Tuesday, March 12, 2019

ദീപാ നിശാന്തിന്റെ കവിതാമോഷണം

( 1) എഴുത്ത്, പേറ്റുനോവിനൊടുവിൽ പിറന്നു വീഴുന്ന കുഞ്ഞു തന്നെയാണ്.

കവിത മോഷ്ടിക്കപ്പെട്ടവൻ അനുഭവിക്കുന്നത് കുഞ്ഞ് നഷ്ടപ്പെട്ട അമ്മയുടെ വികാരമാണ്.

ആ ഇരയ്ക്കൊപ്പം നിൽക്കുക, നീതി വാങ്ങിക്കൊടുക്കുക മനുഷ്യരുടെ കടമ തന്നെ.

കവിത, കലേഷിന്റേതു തന്നെയാണെന്ന് വ്യക്തമാണ്. ദീപ നിശാന്ത് പോലും അത് നിഷേധിച്ചിട്ടുമില്ല. 

അതുകൊണ്ടു തന്നെ, 'അതെന്റെ കുഞ്ഞാണ്' എന്ന് കലേഷ് ഉറക്കെ കരഞ്ഞ നിമിഷം തന്നെ ദീപാ നിശാന്ത് കുഞ്ഞിന്റെ മാതൃത്വം വിട്ടുനൽകുകയായിരുന്നു ഭംഗി ; ആ കുഞ്ഞ് ഏത് സാഹചര്യത്തിൽ തന്റെ കൈയ്യിൽ വന്നു ചേർന്നതായാലും. അവരും ഒരെഴുത്തുകാരിയാണല്ലോ, അവരും പേറ്റുനോവ് അനുഭവിക്കുന്നവരാണല്ലോ.

താൻ ട്രാപ്പ് ചെയ്യപ്പെടുകയായിരുന്നു എന്ന് അവരിപ്പോൾ പറയുന്നത് വിശ്വസിക്കാനാണ് താല്പര്യം. ഇങ്ങനെയൊരു കവിത, ഇങ്ങനെയൊരു പുസ്തകത്തിൽ പ്രസിദ്ധീകരിച്ച് കിട്ടാവുന്നതിനേക്കാൾ പ്രശസ്തി ഇപ്പോഴേ അവർക്കുണ്ട്. അവരുടെ പുസ്തകങ്ങൾ തെറ്റില്ലാതെ വിറ്റു പോകുന്നുമുണ്ട്.

എങ്ങനെയാണ് താൻ കെണിയിൽ വീണതെന്ന് വ്യക്തമാക്കേണ്ടത് അവർ തന്നെയാണ്. കലേഷിന്റെ കുഞ്ഞിനെ കണ്ടെടുത്തിരിക്കുന്നത് തന്റെ ഉടമസ്ഥതയിൽ നിന്നാണ്, കുഞ്ഞിനെ തിരിച്ചു കൊടുത്ത് യഥാർത്ഥമോഷ്ടാവിനെ തുറന്ന് കാണിക്കേണ്ടത് തന്റെ തന്നെ ബാധ്യതയാണ് എന്നവർ തിരിച്ചറിയേണ്ടതുണ്ട്. അത് മറച്ചു പിടിക്കുന്നതിനു പിന്നിലെ വൈകാരീകത എന്തു തന്നെയായാലും, കവിത മോഷ്ടിക്കപ്പെട്ടവന്റെ വൈകാരികതയുടെ ആഴത്തോളം വരില്ല അത്.

(2). ഒരാളെ പൊങ്കാല നടത്താൻ കിട്ടിയാൽ അയാളെ കൊന്ന് കൊലവിളിച്ച് കുളിപ്പിച്ച് കിടത്തി പതിനാറടിയന്തിരം നടത്തി തിരിച്ചു പോകുന്നവരാണ് സൈബറിടത്തെ മലയാളികൾ. വിമർശനവിധേയമായ വിഷയം അവിടെ വിട്ട്, അയാളോട് തനിക്കുള്ള മുൻകാലകലിപ്പുകളെല്ലാം അപ്പോൾ ചൊരിഞ്ഞിടാനാണ് നാം ശ്രമിക്കുക. മലയാളിയുടെ ഒരു പ്രധാന ഒഴിവുനേര നേരമ്പോക്കാണ് ഈ പൊങ്കാലയിടയിൽ. സൈബറിടങ്ങളിലൂടെയും അല്ലാതെയും പ്രശസ്തരായ ഒരുപാട് പേർ ഇതിന് ഇരയാവാറുണ്ട്.

ഈ വിഷയം തന്നെ നോക്കൂ. കവിതാമോഷണമാണ് ഇവിടെ വിഷയം. പക്ഷേ പലരും പറയുന്നത് ദീപാനിശാന്തിന്റെ എഴുത്തിന്റെ പോരായ്മയെ കുറിച്ചും ഇഷ്ടപ്പെടാതെ അവരുടെ പുസ്തകങ്ങൾ വായിച്ചു വലിച്ചെറിഞ്ഞതിനെ കുറിച്ചുമാണ്. മറ്റു ചിലർ അവർ സീകരിച്ച രാഷ്ട്രീയനിലപാടുകളെ ചെളി തേക്കാൻ ഈ സന്ദർഭം ഉപയോഗിക്കുന്നു. പിന്നെ ചിലർ, അവർക്ക് അനർഹമായ പ്രശസ്തിയാണ് കിട്ടിയതെന്ന അഭിപ്രായം പങ്കു വെക്കാൻ ഈ അവസരം കണ്ടെത്തുന്നു. ഈ അഭിപ്രായങ്ങളെല്ലാം ഇപ്പോൾ പൊട്ടിമുളച്ചുണ്ടായതാണോ ? ഈ വിഷയത്തിൽ അതുകൾക്കുള്ള ബന്ധമെന്താണ് ? തുടങ്ങിയ ചോദ്യങ്ങളൊന്നും സ്വയം ചോദിക്കുകയുമില്ല. പ്രശസ്തി, സന്ദർഭങ്ങളുടെ സൃഷ്ടിയാണെന്നും, ആ സന്ദർഭങ്ങൾ പലപ്പോഴും അവിചാരിതമായി ഉടലെടുക്കുന്നവയാണെന്നും ഓർക്കില്ല.

വസ്തുതാപരവും ക്രിയാത്മകവുമായ വിമർശനങ്ങൾക്കു പകരം ഹിംസാത്മകമായ വാക്മർദ്ദനങ്ങൾ അഴിച്ചു വിട്ട് ആഹ്ലാദിക്കുന്നവരെ കൊണ്ട് ലോകത്തിനെന്തു പ്രയോജനം ?

@ Viddiman
 

No comments:

Post a Comment