Tuesday, March 12, 2019

നവകേരളനിർമ്മാണം - 3

---------------->>>>
സ്വയം കൊള്ളയടിക്കുന്ന ജനത. 
--------------- >>>>

സർക്കാർ ജീവനക്കാർ നടത്തുന്ന അഴിമതിയെ കുറിച്ചും സ്വജനപക്ഷപാതിത്വത്തെ കുറിച്ചും പരാതികളില്ലാത്ത കാലമുണ്ടായിട്ടില്ല കേരളത്തിൽ. ഈ മഹാപ്രളയത്തിനിടയിലും അത്തരം ചില വാർത്തകൾ കേൾക്കുന്നുമുണ്ട്. 

പക്ഷേ നമ്മുടെ ജനതയുടെ ധാർമ്മികത എത്രത്തോളമുണ്ട് ഈ വിഷയത്തിൽ ? 

പ്രളയത്തിൽ നാശനഷ്ടമുണ്ടായവർക്ക് നൽകുന്ന സഹായം വാങ്ങാൻ, പ്രളയജലം പൊങ്ങിയുയരുന്നത് കാണാൻ വിനോദയാത്ര പോയവർ വരെ അപേക്ഷിച്ചിട്ടുണ്ട് എന്നാണ് കേൾക്കുന്നത്. വീടിന്റെ നാലയലത്ത് പോട്ടെ, കിലോമീറ്ററുകൾക്കപ്പുറം വന്നു പോയവർ പോലും അപേക്ഷിച്ചിട്ടുണ്ടത്രെ. വാർഡിലെ ഭൂരിപക്ഷം നിർണ്ണയിക്കാവുന്നതിലധികം പേർ ഇക്കൂട്ടത്തിലുണ്ടാകും എന്നുള്ളതുകൊണ്ട് ഇത്തരക്കാർ അപേക്ഷ നൽകുന്നതിനോട് എതിരു പറയാൻ രാഷ്ട്രീയക്കാർക്കും വാർഡ് മെമ്പർമാർക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാകും. നാട്ടുകാരാനായ ഉദ്യോഗസ്ഥരാണ് ബി എൽ ഓ യും വില്ലേജ് ഓഫീസറുമെങ്കിൽ എങ്കിൽ ഏറിയും കുറഞ്ഞും ഇതേ ബുദ്ധിമുട്ട് അവരും അനുഭവിക്കുന്നുണ്ടാവണം. ‘സർക്കാരിന്റെ കാശല്ലേ, കിട്ടുന്നവർക്കൊക്കെ കിട്ടിക്കോട്ടെ’ എന്ന ‘ഉദാരസമീപനം’ ഉള്ളവരും ഉണ്ടാവും.

ഉദാരത കൊണ്ട് കുഴപ്പമൊന്നുമില്ലായിരുന്നു ; സർക്കാരിന് അത്രയും വരുമാനമുണ്ടായിരുന്നെങ്കിൽ. ( സർക്കാർ ഓരോ പൗരനും നിശ്ചിത തുക വീതം നൽകാം എന്ന തീരുമാനത്തെ വോട്ടെടുപ്പിലൂടെ നിരാകരിച്ച്, തങ്ങൾക്ക് വേണ്ട പണം തങ്ങൾ അദ്ധ്വാനിച്ച് കണ്ടെത്തിക്കോളാം എന്ന് തലയുയർത്തിപ്പിടിച്ച് പറഞ്ഞ ജനങ്ങൾ ഉള്ള രാജ്യവും ഈ ലോകത്തുണ്ട്) പക്ഷേ ഇവിടെ അതല്ല സ്ഥിതി. സ്വന്തം വീടും പുരയിടവും പണിയിടവും എല്ലാം ഈ മഹാദുരന്തത്തിൽ നഷ്ട്ടപ്പെട്ടു പോയ പതിനായിരങ്ങൾ ഒരു കൈത്താങ്ങിനായി കാത്തു നിൽക്കുകയാണ്. പാലങ്ങൾ, റോഡുകൾ, ഡാമുകൾ, പൊതുകെട്ടിടങ്ങൾ വൈദ്യുത ഉത്പാദന വിതരണ സംവിധാനങ്ങൾ തുടങ്ങിയ സർക്കാർ ആസ്തികളെല്ലാം തകർന്നടിഞ്ഞു കിടക്കുന്നു.

