Tuesday, March 12, 2019

കസ്റ്റഡി കൊലപാതകത്തിലെ പ്രതിയായ ഡി വൈ എസ് പി യുടെ ആത്മഹത്യ : പ്രതികൾ മാധ്യമങ്ങൾ

വാർത്തകൾക്കു പകരം വികാരം സംപ്രേഷണം ചെയ്യപ്പെടുമ്പോൾ : 

--------------------------

വാർത്താചാനലുകൾ എന്നാണ് കൊല്ലപ്പെടുന്നവരുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വികാരപ്രകടങ്ങൾ തത്സമയം സംപ്രേഷണം ചെയ്തു തുടങ്ങിയതെന്നറിയില്ല. എന്തായാലും ഇന്നത് സാധാരണമായിരിക്കുന്നു. മനസ്സിൽ കനലെരിയുന്നവരുടെ വൈകാരികത ആളിക്കത്തിച്ച് ആ തീ പകർത്തി സംപ്രേഷണം ചെയ്യുന്നത് ഇന്ന് ഉത്തരവാദിത്തപ്പെട്ട മാധ്യമധർമ്മത്തിന്റെ ദൃഷ്ടാന്തമത്രെ. തീരാനഷ്ടത്തിന്റെ തീവ്രനൊമ്പരത്തിൽ സകലതും മറന്ന് എന്തൊക്കെ പറയണമെന്നോ എങ്ങനെ പറയണമോ ആരോട് പറയണമെന്നോ അറിയാതെ, പലപ്പോഴും കേട്ടുകേൾവികൾ മാത്രം കേട്ട് വേവുന്ന മനുഷ്യരുടെ തൊണ്ടയിൽ കോലിട്ടു കുത്തിയുണർത്തി പ്രതിവികാരം പകർത്തി ലോകത്തേയ്ക്ക് വിടുന്നത് മാധ്യമനീതിയാകുമത്രെ.

ഒരാൾക്ക് തീരാനഷ്ടം സംഭവിച്ചിരിക്കുമ്പോഴല്ല ചെറ്റവർത്തമാനം ചോദിക്കേണ്ടത് എന്ന് ഈ കോമാളികളുടെ ചെപ്പക്കടിക്കാൻ ആരെങ്കിലുമൊരാളുണ്ടായെങ്കിൽ എന്നാശിച്ചു പോകുന്നു. അങ്ങനെയൊരാൾ ഇല്ലെങ്കിലും സമൂഹം ഇതിൽ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇനി അത് ഒരിക്കലും തിരുത്താനാവാത്ത ആചാരമായി രൂപപ്പെട്ടിട്ടുണ്ടെങ്കിൽ, മാധ്യമ പോരാളികളേ, ആത്മഹത്യ ചെയ്തയാളുടെ വേണ്ടപ്പെട്ടവർക്കും ഇടം കൊടുക്കൂ. അയാളുടെ ആത്മഹത്യയ്ക്ക് ആരാണ് ഉത്തരവാദി എന്ന് അവർ ആരോപിക്കുന്നവരെ ഉത്തരവാദിത്തബോധത്തോടെ സമൂഹത്തിനു മുമ്പിൽ കൊണ്ടു വരൂ.

എന്തേ പറ്റുന്നില്ലേ ?

'ദൈവനീതി നടപ്പായി' എന്നോ മറ്റോ ആണ് കൊല്ലപ്പെട്ടയാളുടെ ഭാര്യ പറഞ്ഞത്.

ആയിരിക്കാം. ദൈവത്തിന്റെ കാര്യം ദൈവത്തിനേ അറിയൂ.

പക്ഷേ കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്നത് ആധുനിക മനുഷ്യന്റെ നീതി അല്ല.

ആൾക്കൂട്ട വിചാരണയും മാധ്യമവിചാരണയും ആധുനീക മനുഷ്യന്റെ നീതി അല്ല.

വാർത്താ അവതാരകരെയല്ല സമൂഹം നീതി നിർവഹണത്തിന് നിയോഗിച്ചിരിക്കുന്നത്.

ഒരു മനുഷ്യൻ നൈമീഷീകമായ വൈകാരികതയ്ക്ക് അടിമപ്പെട്ട് ചെയ്യുന്ന കുറ്റകൃത്യം, അതേ വൈകാരിക തലത്തിൽ നിന്നു കൊണ്ട് തിരിച്ചു കൊടുക്കുന്നതല്ല മാനവീകത മുന്നോട്ടു വെക്കുന്ന നീതിബോധം. അയാളും ഒരു സമൂഹജീവിയാണെന്ന ബോധത്തോടെ, കുറ്റം ബോധ്യപ്പെടാനും ആയതിനു താൻ ശിക്ഷയനുഭവിക്കേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞ്, ശിക്ഷ സ്വീകരിച്ച്, ഇനിയൊരിക്കലും അത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടില്ലെന്ന ദൃഢനിശ്ചയത്തോടെ വീണ്ടും സമൂഹജീവിയായി ജീവിതം തുടരാനുമാണ് ശിക്ഷ . ആ കുറ്റകൃത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുകയെന്നതും മെച്ചപ്പെട്ട നീതിബോധത്തിന്റെ ഭാഗമാകും.

അത് ഏറ്റവും കൃത്യമായി, എറ്റവും വേഗത്തിൽ നിർവഹിക്കപ്പെടുന്നതിന് നീതിന്യായവ്യവസ്ഥയെ സഹായിക്കുകയാണ് മനുഷ്യരും മാധ്യമങ്ങളും ചെയ്യേണ്ടത്. സ്വയം നീതിപതി ചമയലും വിധിക്കലും അക്ഷന്ത്യവമായ പ്രശ്നങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കും.

ഈ ആത്മഹത്യ അതിനുള്ള ഉദാഹരണമായി കാണണം.

മനുഷ്യാവകാശ കമ്മീഷൻ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണം. വൈകാരികത വാർത്തയായി സംപ്രേഷണം ചെയ്ത് ആളുകളെ കൊലയ്ക്ക് കൊടുക്കുന്ന 'മാധ്യമധർമ്മം' നിയന്ത്രിക്കണം.

@ Viddiman
https://www.facebook.com/photo.php?fbid=10211851276419831&set=a.10200972055246101&type=3&theater

No comments:

Post a Comment