Tuesday, March 12, 2019

വനിതാ മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കരുതത്രെ !

വനിതാ മതിലിൽ കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന ആവശ്യത്തിനു പിന്നിൽ : 

-------------------------------------

The court issued the directive after advocate DB Binu argued that making children participate in programmes such as women wall violates the UN Convention on the Rights of the Child.Though state attorney KV Sohan asked the court to allow participation of children who are accompanied by parents or who voluntarily agree to participate, the court said children should not be present at the women’s wall.
(http://timesofindia.indiatimes.com/articleshow/67181934.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst)

കുട്ടികളുടെ അവകാശങ്ങൾക്കായുള്ള U N ചാർട്ടർ അനുസരിച്ച്, വനിതാ മതിൽ പോലുള്ള പരിപാടികൾ കുട്ടികളെ പങ്കെടുപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാകുമെന്ന് അഡ്വ. ഡി ബി ബിനു വാദിച്ചു. സ്വന്തം താല്പര്യപ്രകാരമോ രക്ഷിതാക്കൾക്കൊപ്പമോ പങ്കെടുക്കാൻ കുട്ടികളെ അനുവദിക്കണമെന്ന് സ്റ്റേറ്റ് അറ്റോർണി അഡ്വ. സോഹൻ ആവശ്യപ്പെട്ടെങ്കിലും വനിതാമതിലിൽ കുട്ടികൾ ഉണ്ടാവരുതെന്ന് കോടതി നിർദ്ദേശിച്ചു.

( ടൈംസ് ഓഫ് ഇന്ത്യ)

ഇങ്ങനെയൊരു റിപ്പോർട്ട് കണ്ടതുകൊണ്ട് ഈ പറഞ്ഞ U N ചാർട്ടർ തപ്പിയെടുത്ത് വായിച്ചു. മാതാപിതാക്കൾക്കൊപ്പം ഒരു പൊതുപരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് അവരുടെ അവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കാവുന്ന ഒരു വരി പോലും കണ്ടെത്താനായില്ല. നിയമഞ്ജരും മറ്റുള്ളവരും ഇത് വായിക്കണം, അത്തരത്തിലുള്ള വ്യവസ്ഥകൾ ഉണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാട്ടണം.

ലിങ്ക് >> https://www.ohchr.org/en/professionalinterest/pages/crc.aspx

മാത്രമല്ല, ഇതേ ചാർട്ടറിലെ

1. ആർട്ടിക്കിൾ ( 9) അനുസരിച്ച്, ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ഉത്തമതാല്പര്യത്തിന് ബോധ്യമുണ്ടെന്ന അടിസ്ഥാനത്തിൽ ജുഡിഷ്യൽ അധികാരമുള്ളവരല്ലാതെ ആരും കുട്ടിയുടെ താല്പര്യത്തിനു വിരുദ്ധമായി അവരെ മാതാപിതാക്കളിൽ നിന്ന് വേർതിരിക്കരുത്.

2. ആർട്ടിക്കിൾ (12) പ്രകാരം കുട്ടികളുടെ പ്രായത്തിനും പക്വതയ്ക്കുമനുസരിച്ച് അവർ സ്വതന്ത്രമായി പറയുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിക്കേണ്ടതും അവരെ സംബന്ധിച്ചുള്ള നിയമപരമോ ഭരണപരമോ ആയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് അവരെ കേൾക്കേണ്ടതുമാണ്.

3. ആർട്ടിക്കിൾ (15 ) അനുസരിച്ച് കുട്ടികൾക്ക് സമാധാനപരമായി സംഘം ചേരുന്നതിനും സംഘടനകൾ രൂപീകരിക്കുന്നതിനും അവകാശമുണ്ട്. സുരക്ഷാകാരണങ്ങളാലോ പൊതുതാല്പര്യം മുൻനിർത്തിയോ അല്ലാതെ ഈ അവകാശം പരിമിതപ്പെടുത്താനും പാടില്ല.

ഈ വകുപ്പുകൾ കോടതി കാണാതിരുന്നതെന്തുകൊണ്ടാണ് എന്നു മനസ്സിലാകുന്നില്ല.

കുട്ടികളെ വനിതാമതിലിൽ പങ്കെടുക്കുന്നത് വിലക്കണം എന്ന ആവശ്യത്തിലെ ദുഷ്ടലാക്ക് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. കുട്ടികൾ പങ്കെടുക്കുന്നത് തടഞ്ഞാൽ, വൈകീട്ട് അവർ സ്കൂൾ വിട്ടു വരുന്ന സമയത്ത് അവർ വീട്ടിൽ തനിച്ചായേക്കാവുന്ന കാര്യമോർത്ത് അമ്മമാരാരും മതിലിൽ പങ്കെടുക്കില്ല. 'കുട്ടികൾ' എന്നവരിൽ പിഞ്ചുകുട്ടികളും ഉൾപ്പെടും എന്നുള്ളതുകൊണ്ട്, സ്കൂളിൽ പോകാൻ പ്രായമെത്താത്ത കുഞ്ഞുങ്ങളുടെ അമ്മമാരും പങ്കെടുക്കില്ല. ഫലത്തിൽ, സംസ്ഥാനത്തെ നല്ലൊരു വിഭാഗം അമ്മമാരും മതിലിൽ പങ്കെടുക്കില്ല. വനിതാ മതിൽ പൊളിക്കാൻ ഇങ്ങനെ അമ്മമാരെ പരോക്ഷമായി തടഞ്ഞു നിർത്തിയാൽ മതിയല്ലോ. ഒന്നാന്തരം കുരുട്ടുബുദ്ധി തന്നെ.

ഈ വിഷയത്തിൽ അഡ്വ. ഹരീഷ് വാസുദേവൻ എഴുതിയ പോസ്റ്റ്. >>
https://www.facebook.com/harish.vasudevan.18/posts/10156912986387640

പ്രത്യേക ശ്രദ്ധയ്ക്ക് : മാധ്യമങ്ങളിൽ നിന്നുള്ള വിവരമനുസരിച്ചാണ് ഈ പോസ്റ്റ്. ഈ കേസിലെ ഇടക്കാല വിധി കണ്ടിട്ടില്ല. രക്ഷിതാക്കൾക്കൊപ്പവും കുട്ടികളെ പങ്കെടുപ്പിക്കരുത് എന്ന് കോടതി വിധിക്കുമെന്ന് വിശ്വാസമില്ല. ( പാസിങ്ങ് കമന്റ് പറഞ്ഞിരിക്കാം) പറഞ്ഞെങ്കിൽ തന്നെ അത് പൗരാവകാശനിഷേധവും കുട്ടികളുടെ അവകാശനിഷേധവുമാണെന്നതിൽ സംശയമില്ല. അതുകൊണ്ടു തന്നെ സംഘാടനത്തിലും അല്ലാതെയും മതിലിനോടുള്ള എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടു തന്നെ എന്റെ കുടുംബത്തോടൊപ്പം കുട്ടികളും വനിതാ മതിലിൽ പങ്കെടുക്കും.

@ Viddiman

No comments:

Post a Comment