ഇതിനെല്ലാമിടയിലാണ് ദുരന്തം നേരിട്ടവർക്ക് പ്രാരംഭമായി ഒരു ചെറിയ ആനുകൂല്യമെന്ന നിലയിൽ ഈ വറുതിയിലും സർക്കാർ പതിനായിരം രൂപ നൽകുന്നത്. അത് തട്ടിപ്പറിക്കാനാണ് മഹാമോഷ്ടാക്കൾ യാതൊരു ഉളുപ്പുമില്ലാതെ അപേക്ഷ നൽകിയിരിക്കുന്നത്. ഇവരെ സമൂഹത്തിനു മുമ്പേ തുറന്നു കാട്ടിയേ മതിയാവൂ. അല്പമെങ്കിലും സാമൂഹ്യബോധവും ധാർമ്മികതയുമുള്ള എല്ലാ പൗരന്മാരും ഇവരെ ഒറ്റപ്പെടുത്തി തുറന്നു കാട്ടാൻ മുന്നോട്ടിറങ്ങണം. പ്രളയദുരിതം നേരിട്ടവർ പ്രത്യേകിച്ചും ഇത് ശ്രദ്ധിക്കണം. കാരണം, ഇത്തരം കുറുക്കന്മാർ ഇല്ലായിരുന്നെങ്കിൽ, സർക്കാരിന് നിങ്ങളെ പോലെ തീർത്തും അർഹരായവർക്ക് കൂടുതൽ സഹായം നൽകാൻ എളുപ്പമായിരിക്കും. കൃത്യമായും നിങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യമാണ് രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചും അല്ലാതെയും കൈക്കലാക്കാൻ ഇക്കൂട്ടർ ശ്രമിക്കുന്നത്.

അർഹതയില്ലാതെ അപേക്ഷിക്കുന്നവർക്ക് രണ്ടു വർഷം തടവ് നൽകുമെന്ന്
സർക്കാർ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇപ്പോൾ, ഈ തുടക്കത്തിൽ തന്നെ പുല്ലു തിന്നാൻ തുടങ്ങിയില്ലെങ്കിൽ അത് ഏട്ടിലെ പശുവായി ഒടുങ്ങാനേ ഇടയുള്ളു. അതുകൊണ്ട്, സർക്കാർ ഈ ഉത്തരവിന് ജീവൻ നൽകുന്ന വിധത്തിൽ തുടർനടപടികൾ സ്വീകരിക്കണം.

അനർഹർ ധാരാളമായി അപേക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതു കൊണ്ടായിരിക്കുമല്ലൊ സർക്കാർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. അനർഹർ അപേക്ഷിക്കുന്നുണ്ട് എന്ന് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അപേക്ഷിച്ച സമർപ്പിച്ചവരിൽ എത്ര ശതമാനം പേർ അനർഹരാണെന്ന ചില സാമ്പിൾ പരിശോധനകൾ നടത്തി സർക്കാർ അടിയന്തിരമായി കണ്ടെത്തണം. ആ കണ്ടെത്തലനിനുസരിച്ച് കുറഞ്ഞത് അത്രയും ശതമാനം അനർഹരായ അപേക്ഷകരുടെ പേരുകൾ ഓരോ വില്ലേജും റിപ്പോർട്ട് ചെയ്യണമെന്ന് റവന്യൂ ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെടണം. ( ഏകദേശം, പോലീസ് സ്റ്റേഷനുകൾക്ക് പെറ്റി കേസുകളിൽ ടാർജറ്റ് നൽകുന്നതു പോലെ ). ഒപ്പം, ഈ അനർഹർക്കെതിരെ വില്ലേജ് ഓഫീസർ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിവരങ്ങളും ആവശ്യപ്പെടാം.

