി. ജനാലക്കരികിലിരുന്ന ഈ പാത്രത്തിൽ ഒരുതരം പൂപ്പൽ വളർന്നിരിക്കുന്നതായി ഫ്ലെമിങ്ങിൻറെ ശ്രദ്ധയിൽപ്പെട്ടു. പൂപ്പൽ ബാധിച്ച ബാക്ടീരിയൽ കൾച്ചർ എടുത്തുകളയുന്നതിനു പകരം അദ്ദേഹം അതു നിരീക്ഷിക്കുകയാണു ചെയ്തത്. ചുറ്റുമുള്ള ബാക്ടീരിയകൾ നശിച്ചുപോയതായി അദ്ദേഹം കണ്ടു.
ബാക്ടീരിയെ നശിപ്പിച്ച പൂപ്പലിനെ കൂടുതൽ പരിശോധനക്കായി വേർതിരിച്ചെടുത്തു. പെൻസിലിയം ഇനത്തിൽപ്പെട്ട (Pencillium notatium) ഒന്നായിരുന്നു ഈ പൂപ്പൽ അവയിൽനിന്നു വേർതിരിച്ചെടുത്ത പദാർത്ഥങ്ങൾക്ക് ബാക്ടീരിയകളുടെ വളർച്ച തടയാനുള്ള ശേഷിയുള്ളതായി അദ്ദേഹം മനസ്സിലാക്കി. പുതിയ പദാർഥത്തിന് പെൻസിലിൻ എന്ന പേരുനൽകി.

പെൻസിലിനെ ശുദ്ധരൂപത്തിൽ വേണ്ടത്ര അളവിൽ വേർതിരിച്ചെടുക്കാൻ കഴിയാത്തതിനാൽ അതിൻറെ ഉപയോഗം തെളിയിക്കാൻ ഫ്ലെമിങ്ങിനു കഴിഞ്ഞില്ല.ഒക്സ്ഫഡിലെ വൈദ്യശാസ്ത്ര ഗവേഷകരായിരുന്ന ഏണസ്റ്റ് ചെയിനും ഹോവാർഡ് ഫ്ലോറിയും ഫ്ലെമിങ്ങിനു കഴിയാതിരുന്ന ദൗത്യം 1940 - ൽ പൂർത്തീകരിച്ചു. 1941 ലാണ് മനുഷ്യനിൽ ആദ്യമായി പെൻസിലിൻ പരീക്ഷിച്ചത്. ചെയിനും ഫ്ലോറിയും വികസിപ്പിച്ചെടുത്ത ശുദ്ധമായ പെൻസിലിൻ അലക്സാണ്ടർ ഫ്ലെമിങ് തന്നെയാണ് ലിംബർട്ടിൽ പരീക്ഷിച്ചത്. ഇടവിട്ടു പെൻസിലിൻ കുത്തിവെപ്പുകൾ നൽകപ്പെട്ട ലിംബർട്ട് മരണക്കിടക്കയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അതോടെ ആ വാർത്ത ലോകമെങ്ങും പ്രചരിച്ചു. മെനിഞ്ചൈറ്റീസ്, ന്യൂമോണിയ, സിഫിലിസ്, തുടങ്ങിയ അനേകം ബാക്ടീരിയ ജന്യമായ രോഗങ്ങളെ പ്രതിരോധിക്കുന്നതു കൊണ്ട് പെൻസിലിൻ ലോകപ്രശസ്തി നേടി. 1945 - ൽ ചെയിനും ഫ്ലോറിക്കുമൊപ്പം അലക്സാണ്ടർ ഫ്ലെമിങ് നൊബേൽ സമ്മാനം പങ്കിട്ടു.

ഇനി നമുക്ക് ജനസംഖ്യാവർദ്ധനവിലേക്ക് തിരിച്ചു വരാം.

ഉയർന്ന ജനനനിരക്കിനൊപ്പം ഉയർന്ന മരണനിരക്കും നിലനിന്നിരുന്നതുകൊണ്ടാണ് 1700 വരെ ജനസംഖ്യാ വർദ്ധനവ് നേരിയ തോതിൽ മാത്രം നില നിന്നിരുന്നത് എന്നു പറഞ്ഞല്ലോ. ആധുനിക വൈദ്യശാസ്ത്രമേഖലയിലുണ്ടായ, മേല്പറഞ്ഞ ‘പിതാക്കൻ’മാരുടെ സംഭാവനകളും തുടർന്നുമുണ്ടായ വളർച്ചയും 1900- 2000 കാലഘട്ടത്തിൽ മനുഷ്യരുടെ പ്രതീക്ഷിത ജീവിതദൈർഘ്യം ( Life Expectancy ) നല്ല തോതിൽ വർദ്ധിക്കാൻ കാരണമായി. ( ഇതുമാത്രമല്ല കെട്ടോ. സാനിറ്റേഷൻ, പൊതു ആരോഗ്യ സംവിധാനങ്ങൾ, ജനനനിയന്ത്രണം, ശുചിത്വം, വ്യവസായം, കൃഷി, പ്രകൃതിക്ഷോഭ പ്രവചനം തുടങ്ങിയ മേഖലകളിലുണ്ടായ ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യകളുടേയും വളർച്ചയും അവബോധവും ഇതിനു കാരണമായിട്ടുണ്ട്. ) 1700 കളിൽ 40 നു താഴെയുണ്ടായിരുന്ന ലൈഫ് എക്സ്പറ്റ‌ൻസി 1900 ആയതോടെ 50 ന് അടുത്തേക്കെത്തുകളും 2000 ത്തോടെ 66 – 67 ലേക്കെത്തുകയും ചെയ്തു. ഇനിയും അതുയരുമെന്നാണ് ഈ ഗ്രാഫ് നൽകുന്ന സൂചന. .

എങ്ങനെയുണ്ട്, ശാസ്ത്രം മനുഷ്യായുസ്സ് വർദ്ധിപ്പിച്ച കഥ ?!!

തയ്യാറാക്കിയത് : Kiran Kannan & Manoj V D Viddiman
---------------------------------------------------

ഗ്രാഫിനും വിവരങ്ങൾക്കും കടപ്പാട്.

വിവരസ്രോതസ്സുകൾ :

1. ആന്റണി വാൻ ല്യൂവൻ ഹോക്ക് >> https://en.wikipedia.org/wiki/Antonie_van_Leeuwenhoek

2. എഡേർഡ് ജന്നർ >> https://en.wikipedia.org/wiki/Edward_Jenner

3. ലൂയി പാസ്ചർ >> https://ml.wikipedia.org/…/%E0%B4%B2%E0%B5%82%E0%B4%AF%E0%B…

4. അലക്സാണ്ടർ ഫ്ലെമിങ്ങ് >> https://ml.wikipedia.org/…/%E0%B4%85%E0%B4%B2%E0%B4%95%E0%B…

5. ലൈഫ് എക്സ്പറ്റൻസി >> https://ourworldindata.org/life-expectancy/

6. മരുന്നുകളുടെ ചരിത്രം >> https://en.wikipedia.org/wiki/History_of_medicine

7. 7. ലോകജനസംഖ്യ >> https://en.wikipedia.org/wiki/World_population

------------------------------------------------------

No comments:

Post a Comment