നിലവിൽ ജോലിഭാരം കൊണ്ട് നടുനിവർത്താൻ നേരമില്ലാത്ത വില്ലേജ് ഓഫീസ് ജീവനക്കാർക്ക് ഇതൊരു അധികഭാരമാകും എന്നതിൽ സംശയമില്ല. പക്ഷേ അപേക്ഷകരുടെ വിവരങ്ങൾ കമ്പ്യൂട്ടർവൽക്കരിക്കുകയാണെങ്കിൽ ഇത് കുറയ്ക്കാൻ കഴിയും. ആദ്യം എല്ലാ അപേക്ഷകരുടേയും പേരു വിവരങ്ങൾ കമ്പ്യൂട്ടറിൽ ചേർക്കണം. പരിശോധനയിൽ, അനർഹരാണെന്ന് കണ്ടെത്തി, അത് രേഖപ്പെടുത്തുന്ന മുറയ്ക്ക് അത് അനർഹരായവരുടെ ഡാറ്റാ ബേസിലേക്ക് മാറ്റപ്പെടുകയും അനർഹമായി അപേക്ഷിച്ചതിന് നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങുകയാണെന്ന മെസ്സേജ് അപേക്ഷകന്റെ മൊബൈലിലേക്ക് തനിയെ അയക്കപ്പെടുകയും വേണം.

ഇതിനായി ഒരു സോഫ്റ്റ് വെയർ തയ്യാറാക്കാൻ സന്നദ്ധതയുള്ള മലയാളികളെ കണ്ടെത്താൻ ഒരു ബുദ്ധുമുട്ടുമുണ്ടാവില്ല. മൊബൈലിലൂടെയുള്ള നമ്മുടെ നിലവിളികൾ കേട്ട്, സാങ്കേതികവിദ്യയുടെ സഹായത്തോടെ നമ്മുടെ ലൊക്കേഷൻ കണ്ടെത്തി രക്ഷാസംഘങ്ങളെ അങ്ങോട്ടയച്ച മലയാളികൾ ലോകമെമ്പാടും ഉറങ്ങാതെയുണ്ടല്ലോ. ഈ സന്ദർഭത്തിൽ അപേക്ഷ പിൻവലിക്കാൻ തയ്യാറുള്ള അനർഹർക്ക് അതിനുള്ള അനുവാദം നൽകാവുന്നത് ആലോചിക്കാവുന്നതാണ്. അല്ലാത്തവരുടെ കാര്യത്തിൽ തുടർനടപടികൾ ഉണ്ടാവണം, അടിയന്തിരമായി വിചാരണ ചെയ്യപ്പെടണം, ശിക്ഷിക്കപ്പെടണം. ദുരിതാശ്വാസനിധി വിതരണം ചെയ്യപ്പെട്ടു തീരുന്നതുവരെ അതിനായി റവന്യൂ വകുപ്പിൽ താൽക്കാലീക അധിക നിയമനങ്ങൾ നൽകിയാൽ പോലും അത് നഷ്ടമാവില്ല.

ഒപ്പം തന്നെ, അപേക്ഷകരുടേയും , ആനുകൂല്യം ലഭിച്ചവരുടേയും അനർഹരുടേയും വിശദാംശങ്ങൾ ഓൺലൈനായി ഓരോ വില്ലേജ് ഓഫീസിൽ നിന്നും പ്രസിദ്ധീകരിക്കണം. ഉദ്യോഗസ്ഥർ ഉടക്ക് വെക്കുകയാണെങ്കിൽ, വിവരാവകാശനിയമം വഴി പ്രസ്തുത വിവരങ്ങൾ ശേഖരിച്ച് ഫേസ്ബുക്കിലും വാട്ട്സാപ്പിലും പ്രസിദ്ധീകരിക്കാൻ പൊതുപ്രവർത്തകർ മുന്നിട്ടിറങ്ങണം. ജനം ഇതെല്ലാം കാണട്ടെ, ചർച്ച ചെയ്യട്ടെ.

നന്മയും ധാർമ്മികതയുമെല്ലാം വ്യക്തിനിഷ്ഠമാണെങ്കിൽ പോലും, ഒരു സമൂഹവും ഉയർന്ന സാമൂഹ്യബോധവും ധാർമ്മികതയുമെല്ലാം സമൂഹത്തിന് സൃഷ്ടിച്ചെടുക്കാനും കഴിയും. അതൊരു ശീലമാക്കുക എന്നതാണ് വഴി.

പുതിയ കേരളത്തിൽ അഴിമതിയും സ്വജനപക്ഷപാതവും അന്യമാകട്ടെ. അധികാരികളിൽ നിന്ന് മാത്രമല്ല, ജനങ്ങളിൽ നിന്നും.

@Viddiman

No comments:

Post a Comment